സുരക്ഷാപ്രശ്‌നം: പുതുവര്‍ഷം മുതല്‍ സിവില്‍ സ്റ്റേഷനില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് നിയന്ത്രണം

Posted on: December 27, 2014 12:38 pm | Last updated: December 27, 2014 at 12:38 pm

പാലക്കാട്: ജനുവരി ഒന്നു മുതല്‍ സിവില്‍സ്‌റ്റേഷനുള്ളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. അനധികൃത പാര്‍ക്കിങ്ങിനു പുറമേ സുരക്ഷാപ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്താണ് നടപടി. സിവില്‍ സ്‌റ്റേഷന്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്നവരുടെ വാഹനങ്ങളും ഔദ്യോഗിക വാഹനങ്ങളും മാത്രമേ കലക്ടറേറ്റിന്റെ മുറ്റത്ത് നിര്‍ത്തിയിടാന്‍ അനുവദിക്കൂ.
ഇത്തരം വാഹനങ്ങള്‍ തിരിച്ചറിയാന്‍ പ്രത്യേക പാസ് നല്‍കും. അതതു ഓഫിസ് മേധാവികള്‍ മുഖേനയാണ് പാസിന് അപേക്ഷിക്കേണ്ടത്. ഓഫിസ് മേധാവികള്‍ അപേക്ഷ കലക്ടറേറ്റിലേക്ക് കൈമാറി പാസ് കൈപ്പറ്റി ഉദ്യോഗസ്ഥര്‍ക്കു നല്‍കണം. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തുന്നവരെ സിവില്‍സ്‌റ്റേഷനകത്തിറക്കി വാഹനങ്ങള്‍ കലക്ടറേറ്റിനു പുറത്തു നിര്‍ത്തിയിടണം.—സിവില്‍സ്‌റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ ഇടതുഭാഗത്തുള്ള സ്ഥലം പതിവുപോലെ സ്വകാര്യവാഹനങ്ങള്‍ നിര്‍ത്തുന്നതിനായി ഉപയോഗിക്കാം.
ഇതിനപ്പുറത്തേക്ക് പാസില്ലാത്ത വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ അനുവദിക്കില്ല. രാത്രി ഔദ്യോഗിക വാഹനങ്ങള്‍ മാത്രമേ സിവില്‍സ്‌റ്റേഷനുള്ളില്‍ നിര്‍ത്തിയിടാന്‍ അനുവദിക്കൂ. ജനുവരി ഒന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന നടപടി പോരായ്മകള്‍ പരിഹരിച്ച് പിന്നീട് സ്ഥിരമാക്കും.—എ ഡിഎം യു നാരായണന്‍കുട്ടിയുടെ അധ്യക്ഷതില്‍ നടന്ന യോഗത്തില്‍ വിവിധ ഓഫിസ് മേധാവികള്‍ പങ്കെടുത്തു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കലക്ടറേറ്റുകള്‍ക്കും പ്രധാന ഓഫിസുകള്‍ക്കും മതിയായ സുരക്ഷ ഒരുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.—