പൂതാടി പഞ്ചായത്ത് വിഭജനം: പൊതുജനാഭിപ്രായം തേടണമെന്ന് ആക്ഷന്‍ കമ്മിറ്റി

Posted on: December 28, 2014 5:21 am | Last updated: December 27, 2014 at 10:21 pm

കല്‍പ്പറ്റ: പൂതാടി പഞ്ചായത്ത് വിഭജിക്കുന്നത് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടണമെന്നും പൂതാടി വില്ലേജ് മുഴുവനായും പൂതാടി പഞ്ചായത്തില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ടുള്ള പഞ്ചായത്ത് വിഭജനമേ അനുവദിക്കു എന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അല്ലാത്ത പക്ഷം നിയമപരമായിതന്നെ പഞ്ചായത്ത് വിഭജനത്തെ നേരിടും. ശക്തമായ സമരപരിപാടികളും നടത്തും. അശാസ്ത്രീയമായ രീതിയിലാണ് പൂതാടി പഞ്ചായത്തിനെ വിഭജിച്ച് നടവയല്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇത് പഞ്ചായത്തിലെ താമസക്കാരായ ജനങ്ങളെ ദോഷകരമായി ബാധിക്കും. പൂതാടി ടൗണും പൂതാടി എന്ന പേരുപോലം ഇല്ലാതാകും. പൂതാടി വില്ലേജിലെ മുഴുവന്‍ ഭാഗങ്ങളും പൂതാടി പഞ്ചായത്തില്‍ ഉള്‍പ്പെടുത്തി മാത്രമേ വിഭജനം നടത്താവു എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വകുപ്പുമന്ത്രി, സ്ഥലം എം.എല്‍.എ. എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്നും ആക്ഷന്‍കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. കണ്‍വീനര്‍ കെ.എസ്. ഷാജി, ജോയിന്‍ കണ്‍വീനര്‍ എം.എന്‍. ഉണ്ണികൃഷ്ണന്‍, കെ.ആര്‍. ഗോപീദാസന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.