കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് ഫലപ്രദമല്ല: റിസര്‍വ് ബേങ്ക് ഗവര്‍ണര്‍

Posted on: December 28, 2014 4:17 am | Last updated: December 27, 2014 at 11:19 pm

raghuram rajanഉദയ്പൂര്‍: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന കേന്ദ്ര സര്‍ക്കാറിന്റെ പരിപാടി ഫലപ്രദമല്ലെന്നും, ഇത്തരം പദ്ധതികള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുള്ള വായ്പയുടെ ഒഴുക്ക് തടസ്സപ്പെടുത്തുമെന്നും റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) ഗവര്‍ണര്‍ രഘുറാം രാജന്‍. ‘ചില സംസ്ഥാനങ്ങളില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ നാം വായ്പ എഴുതിത്തള്ളാറുണ്ട്. ഇത് എത്രത്തോളം ഫലപ്രദമാണ്? കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുള്ള വായ്പയുടെ ഒഴുക്കില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതായാണ് പഠനങ്ങളില്‍ വ്യക്തമാക്കപ്പെട്ടത് ‘ – ഇന്ത്യന്‍ ഇക്കണോമിക് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കാര്‍ഷിക കടങ്ങളില്‍ അകപ്പെട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന അവസ്ഥയെ കുറിച്ച് ആരാഞ്ഞപ്പോള്‍, വളരെ പ്രധാനപ്പെട്ടതും വൈകാരികവുമായ ഈ വിഷയത്തില്‍ പഠനം ആവശ്യമാണെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ പറഞ്ഞു.
‘കാര്‍ഷിക മേഖലയിലെ കടബാധ്യത, കാര്‍ഷിക വായ്പ എഴുതിത്തള്ളാതെ മറ്റേത് വിധത്തില്‍ എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നതാണ് പ്രധാന പ്രശ്‌നം. ഇതുപോലെ തന്നെ പരിശോധനക്ക് വിധേയമാക്കേണ്ട വിഷയമാണ് കര്‍ഷകരുടെ ആത്മഹത്യ. ഔപചാരികമായ ബേങ്കിംഗ് സംവിധാനത്തെ കുറിച്ചും പഠിക്കണം’ – ആര്‍ ബി ഐ ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമുണ്ടായ ‘ഫൈലിന്‍ ‘ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങള്‍ നേരിട്ട ആന്ധ്രാപ്രദേശിലേയും തെലങ്കാനയിലേയും കര്‍ഷകരുടെ വായ്പകള്‍ ഇരു സര്‍ക്കാറുകളും എഴുതിത്തള്ളിയിട്ടുണ്ട്. എഴുതിത്തള്ളിയ വായ്പയുടെ 25 ശതമാനം വിഹിതം ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ ബേങ്കുകള്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. തെലങ്കാന സര്‍ക്കാര്‍ ഇത് പാലിച്ചപ്പോള്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഇതുവരെ ഈ വ്യവസ്ഥ പാലിച്ചിട്ടില്ലെന്ന് രഘുറാം രാജന്‍ പറഞ്ഞു. ഈ സംസ്ഥാനങ്ങളില്‍ ബേങ്കുകള്‍ 1.3 ലക്ഷം കോടി രൂപ വായ്പാ ഇനത്തില്‍ വിതരണം ചെയ്തിട്ടുണ്ട്.
2008ല്‍ യു പി എ സര്‍ക്കാറാണ് കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ -കടാശ്വാസ പദ്ധതി (എ ഡി ഡബ്ല്യു ഡി ആര്‍ എസ് ) പ്രഖ്യാപിച്ചത്. ഇതനുസരിച്ച് 3.69 കോടിയിലേറെ ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കും ഈ വിഭാഗത്തില്‍ പെടാത്ത 60 ലക്ഷം കര്‍ഷകര്‍ക്കും കടാശ്വാസം ലഭ്യമാക്കിയിട്ടുണ്ട്. 52,516 കോടി രൂപയുടെ ആശ്വാസമാണ് കര്‍ഷക സമൂഹത്തിന് ലഭ്യമാക്കിയതെന്നും ആര്‍ ബി ഐ ഗവര്‍ണര്‍ വ്യക്തമാക്കി.
ഈ പദ്ധതിക്ക് കീഴില്‍, കടാശ്വാസത്തിന് അര്‍ഹതയില്ലാത്ത ധാരാളം കര്‍ഷകര്‍ ആനുകൂല്യം നേടിയെടുത്തിട്ടുണ്ടെന്ന് സി എ ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അര്‍ഹതയുള്ളവര്‍ക്ക് നിഷേധിച്ചാണ് പലരും ആനുകൂല്യം നേടിയെടുത്തതെന്നും സി എ ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക മേഖലയിലെ സബ്‌സിഡിയെ കുറിച്ച് സംസാരിക്കവെ, ഈ ആനുകൂല്യം കര്‍ഷകര്‍ക്ക് തന്നെയാണ് ലഭിച്ചതെങ്കില്‍ അത് ഗുണകരമാണെന്നും രാജന്‍ പറഞ്ഞു.