ദേശീയ പാത നവീകരണം; ഗുണ നിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിക്കുന്നതായി പരാതി

Posted on: December 27, 2014 12:28 pm | Last updated: December 27, 2014 at 12:28 pm

തേഞ്ഞിപ്പലം: ദേശീയ പാത നവീകരണത്തിന് ഗുണ നിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിക്കുന്നതായി പരാതി. ദേശീയ പാത നവീകരണത്തിന്റ ഭാഗമായി ഇടിമുഴിക്കല്‍ മുതല്‍ തലപ്പാറ വരെ നടക്കുന്ന പാതയുടെ ഇരു വശങ്ങളിലും മണ്ണിട്ട് നികത്തലിന് ഗുണ നിലവാരമില്ലാത്ത മണ്ണ് ഉപയോഗിക്കുന്നതായി വ്യാപകമായി ആക്ഷേപം.
ശബരി മല തീര്‍ത്താടനോത്തോടനുബന്ധിച്ച് തീര്‍ഥാടന പാക്കേജെന്ന പേരില്‍ ദേശീയ പാതയിലെ മലപ്പുറം ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കല്‍ മുതല്‍ കുറ്റിപ്പുറം വരെ നീളുന്ന ഭാഗങ്ങളുടെ നവീകരണം കഴിഞ്ഞ മൂന്നാഴ്ച്ച മുമ്പാണ് ആരംഭിച്ചത്. തുടക്കം മുതലേ റോഡിന്റെ ഇരു വശങ്ങളിലെയും ഉയര്‍ന്ന രൂപത്തിലുളള എഡ്ജുകളെ കുറിച്ച് വ്യാപകമായ പരാതിയായിരുന്നു ഉയര്‍ന്നത്. കോണ്‍ട്രാക്ടറോട് നാട്ടുകാര്‍ സംസാരിച്ചപ്പോള്‍ എസ്റ്റിമേററിലില്ലെന്ന പേര് പറഞ്ഞ് തടിയൂരുകയാണ് ചെയ്തത്. അതേസമയം കഴിഞ്ഞ ദിവസം ഇടിമുഴി മുതല്‍ റോഡിന്റെ ഇരു വശങ്ങളിലും ഗുണ നിലവാരം കുറഞ്ഞ ചീടി മണ്ണ് ഇറക്കി ഇരുവശവും തൂര്‍ക്കുകയാണ്.
റോഡിന്റെ നിര്‍മാണത്തിനും പുനരുദ്ധാരണത്തിനും ക്വാറി വേസ്റ്റും ചരകല്ലുളള മണ്ണും മാത്രമേ ഉപയോഗിക്കാന്‍ പാടുളളുവെന്നാണ് നിയമം. കൂടാതെ ഏതൊരു റോഡിന്റേയും മറ്റു പൊതു നിര്‍മിതിയുടേയും പുനരുദ്ധാരണത്തിനും ഉപയോഗിക്കുന്ന സാമഗ്രികളും എസ്റ്റിമേറ്റിന്റെ മലയാള പകര്‍പ്പും ബോര്‍ഡില്‍ സ്ഥാപിച്ച ശേഷമേ പ്രവര്‍ത്തികള്‍ തുടങ്ങാന്‍ പാടുളളുവെന്നാണ് ലിഖിത നിയമം. പക്ഷേ നടപടികളൊന്നും തന്നെ കോണ്‍ട്രാക്ടര്‍മാര്‍ പാലിക്കാറില്ല. പലപ്പോഴും നിര്‍മാണങ്ങളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും നേരിട്ട് നിരീക്ഷിക്കേണ്ട എന്‍ജിനിയറിംഗ് വിംഗിന്റെ സാന്നിധ്യം ദേശീയ പാത നവീകരണത്തില്‍ തീരെ ഉണ്ടാകാറില്ല.