Connect with us

Malappuram

കാളികാവില്‍ യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് സംഘര്‍ഷം: പോലീസ് ലാത്തിവീശി

Published

|

Last Updated

കാളികാവ്: കാളികാവില്‍ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും തമ്മില്‍ സംഘര്‍ഷമുണ്ടായി. ശനിയാഴ്ച വൈകുന്നേരം ഏഴരയോടെ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രടകടനത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസും പ്രകടനവുമായി കാളികാവ് ജംഗ്ഷനില്‍ എത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. സംഘര്‍ഷം രൂക്ഷമായതോടെ കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡും കാളികാവ് പോലീസും ചേര്‍ന്ന് ലാത്തി വീശി പ്രകടനക്കാരെ ഓടിച്ചു. രണ്ട് വിഭാഗവും കാളികാവ് അങ്ങാടിയില്‍ നിന്ന് ജംഗ്ഷനിലേക്ക് പ്രകടനമായി എത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്.
ജംഗ്ഷനില്‍ പരസ്പരം പോര്‍വിളിച്ച് ഇരു വിഭാഗവും മുഖാമുഖം നിന്നതോടെ പോലീസ് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാന്‍ തയ്യാറായില്ല. സംഘടനാ നേതാക്കളും പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ രംഗത്തെത്തി. ഇതിനിടെ രണ്ട് പ്രകടനങ്ങളും രണ്ട് ഭാഗത്തായി നിലയുറപ്പിച്ചു. പെട്ടെന്ന് കരുവാരകുണ്ട് റോഡില്‍ നിന്നും യൂത്ത് ലീഗിന്റെ പ്രകടത്തിനിടയിലേക്ക് ഒരു കാര്‍ കയറിയത് തര്‍ക്കത്തിന് കാരണമായി. ഇതിനിടെ സംഘട്ടനം നടക്കുകയാണെന്ന് കരുതി പോലീസ് ലാത്തി വീശുകയായിരുന്നു.
പോലീസ് ഏകപക്ഷീയമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പോലീസിന് എതിരെ മുദ്രാവാക്യം വിളിച്ചു. യൂത്ത് ലീഗ് പ്രസിഡന്റ് വി പി എ നാസര്‍, ലീഗ് പ്രവര്‍ത്തകരായ എ പി അബ്ദുട്ടി, പി മുസ്തഫ, കെ ടി അബ്ബാസ്, കെ റഹ്മത്തുള്ള തുടങ്ങിയവര്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നീലേങ്ങാടന്‍ മൂസ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജാഫര്‍ പൂങ്ങോട്, കെ പി ശ്രീഹര്‍ശ്, സിറാജ് വെള്ളയൂര്‍ തുടങ്ങിയവര്‍ നിയന്ത്രിച്ചു. വെള്ളിയാഴ്ച യൂത്ത് ലീഗ് മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ശനിയാഴ്ചയും സംഘര്‍ഷമുണ്ടായത്.