ജില്ലയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം തുടങ്ങാമെന്നത് വ്യാമോഹം: കെ എല്‍ പൗലോസ്

Posted on: December 28, 2014 4:19 am | Last updated: December 27, 2014 at 10:20 pm

കല്‍പ്പറ്റ: മാവോയിസ്റ്റുകള്‍ ജില്ലയിലെ ചില ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ നടത്തുന്ന ശ്രമങ്ങള്‍ വെറും വ്യാമോഹം മാത്രമാണെന്ന് ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ് പറഞ്ഞു.
ജില്ലയിലെ 18 ശതമാനത്തോളം വരുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനങ്ങളും എന്നും സൈ്വര്യജീവിതം ആഗ്രഹിക്കുന്നവരും അതിന് വേണ്ടി നിലകൊള്ളുന്നവരുമാണ് . 1960-കളുടെ അവസാനം ജില്ലയില്‍ വ്യാപകമായി ആരംഭിച്ച നക്‌സലൈറ്റ് പ്രസ്ഥാനം ചുരുങ്ങിയ കാലം കൊണ്ട് ഉന്മൂലനം ചെയ്യപ്പെട്ടത് ഈ കാരണം കൊണ്ടാണ്. മാവോയിസ്റ്റ് ആശയങ്ങളോട് ജില്ലയിലെ ആദിവാസികള്‍ക്കോ ജനങ്ങള്‍ക്കോ യാതൊരു ആഭിമുഖ്യവുമില്ല.
വനത്തോട് ചേര്‍ന്നുകിടക്കുന്ന ചില ഒറ്റപ്പെട്ട ആദിവാസി കോളനികളില്‍ കയറിപ്പറ്റി ഭീഷണിപ്പെടുത്തിയും, ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചും ചിലരെയെങ്കിലും കൂടെ നിര്‍ത്താന്‍ സാധിക്കൂമോയെന്നാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്. പരിമിതികളും പരാധീനതകളും ഉള്ളപ്പോഴും എന്നും മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കൊപ്പമാണ് ആദിവാസികള്‍ നിലകൊണ്ടിട്ടുള്ളത്. വിഘടന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കാലഘട്ടത്തിലും ആദിവാസികള്‍ സഹായം ചെയ്തിട്ടില്ല.
ഭീകരവും അക്രമോത്സുകവുമായ കുറ്റകൃത്യങ്ങളില്‍ ഒരു കാലഘട്ടത്തിലും വയനാട്ടിലെ ആദിവാസികള്‍ക്ക് പങ്കുണ്ടായില്ല. ഭൂവിതരണം ഉള്‍പ്പെടെയുള്ള ആദിവാസി മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. അത് ത്വരിതപ്പെടുത്തണം. വയനാട്ടില്‍ കാലാകാലങ്ങളായി നിലനിന്നുവരുന്ന സൈ്വര്യവും സമാധാനവുമുള്ള ജനജീവിതം താറുമാറാക്കുന്നതിന് വേണ്ടി മാവോയിസ്റ്റുകള്‍ നടത്തുന്ന ഹീനമായ ശ്രമങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണരണം. സാമൂഹ്യ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗങ്ങളിലെ മുഴുവന്‍ സംഘടനകളും നേതാക്കളും മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി അണിനിരക്കണം. ഇതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.