Connect with us

International

വൈദ്യുതി തകരാര്‍: ഉക്രൈനില്‍ ആണവ റിയാക്ടര്‍ അടച്ചുപൂട്ടി

Published

|

Last Updated

കീവ്: ഇലക്ട്രിക്കല്‍ സംവിധാനത്തിലെ തകരാറിനെത്തുടര്‍ന്ന് അതിശക്തമായ ആണവ പ്ലാന്റിലെ ആറ് റിയാക്ടറുകളിലൊന്ന് ഉക്രൈന്‍ അടച്ചുപൂട്ടി. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് റിയാക്ടര്‍ അടക്കുന്നത്. പ്രദേശത്തെ അണുവികരണ തോത് സാധാരണനിലയിലാണെന്നും സ്റ്റേഷനിലെ മറ്റ് അഞ്ച് റിയാക്ടറുകളും പ്രശ്‌നങ്ങളില്ലാതെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സപോര്‍സിയ ആണവോര്‍ജ പ്ലാന്റിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. ആറാമത്തെ റിയാക്ടറുമായി ജനറേറ്ററിനുള്ള ബന്ധം വിച്ഛേദിച്ചതായും പ്ലാന്റ് അധിക്യതര്‍ വ്യകതമാക്കിയിട്ടുണ്ട്. ഇതേ പ്ലാന്റിലെ മൂന്നാമത്തെ റിയാക്ടറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചതിനാല്‍ ഈ മാസം ആദ്യം ഉക്രൈനില്‍ വൈദ്യുതി ക്ഷാമം നേരിട്ടിരുന്നു. യൂറോപ്പിലെ തന്നെ എറ്റവും വലുതും ലോകത്തിലെ ശക്തികൂടിയ പ്ലാന്റുകളില്‍ അഞ്ചാമത്തേതുമാണ് സപോര്‍സിയ പ്ലാന്റ്. 1984ലാണ് പ്ലാന്റിലെ ആദ്യത്തെ റിയാക്ടര്‍ പ്രവര്‍ത്തനം തുടങ്ങിയത്. രാജ്യത്തു വിതരണം ചെയ്യുന്ന വൈദ്യുതിയില്‍ 40 ശതമാനവും ഇവിടെനിന്നാണ് ഉത്പാദിപ്പിക്കുന്നത്.