പിഴ വര്‍ധിപ്പിച്ചു; അപേക്ഷാ നിരക്കും

Posted on: December 27, 2014 5:42 pm | Last updated: December 27, 2014 at 5:42 pm

ദുബൈ: തൊഴില്‍ നിയമലംഘനത്തിനുള്ള പിഴയും മന്ത്രാലയത്തിലേക്കുള്ള അപേക്ഷകളുടെ നിരക്കും വര്‍ധിപ്പിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തുമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
വിദേശങ്ങളില്‍നിന്നും തൊഴിലാളികളെ കൊണ്ടുവന്നാല്‍ 60 ദിവസത്തിനകം അവര്‍ക്കു തൊഴില്‍ കരാര്‍ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഇതില്‍ വീഴ്ചവരുത്തുന്ന തൊഴിലുടമക്കു വൈകിപ്പിക്കുന്ന ഓരോ മാസത്തിനും 500 ദിര്‍ഹം പിഴ ചുമത്തും. തൊഴില്‍ പെര്‍മിറ്റുകള്‍ 60 ദിവസത്തിനകം പുതുക്കാത്തവര്‍ക്കും സമാന തുകയായിരിക്കും പിഴ. മിഷന്‍ വിസകളില്‍ രാജ്യത്തു പ്രവേശിക്കുന്ന തൊഴിലാളിയുടെ വിസാ പ്രക്രിയകള്‍ വൈകിച്ചാല്‍ 100 ദിര്‍ഹമാണു പിഴ. കാലാവധി തീര്‍ന്ന് ഏഴു ദിവസത്തിനകം പുതുക്കാത്ത വിസകളുടെ പേരിലുള്ള പിഴ ഓരോ ദിവസത്തിനും 100 ദിര്‍ഹമായിരിക്കും.
സ്വദേശിവല്‍കരണം കമ്പനികളുടെ ബാധ്യതയാണ്. ഈ നിയമം മറികടക്കാന്‍ മറുവഴികള്‍ തേടുന്നവര്‍ക്കും നാമമാത്ര സ്വദേശിവല്‍കരണം നടത്തുന്നവര്‍ക്കും പിഴ 20,000 ദിര്‍ഹമായിരിക്കും. രേഖകളില്‍ സ്വദേശിവല്‍കരണം വ്യക്തമാക്കുകയും എന്നാല്‍ നിയമനം നല്‍കാതിരിക്കുകയും ചെയ്യുന്നവര്‍ക്കും 20,000 ദിര്‍ഹമാണു പിഴ.
തൊഴിലാളികളെ വേതന സുരക്ഷാപദ്ധതിയുടെ പരിധിയിലാക്കണമെന്നാണു മന്ത്രാലയ ചട്ടം. ഈ നിയമം പാലിക്കാതിരിക്കാന്‍ വ്യാജ വിവരങ്ങള്‍ നല്‍കി മന്ത്രാലയത്തെ കബളിപ്പിക്കുന്നവര്‍ക്ക് ഓരോ തൊഴിലാളിയുടെ പേരിലും 5000 ദിര്‍ഹം തൊഴിലുടമ പിഴയടക്കേണ്ടി വരും.
ഇത്തരം കമ്പനികളില്‍ തൊഴിലാളികള്‍ കൂടുതലുണ്ടെങ്കില്‍ അരലക്ഷം ദിര്‍ഹം വരെ പിഴയിനത്തില്‍ ഈടാക്കാമെന്നു പുതിയ ഉത്തരവിലുണ്ട്.
വേതന സുരക്ഷാനിയമം പദ്ധതിയില്‍ പങ്കാളികളായ തൊഴിലാളികള്‍ക്കു 60 ദിവസത്തിനകം വേതനം കുടിശികയാക്കിയാലും മന്ത്രാലയം പിഴ ചുമത്തും. 5000 ദിര്‍ഹം മുതല്‍ 50000 ദിര്‍ഹം വരെയാണു വേതനം വൈകിപ്പിക്കുന്ന കമ്പനികള്‍ക്കുള്ള പുതിയ പിഴശിക്ഷ. പദ്ധതിയില്‍ ഭാഗഭാക്കാകാത്ത സ്ഥാപനങ്ങള്‍ക്കു 10,000 ദിര്‍ഹമാണു പിഴ ലഭിക്കുക.
തൊഴിലാളികള്‍ക്കു തൊഴില്‍ സുരക്ഷ നല്‍കാത്ത കമ്പനികള്‍ക്കും ഇതേ തുകയാണു പിഴ. തൊഴിലാളികള്‍ മരണപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്താല്‍ രേഖാമൂലം മന്ത്രാലയത്തെ അറിയിക്കാത്ത തൊഴിലുടമകള്‍ക്കും പിഴ പതിനായിരമാണ്.
തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ വ്യാജരേഖകളില്‍ ഒപ്പുവക്കുന്ന തൊഴിലുടമകള്‍ക്കും മന്ത്രാലയത്തിന്റെ പിഴയുടെ പിടിവീഴും. 5000 ദിര്‍ഹമാണു ഈ നിയമലംഘനത്തിനുള്ള ശിക്ഷ നിശ്ചയിച്ചത്.
തൊഴിലാളികള്‍ക്കു മതിയായ സൗകര്യങ്ങള്‍ ഒരുക്കാതെ താമസയിടങ്ങള്‍ തട്ടികൂട്ടുന്നവര്‍ക്കുള്ള പിഴ 20,000 ദിര്‍ഹമാണ്. വിദേശങ്ങളില്‍നിന്നു തൊഴിലാളികളെ കൊണ്ടുവന്നശേഷം രണ്ടുമാസത്തിലധികം നിയമനം നല്‍കാത്ത കമ്പനികള്‍ക്കും പിഴ ലഭിക്കും. വിസാ ചെലവുകള്‍ തൊഴിലാളികളില്‍നിന്നും ഈടാക്കുന്ന കമ്പനികള്‍ക്കും മന്ത്രാലയം പിഴ ചുമത്തും.
തൊഴിലാളികളില്‍നിന്നു നേരിട്ടു വാങ്ങാതെ വേതനത്തില്‍നിന്നും പ്രതിമാസം പിടിച്ചെടുത്താലും 5000 ദിര്‍ഹമാണു മന്ത്രാലയ പിഴ.തൊഴില്‍തര്‍ക്ക കേസുകളിലോ മറ്റോ ഉള്‍പ്പെടുന്നവരോടു മന്ത്രാലയത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാല്‍ നിശ്ചിത ദിവസവും സമയവും പാലിച്ചു ഹാജരായിരിക്കണം. മന്ത്രാലയത്തിന്റെ ആവശ്യം നിരാകരിക്കുന്നവര്‍ക്കും 20,000 ദിര്‍ഹമാണു പിഴ. തൊഴിലാളികളെ ജോലിയില്‍നിന്നും തടയാന്‍ വ്യാജ പരാതി നല്‍കുന്നവര്‍ക്കും ഇതേ തുക പിഴ ലഭിക്കും.