Connect with us

Kerala

വാണിജ്യ നികുതി വളര്‍ച്ചാ നിരക്ക് താഴോട്ട്

Published

|

Last Updated

തിരുവനന്തപുരം: നടപ്പു സാമ്പത്തിക വര്‍ഷം ഏഴ് മാസം പിന്നിടുമ്പോഴും വാണിജ്യ നികുതി പിരിവ് വരുമാനവും പ്രതീക്ഷിത തുകയും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു. ഒക്‌ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം നികുതി വളര്‍ച്ചാ നിരക്ക് 13.5 ശതമാനത്തില്‍ നിന്ന് 11.95 ശതമാനത്തില്‍ എത്തി. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് ഒക്‌ടോബറില്‍ 203 കോടിയുടെ കുറവാണ് നികുതി വരുമാനത്തില്‍ രേഖപ്പെടുത്തിയത്.
വാണിജ്യ നികുതി വരുമാനത്തിന്റെ പ്രധാന മേഖലകളായ എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെ ഒമ്പത് ജില്ലകളിലും ഇക്കാലയളവില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് കുറഞ്ഞ നികുതി വരുമാനമാണ് ലഭിച്ചത്. നിലവിലെ സാഹചര്യത്തില്‍ വിപണിയിലെ വ്യാപാരത്തിനും വില വര്‍ധനക്കും ആനുപാതികമായി നികുതി വരുമാനം കുറഞ്ഞത് 25 ശതമാനമെങ്കിലും വര്‍ധിക്കേണ്ട കഴിഞ്ഞ മാസം ഇതിന്റെ പകുതി പോലും എത്താന്‍ പാടുപെടുന്ന അവസ്ഥയാണ് കണ്ടത്.
കോട്ടയം ഉള്‍പ്പെടെയുള്ള മലയോര ജില്ലകളില്‍ റബ്ബറിന്റെ വിലയിടിവ് കഴിഞ്ഞ മാസങ്ങളില്‍ നികുതി പിരിവിനെ പ്രതികൂലമായി ബാധിച്ചിരുന്നില്ലെന്നാണ് ഒക്‌ടോബറിനെ അപേക്ഷിച്ച് സെപ്തംബറിലെ 203 കോടിയുടെ അധിക വരുമാനം സൂചിപ്പിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലിയിടിവാണ് വാണിജ്യ നികുതി വരുമാനം കൊണ്ട് സംസ്ഥാന ഖജനാവ് നിറയ്ക്കുന്ന എറണാകുളം ജില്ലക്ക് തിരിച്ചടിയായത്. മറ്റു ജില്ലകളിലെ വരുമാനക്കുറവിന് ന്യായീകരണമായി ഇക്കാര്യം ചൂണ്ടിക്കാട്ടാന്‍ വകുപ്പിന് കഴിയില്ല. വ്യാപാരികള്‍ക്കും വന്‍കിടക്കാര്‍ക്കും അനധികൃതമായ ഇടപെടലുകളിലൂടെ നികുതിയിളവ് നല്‍കിയതാണ് വരുമാനത്തെ ബാധിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് നികുതി മേഖലയിലെ ക്ഷീണം കാരണമായിരുന്നുവെന്നാണ് പുറത്തുവന്ന കണക്കുകള്‍ ശരിവെക്കുന്നത്.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് മന്ത്രി കെ എം മാണിക്കെതിരെ ആരോപണമുന്നയിച്ച ബാര്‍ ഉടമ ബിജു രമേശ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ ഇതിന് അടിവരയിടുന്നതാണ്.
നികുതി ഇളവ് നല്‍കുന്നതിന് വേണ്ടി ക്വാറി, പെട്രോള്‍ പമ്പ് ഉടമകളില്‍ നിന്നുള്‍പ്പെടെ പലരില്‍ നിന്നും മന്ത്രി മാണി കൈക്കൂലി വാങ്ങിയെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍, സര്‍ക്കാറിന്റെ മദ്യനയം കാരണം വിദേശമദ്യ മേഖലയിലുണ്ടായ അരക്ഷിതാവസ്ഥയും ബാറുകള്‍ അടച്ചു പൂട്ടിയതുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് സ്ഥാപിക്കാനാണ് നികുതി- ധനകാര്യ വകുപ്പുകളും സര്‍ക്കാറും ശ്രമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാര്‍ കടുത്ത പ്രയാസത്തിലായതിനെ തുടര്‍ന്ന് നികുതി വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും ചില പൊടിക്കൈകള്‍ സ്വീകരിച്ചിരുന്നുവെങ്കിലും ഇത് ഫലം കണ്ടില്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് വിജിലന്‍സിന്റെ നേതൃത്വത്തില്‍ ചെക്‌പോസ്റ്റുകള്‍ പിടിച്ചെടുത്ത് പരിശോധിക്കുന്ന പദ്ധതി നടപ്പിലാക്കിയത്. താത്കാലികമായി ഇത് വിജയം കണ്ടിരുന്നുവെങ്കിലും പ്രായോഗികമായ ഏറെ തടസ്സങ്ങളുണ്ടെന്നതിനാല്‍ ഇത് തുടരാനായില്ല.
ചെക്‌പോസ്റ്റുകള്‍ വഴിയുള്ള നികുതി വെട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്ന് ഇത് തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 24 ചെക്‌പോസ്റ്റുകളാണ് ഇന്റലിജന്റ്‌സ് വിഭാഗം 32 മണിക്കൂര്‍ നേരത്തേക്ക് ഏറ്റെടുത്ത് പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ പതിവിന് വിപരീതമായി മൂന്നിരട്ടിയോളം നികുതിവരുമാനമാണ് വകുപ്പിന് ലഭിച്ചത്.
ഞായറാഴ്ച രാത്രി പത്ത് മുതല്‍ ചൊവ്വാഴ്ച രാവിലെ ആറ് വരെയാണ് 72 സ്‌ക്വാഡായി തിരിഞ്ഞ് പരിശോധന നടത്തിയത്. ഈ സമയത്തിനിടെ 4.67 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് 30.62 ലക്ഷം രൂപ പിഴയായി ഈടാക്കുകയും 372 കേസുകളെടുക്കുകയും ചെയ്തിരുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം