Connect with us

Kerala

മുക്കുന്നിമലയിലെ അനധികൃത ഖനനം: 40 പേര്‍ക്കെതിരെ വിജിലന്‍സ് കേസ്

Published

|

Last Updated

തിരുവനന്തപുരം: മുക്കുന്നിമലയില്‍ അനധികൃത ക്വാറി ഖനനവുമായി ബന്ധപ്പെട്ട് 40 പേര്‍ക്കെതിരേ വിജിലന്‍സ് കേസ്. പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ജെ രാജേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിജിലന്‍സ് എസ് പി ഇ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് കേടതിയില്‍ ഇതുസംബന്ധിച്ച എഫ് ഐ ആര്‍ സമര്‍പ്പിച്ചു. പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് രാകേഷ്, ആല്‍ബര്‍ട്ട്, പഞ്ചായത്ത് സെക്രട്ടറി നോയല്‍രാജ്, വില്ലേജ് ആഫീസര്‍ അജയ്കുമാര്‍ എന്നിങ്ങനെയാണ് കേസില്‍ യഥാക്രമം ഒന്നു മുതല്‍ നാല് വരെയുള്ള പ്രതികള്‍.
2010- 14 കാലയളവില്‍ പള്ളിച്ചല്‍ പഞ്ചായത്തിലെ സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ജില്ലാ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍, ക്വാറി ഉടമകള്‍ വരെ പ്രതിപ്പട്ടികയിലുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്ത് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. മുക്കുന്നിമലയില്‍ 35 ക്വാറികളും 15 ക്രഷര്‍ യൂനിറ്റുകളും ഒരു അനുമതിപത്രവും ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. 15 ക്വാറികള്‍ക്കും അഞ്ച് ക്രഷര്‍ യൂനിറ്റുകള്‍ക്കും അനുമതിയുണ്ടായിരുന്നെങ്കിലും വ്യാപകമായി ചട്ടലംഘനം നടത്തി.
മുക്കുന്നിമലയിലെ അനധികൃത ഖനനം കാരണം വ്യാപകമായ പ്രകൃതിനാശവും സര്‍ക്കാരിനു സാമ്പത്തിക നഷ്ടവുമുണ്ടായി. അംഗീകാരമുള്ള മുഴുവന്‍ ക്വാറികളും ലൈസന്‍സ് സമ്പാദിച്ചത് പള്ളിച്ചല്‍ പഞ്ചായത്തിന്റേയും ജില്ലാ ജിയോളജി വകുപ്പിന്റെയും വില്ലേജ് ഓഫീസിന്റെയും വഴിവിട്ട സഹായത്തോടെയാണെന്നാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്. റബ്ബര്‍ പ്ലാന്റേഷനായി മുക്കുന്നിമലയില്‍ നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപോയോഗിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തത് നിയമ ലംഘനമാണ്. പഞ്ചായത്തീരാജ് നിയമം, കേരളാ മൈനര്‍ മിനറല്‍സ് കണ്‍സന്‍സ് ആക്ട് എന്നിവ മുക്കുന്നിമലയില്‍ ലംഘിക്കപ്പെട്ടുവെന്ന് എഫ് ഐ ആറില്‍ പറയുന്നു. മെട്രോ, ഡെല്‍റ്റ, വീണ, കണ്ണന്താനം എന്നീ ക്വാറിക്കമ്പനികള്‍ ഇവിടെ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കയ്യേറി ഖനനം നടത്തിയതായി റിപോര്‍ട്ടില്‍ പറയുന്നു.
കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്നും വ്യാപകമായി കൈയേറ്റം നടത്തിയ ക്വാറികള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് വിജിലന്‍സ് ഡറക്ടര്‍ വിന്‍സന്റ് എം പോള്‍ അടുത്ത ദിവസങ്ങളില്‍ സര്‍ക്കാരിനു റിപോര്‍ട്ട് സമര്‍പ്പിക്കും. ഇത്രയുംപേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി എഫ് ഐ ആര്‍ സമര്‍പ്പിക്കുന്നത് വിജിലന്‍സിന്റെ നടപടിക്രമങ്ങളില്‍ അപൂര്‍വമാണ്. വന്‍ക്രമക്കേട് കണ്ടെത്തിയതിനാലാണ് എല്ലാ വകുപ്പുകളും ഒരുമിച്ച് ചേര്‍ത്ത് ഒറ്റ എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. പരിശോധനാ സംഘങ്ങളെ കടത്തിവിടാതെ പ്രവര്‍ത്തിച്ചിരുന്ന മുക്കുന്നിമലയില്‍ വന്‍ പോലീസ് സംഘത്തിന്റെ സഹായത്തോടെയാണ് വിജിലന്‍സ് സംഘം മാസങ്ങള്‍ക്ക് മുമ്പ് പരിശോധന നടത്തിയത്. 13 ഏക്കറോളം സര്‍ക്കാര്‍ ഭൂമി കൈയേറിയതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വ്യോമസേന ബഫര്‍ സോണായി പ്രഖ്യാപിച്ച മേഖലയിലും രണ്ട് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബഫര്‍സോണ്‍ പരിസരത്ത് നിന്ന് 900 മീറ്റര്‍ പരിധിയില്‍ ഖനനം നടത്തണമെങ്കില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ എന്‍ ഒ സി വേണമെന്നാണ് നിയമമെങ്കിലും ഇത് പാലിക്കപ്പെട്ടിരുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.