ഹാരിസണ്‍ രേഖകളില്‍ വൈരുധ്യം; അന്വേഷണം അട്ടിമറിക്കാന്‍ നീക്കം

Posted on: December 27, 2014 12:57 am | Last updated: December 27, 2014 at 12:57 am

തിരുവനന്തപുരം: വ്യാജരേഖ ചമച്ചതിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ലിമിറ്റഡ് നീക്കം തുടങ്ങി. അസ്സല്‍ രേഖയെന്ന് അവകാശപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച രേഖകളുടെ സാധുത പരിശോധിക്കാനുള്ള നീക്കം പരാജയപ്പെടുത്താനാണ് കമ്പനിയുടെ ശ്രമം. വൈരുധ്യങ്ങള്‍ നിറഞ്ഞ രേഖയെക്കുറിച്ച് ശാസ്ത്രീയമായ അന്വേഷണം നടന്നാല്‍ തിരിച്ചടി നേരിടുമെന്ന ബോധ്യമാണ് ഈ നീക്കത്തിന് പിന്നില്‍. വിജിലന്‍സ് അന്വേഷണവും അനധികൃത ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കവും തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ തന്നെ അട്ടിമറി നീക്കം വ്യക്തമാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം അവകാശപ്പെട്ട് സമര്‍പ്പിച്ച രേഖ കോടതിയില്‍ തന്നെ സൂക്ഷിക്കണമെന്നും സ്‌പെഷ്യല്‍ ഓഫീസറെ പോലും ഇത് കാണിച്ചിട്ടില്ലെന്നുമാണ് എച്ച് എം എല്‍ സമര്‍പ്പിച്ച ഹരജിയിലെ വാദം.
വിദേശ കമ്പനിയില്‍ നിന്ന് ഭൂമി വാങ്ങിയതിന്റെ തെളിവായി കമ്പനി ഹാജരാക്കുന്ന ഒരേ ഒരു രേഖയാണിത്. ഇതിലാകട്ടെ, നിറയെ വൈരുധ്യവും. 1923ല്‍ രജിസ്റ്റര്‍ ചെയ്ത ആധാരം എന്ന നിലയില്‍ സമര്‍പ്പിക്കപ്പെട്ട രേഖയില്‍ തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ വാട്ടര്‍ മാര്‍ക്കോ രാജഭരണ കാലത്തെ ഔദ്യോഗിക ചിഹ്നമായ ശംഖ് മുദ്രയോ ഒന്നുമില്ല. ഇംഗ്ലണ്ടിലെ ജോണ്‍ ഡിക്കിന്‍സണ്‍ കമ്പനിയുടെ വാട്ടര്‍മാര്‍ക്കുള്ള പേപ്പറിലാണ് ഉടമ്പടി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. എന്നാല്‍, കൊല്ലം രജിസ്ട്രാര്‍ ഓഫീസിലെ സീല്‍ ഇതില്‍ പതിപ്പിച്ചിട്ടുണ്ട്. അസ്സല്‍ ആധാരത്തിന്റെ കടലാസിന്റെ ഗുണമേന്മയും സംശയം ജനിപ്പിക്കുന്നു. 1920 കളിലെ ആധാരവുമായി താരതമ്യപ്പെടുത്തിയാണ് വിജിലന്‍സ് സംഘം സംശയം ഉന്നയിക്കുന്നത്. മറ്റു രേഖകള്‍ പലതും കാലപ്പഴക്കം കൊണ്ട് പൊടിഞ്ഞ് പോയിട്ടുണ്ടെങ്കിലും ഈ രേഖക്ക് ഒരു കുഴപ്പവുമില്ല. ഭൂമി വില്‍പ്പന നടത്തിയതും വാങ്ങിയതും സാക്ഷിയുമായി ഒപ്പിട്ടിരിക്കുന്നതുമെല്ലാം ജോണ്‍ഹാക്കിയെന്ന ഒരാളാണെന്നതും വിചിത്രമാണ്.
രേഖയുടെ സാധുത ശാസ്ത്രീയമായി തെളിയിക്കാന്‍ ഫോറന്‍സിക് പരിശോധന അനിവാര്യമാണ്. ഇത് തടയാനാണ് രേഖ കോടതിയില്‍ തന്നെ സൂക്ഷിക്കണമെന്ന് കമ്പനി ആവശ്യപ്പെടാന്‍ കാരണമെന്ന് വിജിലന്‍സ് സംശയിക്കുന്നു. അസ്സല്‍ രേഖയെന്ന് കമ്പനി അവകാശപ്പെടുന്ന രേഖ ഇംഗ്ലണ്ടില്‍ തയ്യാറാക്കിയ വ്യാജ രേഖയാണെന്ന് വിജിലന്‍സ് ഡി വൈ എസ് പി നന്ദനന്‍ പിള്ള നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചുള്ള അന്വേഷണം നടക്കുമെന്ന ഭയമാണ് പൊടുന്നനെ കോടതിയെ സമീപിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വ്യാജരേഖ ചമച്ചതിന് ഹാരിസണ്‍ മലയാളം ലിമിറ്റഡ് പ്രസിഡന്റ് വിജയരാഘവന്‍, മുന്‍ ഡയറക്ടര്‍ ധര്‍മരാജ്, വൈസ് പ്രസിഡന്റ് വി വേണുഗോപാല്‍, രവി ആനന്ദ് എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് വിജിലന്‍സ് ശിപാര്‍ശ ചെയ്തിരുന്നത്.
ഹാരിസണ്‍ കൈവശപ്പെടുത്തിയ നാല് ജില്ലകളിലെ 29,185 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നടപടി തുടങ്ങിയിരിക്കുന്നത്. ഇതില്‍ 8147 ഏക്കര്‍ ഭൂമി ഹാരിസണ്‍ മലയാളം പലര്‍ക്കായി വില്‍പ്പന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കൊല്ലം ജില്ലയില്‍ 2700 ഏക്കര്‍ കൈമാറിയതില്‍ 707 ഏക്കറിന് ഏതൊരു രേഖയുമില്ലാതെയാണ് കൈമാറ്റം നടന്നിരിക്കുന്നത്. ഇടുക്കിയില്‍ 1665 ഏക്കര്‍ കൈമാറിയതില്‍ 606 ഏക്കറും രേഖകളില്ലാതെ കൈമാറ്റം നടത്തി. കോട്ടയം ജില്ലയില്‍ 2263 ഏക്കര്‍ കൈമാറിയിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി കൈവശം വെക്കാന്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് വ്യാജരേഖ ചമച്ചത് റവന്യൂ സര്‍വേ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. റീസര്‍വേ രേഖകളില്‍ തിരിമറി നടന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ എം ജി രാജമാണിക്യം ശിപാര്‍ശ ചെയ്തിട്ടുണ്ട്.
കൈയേറിയ സര്‍ക്കാര്‍ ഭൂമികളില്‍ പിന്നീട് വ്യാജരേഖകളിലൂടെ അവകാശം സ്ഥാപിച്ചെടുക്കുന്ന രീതിയാണ് കമ്പനി അവലംബിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.