അതിശൈത്യം: യു പിയില്‍ മരണം 125

Posted on: December 29, 2014 12:02 am | Last updated: December 29, 2014 at 12:09 am

ലക്‌നോ: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം 25 പേര്‍ കൂടി മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് മാത്രം അതിശൈത്യത്തെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 125 ആയി. ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും അതിശൈത്യം തുടരുകയാണ്. അന്തരീക്ഷ താപനില ഇന്നലെ 2.6 ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നു. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. രാജസ്ഥാനിലെ പിലാനിയില്‍ താപനില 1.3 ഡിഗ്രിയായും ഡല്‍ഹിയിലെ നജാഫ്ഗഡില്‍ 2.1 ഡിഗ്രി സെല്‍ഷ്യസായും താഴ്ന്നു. കാണ്‍പൂരില്‍ 3.6 ഡിഗ്രി സെല്‍ഷ്യസും ലക്‌നോയില്‍ 4.9 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വ്യോമ, റെയില്‍, റോഡ് ഗതാഗതങ്ങള്‍ താറുമാറായി. ഇതുവരെ 55 വിമാന സര്‍വീസുകളും 70 ട്രെയിന്‍ സര്‍വീസുകളും മൂടല്‍ മഞ്ഞുമൂലം തടസ്സപ്പെട്ടു. മൂന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ ഡല്‍ഹിയില്‍ ഇറങ്ങാനാകാതെ വഴിതിരിച്ചുവിട്ടു.