Connect with us

Kasargod

കെ എം അഹ്മദ് പുരസ്‌കാരം അബ്ബാസിന്

Published

|

Last Updated

കാസര്‍കോട്: ദുബൈ മലബാര്‍ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ കെ എം അഹ്മദ് സ്മാരക പുരസ്‌കാരം സിറാജ് ഗള്‍ഫ് എഡിഷന്‍ എഡിറ്റര്‍ ഇന്‍ചാര്‍ജ് കെ എം അബ്ബാസിന്.
പ്രവാസ അനുഭവങ്ങള്‍ കഥകളിലൂടെയും കുറിപ്പുകളിലൂടെയും സമഗ്രമായി ആവിഷ്‌കരിച്ചതിനാണ് പുരസ്‌കാരമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 10001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയ പുരസ്‌കാരം മാര്‍ച്ച് ആദ്യവാരം കാസര്‍കോട്ട് നടക്കുന്ന പരിപാടിയില്‍ കെ എം അബ്ബാസിന് സമ്മാനിക്കും. പത്മശ്രീ ബി ആര്‍ ഷെട്ടി, കേരള- കര്‍ണാടക മന്ത്രിമാര്‍, എം എല്‍ എമാര്‍, രാഷ്ട്രീയ- വ്യവസായ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. കുമ്പള ആരിക്കാടി സ്വദേശിയായ കെ എം അബ്ബാസ് ഒട്ടകം, ശമാല്‍, മൂന്നാമത്തെ നഗരം തുടങ്ങിയ കഥാസമാഹാരങ്ങളും കാഴ്ച, കടല്‍ കടന്നപ്പോള്‍, സദ്ദാം ഹുസൈന്റെ അന്ത്യനാളുകള്‍ തുടങ്ങിയ കുറിപ്പുകളും പലായനം എന്ന ലഘുനോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ മീഡിയ കോ- ഓര്‍ഡിനേറ്റര്‍ കൂടിയാണ്. നിരവധി പുരസ്‌കാരങ്ങള്‍ ഇതിനു മുമ്പും അബ്ബാസിനെ തേടിയെത്തിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ റഹ്മാന്‍ ഉദുമ, സത്താര്‍ ആരിക്കാടി, അഷ്‌റഫ് കര്‍ള, ഖാലിദ് ബംബ്രാണ സംബന്ധിച്ചു.

Latest