ജനശ്രീയുടെ പരിപാടിയില്‍ നിന്ന് വി എം സുധീരന്‍ വിട്ടുനിന്നു

Posted on: December 28, 2014 4:39 am | Last updated: December 27, 2014 at 11:40 pm

തിരുവനന്തപുരം: ജനശ്രീ മിഷന്റെ സംസ്ഥാന ക്യാമ്പ് ഉദ്ഘാടനത്തില്‍ നിന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ പിന്‍മാറി. പരിപാടിയുടെ ഉദ്ഘാടകനായ സുധീരന്‍ പങ്കെടുക്കില്ലെന്ന് സംഘാടകര്‍ തന്നെയാണ് അറിയിച്ചത്. വ്യക്തിപരമായ അസൗകര്യങ്ങള്‍ കൊണ്ടാണ് ചടങ്ങില്‍ നിന്ന് മാറിയതെന്നാണ് വിശദീകരണമെങ്കിലും ബാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിലെ പോരാണ് കാരണമെന്നാണ് സൂചന.
കഴിഞ്ഞ രണ്ട് ദിവസമായി സുധീരന്‍ പൊതുചടങ്ങുകളില്‍ ഒന്നും പങ്കെടുക്കുന്നില്ല. സ്വകാര്യ യാത്രകളുമായി ഒതുങ്ങിയിരിക്കുകയാണ്. മദ്യനയം പരിഷ്‌കരിച്ച സര്‍ക്കാര്‍ നടപടിയില്‍ കടുത്ത അതൃപ്തിയാണ് സുധീരനുള്ളത്. കഴിഞ്ഞ ദിവസം നടന്ന കെ കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. മദ്യനയം തിരുത്തിയതിനെതിരെ പരസ്യമായി പ്രതികരിച്ച സുധീരനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എ, ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. സുധീരനെതിരെ പരസ്യ നിലപാട് സ്വീകരിച്ച എ ഗ്രൂപ്പ് നേതാവ് എം എം ഹസനാണ് ജനശ്രീ മിഷന്റെ ചെയര്‍മാന്‍. ഹസന്റെ അധ്യക്ഷതയിലായിരുന്നു ഇന്നലത്തെ ക്യാമ്പ്. ഇതും സംസ്ഥാന ക്യാമ്പ് ഉദ്ഘാടനത്തില്‍ നിന്ന് പിന്മാറാന്‍ കാരണമായിട്ടുണ്ട്.
സുധീരനെതിരെ കടുത്ത നിലപാടുമായി എ ഗ്രൂപ്പ് രംഗത്തിറങ്ങിയതോടെയാണ് സുധീരന്‍ പൊതുപരിപാടികളില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കുന്നത്.