Connect with us

Gulf

മുര്‍ശിദ് ബസാര്‍ നല്‍കുന്ന പാഠം

Published

|

Last Updated

വര്‍ഷങ്ങളായി മുര്‍ശിദ് ബസാറിന് വലിയ മാറ്റമില്ല. ചെറിയ കെട്ടിടങ്ങള്‍, ധാരാളം ഇടവഴികള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുടെ വിലപേശലുകള്‍, ഭാഷ ഏതായാലും ഒഴുക്കോടെ സംസാരിക്കുന്ന മലയാളികള്‍. അംബര ചുംബികളായ കെട്ടിടങ്ങളും വിശാലമായ റോഡുകളുമുള്ള ദുബൈ നഗരത്തിന്റെ മറ്റൊരു മുഖമാണ് മുര്‍ശിദ് ബസാര്‍.
ദുബൈ നഗരം പിറക്കുന്നതിന് മുമ്പ് മുര്‍ശിദ് ബസാറുണ്ട്. കടലിന്റെ കൈവഴി ദുബൈയെ രണ്ടായി ഭാഗിച്ചപ്പോള്‍ തന്നെ മുര്‍ശിദ് ബസാര്‍ ഉരുവം കൊണ്ടു. കടലിന്റെ കൈവഴിയിലൂടെ പത്തേമാരികള്‍ എത്തി. നങ്കൂരമിടാന്‍ സൗകര്യം നോക്കിയപ്പോള്‍ ദുബൈയുടെ മടിത്തട്ട് പോലെ മുര്‍ശിദ് ബസാര്‍. അതിന്റെ കരകളില്‍ പത്തേമാരികള്‍ വിശ്രമിച്ചു. യമനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമാണ് കൂടുതലായും അവ എത്തിയത്. ഉല്‍പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും ചെറിയ കടകള്‍ പിറവിയെടുത്തു.
“ബോംബെ”യില്‍ ശിവസേന മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തിയപ്പോള്‍ അവിടെയുള്ള മലബാരികളില്‍ പലരും ദുബൈയിലേക്ക് കപ്പല്‍ കയറി. തുണിത്തരങ്ങളും ഭക്ഷ്യ വസ്തുക്കളും ബോംബെയില്‍ നിന്നാണ് മുര്‍ശിദ് ബസാറില്‍ എത്തിയിരുന്നത്. അത് കൊണ്ട് മുര്‍ശിദ് ബസാറിനെക്കുറിച്ച് ബോംബെ മലയാളികള്‍ കേട്ടറിഞ്ഞിരുന്നു.
വടകരയിലെ എം കെ മുഹമ്മദ് അക്കൂട്ടത്തിലൊരാളാണ്. മുഹമ്മദിന് ബോംബെയില്‍ പേരി (വഴിയോരക്കച്ചവടം)ക്കച്ചവടമായിരുന്നു. ശിവസൈനികരുടെ ശല്യം കാരണം അദ്ദേഹവും ദുബൈയിലേക്ക് കപ്പല്‍ കയറി. മുര്‍ശിദ് ബസാറിന് സമീപം സബ്കയില്‍ ചില്ലറ ജോലികള്‍ ചെയ്തു. അപ്പോഴും പേരിക്കച്ചവടത്തിന്റെ ഓര്‍മകളിലാണ് ജീവിച്ചത്. മുര്‍ശിദ് ബസാറില്‍ ഒരു ചെറിയ കട തുടങ്ങണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.
മുര്‍ശിദ് ബസാറില്‍ അന്ന് നാലോ അഞ്ചോ തുണി(റെഡിമെയ്ഡ്)ക്കടകളേയുള്ളു. ബോംബെയിലെ ജീവിതത്തിനിടയില്‍ തുണിത്തര വല്‍പനയുടെ വിവിധ വശങ്ങളെക്കുറിച്ച് മുഹമ്മദിന് അറിയാമായിരുന്നു. മൊത്തവിതരണക്കാരെ പരിചയമുണ്ടായിരുന്നു.
1982ല്‍ അദ്ദേഹം അബു ഇസാം കമ്പനി എന്ന പേരില്‍ മുര്‍ശിദ് ബസാറില്‍ ഒരു കട തുടങ്ങി. ബോംബെയില്‍ നിന്ന് നവീന ഉല്‍പന്നങ്ങള്‍ കൊണ്ടുവന്നു. യമനികളും ഇറാനികളും ഉല്‍പന്നത്തിനുവേണ്ടി എത്തി.
കച്ചവടം വര്‍ധിച്ചപ്പോള്‍ ജീവനക്കാരെ കൂടുതലായി വേണ്ടതുണ്ടായിരുന്നു. ഒഞ്ചിയത്തെ ബാലനെ നാട്ടില്‍ നിന്ന് കൊണ്ടുവന്നു. അറബിയും ഇറാനിയും പഠിച്ചാലേ ആശയ വിനിമയം പൂര്‍ണാകു എന്ന് മനസിലാക്കിയ ജീവനക്കാര്‍ കണ്ണും കാതും മനസും തുറന്നു വെച്ചു. വിവിധ ഭാഷകള്‍ സംസാരിക്കാന്‍ ശ്രമിച്ചു.
സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ അവിടങ്ങളില്‍ നിന്ന് ധാരാളം പേര്‍ റൂബിള്‍ കറന്‍സിയുമായി എത്തി. അതോടെ മുര്‍ശിദ് ബസാറിലെ മലയാളികള്‍ റഷ്യന്‍ ഭാഷ പഠിച്ചു. ഭാഷകള്‍ ഏറ്റവും വഴങ്ങുന്നത് മലയാളികളാണെന്ന് കണ്ട്, ഇറാനികളും സ്വദേശികളും മലയാളികളെ ജോലിക്കായി നിയോഗിച്ചു. കടകള്‍ പെരുകുന്നതിനനുസരിച്ച് മലയാളികള്‍ വര്‍ധിച്ചു.
ജീവനക്കാരായ ചിലര്‍ കഠിനാധ്വാനത്തിലൂടെ സ്വന്തം സ്ഥാപനങ്ങള്‍ തുടങ്ങി. അവരും പച്ച പിടിച്ചു.
എം കെ മുഹമ്മദ് നാട്ടില്‍ നിന്ന് മക്കളെയും കൊണ്ടുവന്നു. ഷാനവാസ്, നൗഷാദ്, നിസാര്‍ തുടങ്ങിയവര്‍ വ്യാപാരം ഏറ്റെടുത്തു. നൗഷാദിനാണ് അബു ഇസാമിന്റെ നടത്തിപ്പ് ചുമതല ഒഞ്ചിയത്തെ ബാലന്റെ മകന്‍ സന്തോഷും പിതാവിന്റെ വഴിയേ ജീവനക്കാരനായി അബു ഇസാമിലെത്തി. ബഹ്‌റൈനിലായിരുന്ന പയ്യോളി തട്ടാടത്ത് ഗോപി ദുബൈയിലെത്തിയപ്പോള്‍ നേരെ പോയത് മുഹമ്മദിന്റെ കടയിലേക്ക്, 24 വര്‍ഷമായി ഗോപി മുഹമ്മദിന്റെ ജീവനക്കാരനാണ്.
കാസര്‍കോട് മൊഗ്രാല്‍ സ്വദേശി അബ്ദുല്ല സ്പിക് ജനറല്‍ ട്രേഡിംഗ് തുടങ്ങിയിട്ട് 30 വര്‍ഷത്തോളമായി. പാദരക്ഷകളുടെയും ഗാര്‍മെന്റ്‌സിന്റെയും മൊത്ത വിതരണക്കാരാണ് സ്പിക്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നു. വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കപ്പെടുന്നു. ഏതാനും വര്‍ഷം മുമ്പ് സോവിയറ്റ് നാടുകളില്‍ നിന്ന് ധാരാളം പേര്‍ എത്തിയിരുന്നു. ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഏറെയും. ഓരോ കാലത്ത് ഓരോരോ മേഖലയില്‍ നിന്ന് മുര്‍ശിദ് ബസാറിന്റെ പെരുമ തേടി എത്തിയിട്ടുണ്ട്. അവരൊക്കെ അവരുടെ ഭാഷയുമായാണ് വരുക. അത് മുര്‍ശിദ് ബസാറിലെ വ്യാപാരികള്‍ക്ക് കൈമാറും.
ഇപ്പോള്‍ ഫ്രഞ്ചു ഭാഷയാണ് പഠിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫ്യൂച്ചര്‍ പ്ലാസ ജനറല്‍ ട്രേഡിംഗ് ഉടമ കാസര്‍കോട് തളങ്കര സ്വദേശി മുഹമ്മദ് ശമീര്‍. മുര്‍ശിദ് ബസാറിലെ പുതിയ തലമുറയിലെ വ്യാപാരിയാണ് സമീര്‍. റഷ്യന്‍ ഭാഷ അനായാസമായി സംസാരിക്കും. മുര്‍ശിദ് ബസാറില്‍ നിന്നുള്ള അനുഭവ പാഠങ്ങളുമായി ശമീര്‍ നൈഫ് റോഡിലെ സറൂനി മസ്ജിദിന് പിറകുവശത്തേക്ക് കുടി വ്യാപാര സ്ഥാപനം വര്‍ധിപ്പിച്ചു. ഗൃഹോപകരണങ്ങളില്‍ സ്വന്തം ബ്രാന്‍ഡ് തുടങ്ങി. മറ്റൊരു കാസര്‍കോട് സ്വദേശി അസ്‌ലം പടിഞ്ഞാര്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും അയച്ചു തുടങ്ങി.
18 ഓളം ഭാഷകള്‍ അറിയുന്ന മലയാളിയും മുര്‍ശിദ് ബസാറിലുണ്ട്. ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ വരുന്നവരോട് അവരുടെ ഭാഷയില്‍ ആശയ വിനിമയം നടത്തിയാല്‍ ദീര്‍ഘകാല സൗഹൃദം സ്ഥാപിക്കാന്‍ കഴിയും.
ലോകത്തിലെ ഏത് ഉല്‍പന്നവും കുറഞ്ഞ വിലക്ക് ലഭ്യമാകുമെന്നതാണ് മുര്‍ശിദ് ബസാറിന്റെ സവിശേഷത. സമീപത്തു തന്നെ ഗോള്‍ഡ് സൂഖ് ഉള്ളതിനാല്‍ മുര്‍ശിദ് ബസാറില്‍ തിരക്കൊഴിഞ്ഞ നേരമില്ല. വാടക വര്‍ധിക്കുന്നതാണ് വ്യാപാരികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഉപരോധം കാരണം ഇറാനുമായുള്ള വ്യാപാര ബന്ധം കുറഞ്ഞതും ആഘാതം. എന്നാലും മിക്കവരും വര്‍ഷങ്ങളായി ഒരേ സ്ഥലത്താണ് വ്യാപാരം നടത്തുന്നത്. സ്‌പോണ്‍സര്‍മാര്‍ക്കും മാറ്റമില്ല.
അതിജീവനത്തിന്റെ മഹത്തായ മാതൃകയായി ഇവിടത്തെ “മലബാരി”കള്‍ മാറുമ്പോഴും മിക്കവരും വന്ന വഴി മറന്നില്ല. ഈയിടെ യു എ ഇ ദേശീയദിനം വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഒരുമിച്ച് കെങ്കേമമാക്കി. നാട്ടില്‍, ആരെയെങ്കിലും സഹായിക്കാനുണ്ടെങ്കില്‍ അതിനും ഒരുമയുണ്ട്. മുര്‍ശിദ് ബസാറിന്റെ ജൈവ സ്വഭാവത്തില്‍ നിന്നാണ് ജീവകാരുണ്യത്തിന്റെ ഉറവ അവര്‍ക്ക് ലഭിച്ചത്.
മുര്‍ശിദ് ബസാര്‍ എല്ലാം കൊണ്ടും മറ്റൊരു ലോകമാണ്.