Connect with us

Palakkad

ഭാഷാത്മകത കൊണ്ടും കാല്‍പ്പനികതയാലും സമ്പന്നമായ മെഹറിന്റെ പാട്ടുകളെന്ന്

Published

|

Last Updated

കൊപ്പം: ആലാപനവും ആസ്വാദനവും എന്നതിലുപരി മാനവികതയുടെ അര്‍ത്ഥ തലങ്ങളിലേക്ക് സമൂഹത്തെ വഴി നടത്തുന്ന കാവ്യങ്ങളായിരുന്നു മെഹറിന്റെ മാപ്പിളപ്പാട്ടുകളെന്ന് തിരുവേഗപ്പുറയില്‍ നടന്ന മാപ്പിളപ്പാട്ട്‌സെമിനാര്‍ അഭിപ്രായപ്പെട്ടു.
തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്ത് ഗ്രാമോത്സവത്തിന്റെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയാണ് മെഹറിന്റെ കാവ്യപ്രപഞ്ചം എന്ന വിഷയത്തില്‍ മാപ്പിളപ്പാട്ട് സെമിനാര്‍ സംഘടിപ്പിച്ചത്. വണ്ടൂര്‍ ജലീലിന്റെ പ്രാര്‍ഥനാ ഗാനത്തോടയെയായിരുന്നു തുടക്കം. ഭാഷാത്മകത കൊണ്ടും കാല്‍പ്പനികതയാലും സമ്പന്നമായ മെഹറിന്റെ പാട്ടുകള്‍ സാധാരണക്കാര്‍ക്ക് പോലും മനസ്സിലാകത്തക്ക വിധം ലളിതമായിരുന്നുവെന്ന് കെ അബുബക്കര്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ചങ്ങമ്പുഴയുടെ സ്വാധീനം മെഹര്‍ കവിതകളിലൂടെ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു മാപ്പിളപ്പാട്ട് നിരൂപകന്‍ അബൂബക്കര്‍. വിപ്ലവവും പ്രണയവും ഇതിവൃത്തമാക്കി കഥാത്മകമായ കവിതയെഴുത്തായിരുന്നു മെഹര്‍ കവിതകളെന്നും അബൂബക്കര്‍ പറഞ്ഞു.
ലീഗ് രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് വന്ന മെഹര്‍ പാക്ക് വിഭജന കാലത്താണ് സോഷിലിസ്റ്റ് രാഷ്ട്രീയത്തിലേക്ക് ചേക്കേറിയത്. അധികാരമോഹികളും അവസരവാദികളുമായ രാഷ്ട്രീയക്കാരെ പോലെയുള്ള കൂടുമാറ്റമായിരുന്നില്ല ഇതെന്നും അധസ്ഥിതരോടും അഗതികളോടുമുള്ള സാമൂഹിക പ്രതിബദ്ധത കൊണ്ടു മാത്രമായിരുന്നു ഈ ചാഞ്ചാട്ടമെന്നുമാണ് സാഹിത്യനിരൂപകന്‍ എ പി അഹമ്മദിന്റെ അഭിപ്രായം. തിരൂരങ്ങാടി പിഎംഎസ്എസ്ഒ കോളേജ് ചരിത്ര വിഭാഗം പ്രൊഫസര്‍ ഡോ. കെ കെ മുഹമ്മദ്അബ്ദുസ്സത്താര്‍ ഫൈസല്‍ എളേറ്റില്‍, കാനേഷ് പൂനൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മാപ്പിളക്കലാ അക്കദമി ചെയര്‍മാന്‍ സി പി സൈതലവി ഉദ്ഘാടനം ചെയ്തു. സി പി മുഹമ്മദ് എം എല്‍ എ അധ്യക്ഷത വഹിച്ചു. മെഹറിന്റെ സമ്പൂര്‍ണ്ണ കൃതികളുടെ പ്രകാശനം എംഎല്‍എ നിര്‍വഹിച്ചു. തുടര്‍ന്ന് മാപ്പിളപ്പാട്ട് കവിയരങ്ങ് അലങ്കോട് ലീലാ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാപ്പിള കലാ അക്കാദമി വൈസ് ചെയര്‍മാന്‍ കെ അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് കവികള്‍ ഗാനാലാപനം നടത്തി. ഗ്രാമോത്സവം ഇന്ന് വൈകീട്ട് അഞ്ചിനു സമാപിക്കും.
സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സി പി മുഹമ്മദ് എം എല്‍ എ അധ്യക്ഷത വഹിക്കും.