എം എല്‍ എമാരുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനെ കടത്തിവെട്ടി ബി ജെ പി

Posted on: December 27, 2014 2:55 pm | Last updated: December 27, 2014 at 11:15 pm

bjp logoന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി രാജ്യത്തുടനീളം കോണ്‍ഗ്രസിനേക്കാള്‍ എം എല്‍ എമാരുള്ളത് ബി ജെ പിക്ക്. പ്രാദേശിക തലത്തില്‍ ശ്രദ്ധയൂന്നിയ ബി ജെ പി ഇപ്പോള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
അശോക് യൂനിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ ഡാറ്റ പ്രകാരം, 1961 മുതല്‍ ഇതാദ്യമായി കോണ്‍ഗ്രസ് എം എല്‍ എമാരുടെ കാര്യത്തില്‍ പിന്നിലായി. ബി ജെ പിക്ക് 1058 എം എല്‍ എമാരുള്ളപ്പോള്‍ കോണ്‍ഗ്രസ് 949ല്‍ ഒതുങ്ങി. ഇത് രണ്ടും ചരിത്രമാണ്. ഇതിന് മുമ്പ് ഒരിക്കലും ബി ജെ പിക്ക് ആയിരം എം എല്‍ എമാര്‍ പൂര്‍ത്തിയായിട്ടില്ല. 1977, 1979 വര്‍ഷങ്ങളില്‍ അല്ലാതെ കോണ്‍ഗ്രസ് ആയിരത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടുമില്ല. എന്നാല്‍ ഇത്തവണത്തേതാണ് ഏറ്റവും കുറവ്. വടക്കേന്ത്യയില്‍ ബി ജെ പി അടക്കിവാഴുകയാണ്. പടിഞ്ഞാറ് കോണ്‍ഗ്രസിന്റെ ഇരട്ടിയും കിഴക്ക് കോണ്‍ഗ്രസുമായി ഇഞ്ചോടിഞ്ചുമാണ്. വടക്കു കിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കമെങ്കിലും തെക്കന്‍ മേഖലയില്‍ ചുരുങ്ങിയിട്ടുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങളിലുള്ള തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വല്ലാതെ ചുരുങ്ങുമെന്ന് സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപിംഗ് സൊസൈറ്റീസ് ഡയറക്ടര്‍ പ്രൊഫ. സഞ്ജയ് കുമാര്‍ നിരീക്ഷിക്കുന്നു. 2016ല്‍ ഉത്തര്‍ പ്രദേശ്, അസം നിയമസഭാ തിരഞ്ഞെടുപ്പുകളുണ്ട്. 2018ല്‍ കര്‍ണാടകയിലും. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ഒരു പ്രധാന സംസ്ഥാനത്തും കോണ്‍ഗ്രസ് ഭരണത്തിലുണ്ടാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുക മാത്രമല്ല കോണ്‍ഗ്രസിന്റെ പ്രശ്‌നം. മഹാരാഷ്ട്രയില്‍ മൂന്നും നാലും സ്ഥാനത്താണ് കോണ്‍ഗ്രസ് കാണപ്പെട്ടത്. ഏതാനും വര്‍ഷം മുമ്പ് ഉടലെടുത്ത ശക്തമായ കോണ്‍ഗ്രസ്‌വിരുദ്ധ, ഉദ്യോഗസ്ഥവിരുദ്ധ മനോഭാവം ആദ്യം സംസ്ഥാനങ്ങളിലെ ഭരണ നഷ്ടത്തിലും ഒടുവില്‍ രാജ്യഭരണ നഷ്ടത്തിലും കലാശിച്ചു. അതിപ്പോഴും തിരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിക്കുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് സന്ദീപ് ദീക്ഷിത് ചൂണ്ടിക്കാട്ടുന്നു. ഛത്തീസ്ഗഢിലേയോ മധ്യപ്രദേശിലേയോ ബി ജെ പി സര്‍ക്കാറുകള്‍ തിരഞ്ഞെടുപ്പ് വിജയത്തിന് ഉത്സാഹിക്കുന്നത് പോലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്യുന്നില്ല. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതിനാല്‍ പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുന്നില്ല. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ജമ്മു ലേ മേഖലകളില്‍ ബി ജെ പി ദുര്‍ബലമായിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ ഉത്സാഹിച്ചു. അദ്ദേഹം പറയുന്നു. കര്‍ണാടക, കേരള, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, വടക്കുകിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് ഭരണമുള്ളത്.

ALSO READ  ശഹീന്‍ബാഗ് സമരത്തിലുണ്ടായിരുന്ന 50 പേര്‍ ബി ജെ പിയില്‍; സമരം ബി ജെ പിയുടെ തന്ത്രമെന്ന് എ എ പി