Connect with us

Kerala

വള്ളുവനാടന്‍ കപ്പക്ക് വടക്കന്‍ മലബാറില്‍ പ്രിയമേറുന്നു

Published

|

Last Updated

കൊളത്തൂര്‍; വടക്കന്‍ മലബാറുകാരുടെ തീന്‍മേശകളിലേക്ക് വള്ളുവനാടന്‍ കപ്പ ലോറി കയറുന്നു. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലോഡ് കണക്കിന് കപ്പയാണ് നിത്യവും കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത്. വള്ളുവനാട്ടിലെ വെങ്ങാട്, മൂര്‍ക്കനാട്, കൊളത്തൂര്‍, എടയൂര്‍, പുലാമന്തോള്‍, പാങ്ങ് ഭാഗങ്ങളില്‍ നിന്നുള്ള കപ്പക്ക് ഈ നാടുകളില്‍ ഏറെ പ്രിയ മാണ്. കാഞ്ഞങ്ങാട്, ബന്തടുക്ക, നീലേശ്വരം, പയ്യോളി, നാദാപുരം, പേരാമ്പ്ര, വടകര ഭാഗങ്ങളിലേക്ക് ദിവസവും ലോഡ് കയറ്റി പോകുന്നുണ്ട്.

ദീവാന്‍ ഇനത്തില്‍പ്പെട്ട കപ്പയാണ് ഇവയിലധികവും. വേവ് കുറവും വളരെ മാര്‍ദവമേറിയതുമാണ് ഇത്. ഇതാണ് വള്ളുവനാടന്‍ കപ്പക്ക് ഡിമാന്‍ഡ് കൂടാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. അഞ്ച് മുതല്‍ പതിനൊന്ന് കിലോഗ്രാം വരെ തൂക്കം വരുന്ന കപ്പ ഒരു മുരടില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. കൃഷിയിടത്തില്‍ നിന്ന് മൊത്തവിലക്ക് പറിച്ചെടുത്ത് ജില്ലയിലെ വിവിധയിടങ്ങളില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നവരുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കുറഞ്ഞ വിലയാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കിലോഗ്രാമിന് ശരാശരി 20 രൂപയാണ് കപ്പയുടെ നാട്ടിലെ വില. എന്നാല്‍ കൃഷിയിടത്തില്‍ നിന്ന് മൊത്തവിലക്ക് അതിന്റെ പകുതി നിരക്കിലാണ് കച്ചവടക്കാര്‍ എടുക്കുന്നത്. കിലോഗ്രാമിന് 18 രൂപക്ക് നല്‍കിയിരുന്ന കപ്പ ഈ വര്‍ഷം ഏട്ട് രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഉണക്കിപ്പൊടിക്കാനായി മുമ്പ് തമിഴ്‌നാട്ടിലേക്കും ഇവിടെ നിന്ന് കപ്പ കയറ്റിയയച്ചിരുന്നു.
വെങ്ങാട് പ്രദേശത്തെ വയലുകളില്‍ ഏക്കര്‍ കണക്കിന് സ്ഥലത്താണ് കപ്പ കൃഷി ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുംഭമാസത്തില്‍ കൃഷിചെയ്ത കപ്പയാണ് ഇപ്പോള്‍ പറിച്ചെടുക്കുന്നത്. നനച്ചുണ്ടാക്കിയാണ് കര്‍ഷകര്‍ കപ്പകൃഷി ചെയ്യുന്നത്. കിലോഗ്രാമിന് 12 രൂപയെങ്കിലും ലഭിച്ചില്ലെങ്കില്‍ നഷ്ടം വരുമെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ട് പതിറ്റാണ്ടിലധികം പഴക്കമുണ്ട് വെങ്ങാട് നായര്‍പടിക്ക് സമീപത്തെ കപ്പകൃഷിക്ക്.