Connect with us

Articles

കോര്‍പറേറ്റ് ചങ്ങാത്തം തുടരുമ്പോള്‍ നികുതിവരുമാനം കൂടുന്നതെങ്ങനെ?

Published

|

Last Updated

നികുതി വരുമാനത്തില്‍ ഒരു ലക്ഷം കോടിയുടെ കുറവ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലുണ്ടാകുമെന്നും അത് ധനക്കമ്മിയുടെ തോത് ഉയര്‍ത്താനിടയുണ്ടെന്നും കേന്ദ്ര ധനമന്ത്രാലയം തന്നെ വ്യക്തമാക്കിയിരിക്കുന്നു. സ്വകാര്യ നിക്ഷേപത്തിന്റെ തോത് വര്‍ധിക്കുമെന്നും അത് മൊത്തം ആഭ്യന്തര ഉത്പാദനത്തെ ത്വരിതപ്പെടുത്തുമെന്നുമുള്ള പ്രതീക്ഷ തത്കാലത്തേക്കെങ്കിലും അസ്ഥാനത്താണെന്ന തിരിച്ചറിവില്‍ പൊതു ഖജനാവില്‍ നിന്നുള്ള ചെലവിടല്‍ വര്‍ധിപ്പിക്കേണ്ടിവരുമെന്നും ധനമന്ത്രാലയം സൂചിപ്പിക്കുന്നു. വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ചുരുക്കം. വരവില്‍ ഒരു ലക്ഷം കോടിയുടെ കുറവുണ്ടായിരിക്കെ പൊതു ഖജാനയില്‍ നിന്ന് ചെലവ് വര്‍ധിപ്പിക്കുന്നത് എങ്ങനെ? പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റും പദ്ധതിവിഹിതം വെട്ടിക്കുറച്ചുമൊക്കെ പണം കണ്ടെത്താന്‍ സാധിച്ചേക്കാം. ഇങ്ങനെയുള്ള വിഭവ സമാഹരണവും മിച്ചംവെക്കലും മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 4.1 ശതമാനമെന്ന നിലക്ക് ധനക്കമ്മിയെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിച്ചേക്കും. അതിനപ്പുറത്ത് ആഭ്യന്തര വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സഹായിക്കുമോ എന്നതില്‍ സംശയമുണ്ട്.
2004 മുതല്‍ 2014 വരെ അധികാരത്തിലിരുന്ന ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ ചില വന്‍കിട ജനപ്രിയ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുതല്‍ ഭക്ഷ്യ സുരക്ഷാ പദ്ധതി വരെയുള്ളവ. ഇതിനൊക്കെയായി പതിനായിരക്കണക്കിന് കോടി രൂപ ചെലവിട്ടിരുന്നു. ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് പിന്തുണച്ചിരുന്ന ഇടത് മുന്നണിയുടെ എതിര്‍പ്പ് മൂലവും രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്ത് ഓഹരി വിപണിയാകെ പിന്നാക്കം നിന്നതിനാലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് പണമുണ്ടാക്കാനുള്ള ശ്രമം വിജയം കണ്ടില്ല. ഇതിനിടെയാണ് ലോക സമ്പദ് വ്യവസ്ഥയാകെ മാന്ദ്യത്തിലേക്ക് പോകുകയും രാജ്യം അതിന്റെ ആഘാതം അനുഭവിക്കുകയും ചെയ്തത്. നിക്ഷേപവഴികള്‍ വരണ്ടുണങ്ങിയപ്പോള്‍ പൊതുഖജാനയില്‍ നിന്ന് പണമൊഴുക്കിയാണ് വളര്‍ച്ചയുടെ ഗ്രാഫ് കുത്തനെ താഴുന്നത് തടഞ്ഞുനിര്‍ത്താന്‍ അന്ന് ധനമന്ത്രിയായിരുന്ന പ്രണാബ് കുമാര്‍ മുഖര്‍ജി ശ്രമിച്ചത്. അന്നും അതിന് ശേഷവും സാമ്പത്തിക ആരോഗ്യത്തെ (പരിഷ്‌കരണാനന്തര അളവുകോലുകളുടെ അടിസ്ഥാനത്തിലുള്ള ആരോഗ്യം) ബാധിക്കും വിധത്തില്‍ കാര്യങ്ങളെത്തുന്ന സ്ഥിതിയുണ്ടായില്ല.
ചിദംബരം ധനമന്ത്രി പദത്തില്‍ തിരികെയെത്തിയ ശേഷം, ലക്ഷ്യമിട്ട വേഗത്തില്‍ പരിഷ്‌കരണ പ്രക്രിയ മുന്നോട്ടുകൊണ്ടുപോകാനോ വളര്‍ച്ചയുടെ തോത് വര്‍ധിപ്പിക്കാനോ സാധിച്ചില്ല എന്നത് വസ്തുതയാണ്. അഴിമതി ആരോപണങ്ങളുടെ പേരില്‍ പാര്‍ലിമെന്റിന്റെ ഇരു സഭകളും നിരന്തരം തടസ്സപ്പെടുത്തുന്നതിന് മുന്‍കൈ എടുത്ത ബി ജെ പി തന്നെയാണ് പരിഷ്‌കരണങ്ങള്‍ക്ക് വേണ്ട നിയമനിര്‍മാണത്തിന് വിഘാതമായത്. ആഭ്യന്തര ഉത്പാദനം മെച്ചപ്പെടാത്തതിന് കാരണങ്ങള്‍ വേറെയുമുണ്ടായിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്ന് നിന്നത് മൂലം ഡീസല്‍ വില വര്‍ധിപ്പിക്കേണ്ടിവന്നത് ഒന്ന്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് മറ്റൊന്ന്. ഇത്തരം പ്രശ്‌നങ്ങളൊന്നും തത്കാലം നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിടുന്നില്ല. രാജ്യാന്തര വിപണിയില്‍ എണ്ണവില താഴ്ന്നുകൊണ്ടേയിരിക്കുന്നു. അതനുസരിച്ച് ആഭ്യന്തര വിപണിയിലെ ഇന്ധന വിലയും. എണ്ണ വില കുറയുന്ന തക്കം നോക്കി, ഇന്ധനങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ച് ഖജാനയിലേക്ക് സ്വരുക്കൂട്ടാന്‍ മോദി സര്‍ക്കാര്‍ മടിച്ചിട്ടില്ല. ലിറ്ററിന് അഞ്ച് രൂപയോളം ഈ ഇനത്തില്‍ സര്‍ക്കാറിലേക്ക് ഇപ്പോള്‍ എത്തുന്നുണ്ട്. ഇത്രയൊക്കെയായിട്ടും ധനക്കമ്മി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണ്.
റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ, അവരുടെ നീക്കിയിരുപ്പില്‍ നിന്ന് 56,000 കോടി രൂപ ഇക്കഴിഞ്ഞ ജൂണില്‍ കേന്ദ്ര സര്‍ക്കാറിന് നല്‍കിയിരുന്നു. ആര്‍ ബി ഐയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും വലിയ തുക സര്‍ക്കാറിന് കൈമാറുന്നത്. അടുത്ത ജൂണാകുമ്പോഴേക്കും ഒരു ലക്ഷം കോടിയുടെ നീക്കിയിരുപ്പ് ആര്‍ ബി ഐയുടെ പക്കലുണ്ടാകുമെന്നാണ് കണക്ക്. അത് കൈമാറാമെന്ന വാഗ്ദാനം ആര്‍ ബി ഐ ഗവര്‍ണര്‍ റഘുറാം രാജന്‍ ഇപ്പോള്‍ തന്നെ നല്‍കിയിട്ടുമുണ്ട്. ഈ വാഗ്ദാനം നിലനില്‍ക്കെ, പദ്ധതിച്ചെലവ് വെട്ടിച്ചുരുക്കാതെ ധനമാനേജ്‌മെന്റ് നടത്താന്‍ പോലും അരുണ്‍ ജെയ്റ്റ്‌ലിക്കും സംഘത്തിനും സാധിക്കുന്നില്ലെന്നതാണ് വസ്തുത.
ലോക്‌സഭയില്‍ ബി ജെ പി കേവല ഭൂരിപക്ഷം നേടുകയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്ത് ഭരണസ്ഥിരത കൈവന്നിരിക്കുന്നുവെന്നും ഇത് നിക്ഷേപത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. ഓഹരി വിപണികളില്‍ വലിയ ഉണര്‍വുണ്ടായത് ഈ സാഹചര്യത്തിലാണ്. മുംബൈ ഓഹരി സൂചികയും നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയും പുതിയ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇതിനപ്പുറം എന്തെങ്കിലും സംഭവിച്ചോ എന്നതില്‍ സംശയമുണ്ട്. അങ്ങനെ സംഭവിക്കാതിരുന്നതിന്റെ കൂടി ബാക്കിയാണ് നികുതി വരുമാനത്തിലുണ്ടാകുന്ന ലക്ഷം കോടിയുടെ കുറവ്. ഉത്പാദന രംഗത്ത് മാത്രമല്ല, കമ്പോളത്തിലും ചലനമൊന്നും സൃഷ്ടിക്കാന്‍ ഇക്കഴിഞ്ഞ മാസങ്ങളില്‍ എന്‍ ഡി എ സര്‍ക്കാറിന് സാധിച്ചില്ലെന്ന് ചുരുക്കം.
സാമ്പത്തിക മാന്ദ്യത്തില്‍ നിന്നുള്ള കരകയറലിന്റെ പ്രത്യക്ഷ സൂചനകള്‍ അമേരിക്കന്‍ വിപണി നല്‍കുന്നുണ്ട്. പക്ഷേ, യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയും ചൈനയുടെയും ജപ്പാന്റെയുമൊക്കെ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയുടെ കയത്തില്‍ തന്നെ തുടരുന്നു. ഈ അവസ്ഥ ഇന്ത്യ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കും. രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്ത് വലിയ വ്യാപാരക്കമ്മി രാജ്യം നേരിട്ടിരുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് ഇതിനുള്ള പ്രധാനകാരണം. 1991ല്‍ സാമ്പത്തിക പരിഷ്‌കരണം വേഗത്തിലാക്കിയ ശേഷം രാജ്യത്തുനിന്നുള്ള കയറ്റുമതി ഉയര്‍ന്നിട്ടുണ്ട്. 2013-14 സാമ്പത്തിക വര്‍ഷമെത്തിയപ്പോള്‍ കയറ്റുമതി 18 ശതമാനമായെങ്കിലും വ്യാപാരക്കമ്മി 22 ശതമാനമായി ഉയരുകയാണ് ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളും ചൈനയും ജപ്പാനുമൊക്കെയാണ് ഇന്ത്യന്‍ കയറ്റുമതിയുടെ പ്രധാനലക്ഷ്യങ്ങള്‍. ഇവിടങ്ങളിലേക്കുള്ള കയറ്റുമതി സമീപകാലത്ത് വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. അതുകൊണ്ട് തന്നെ രാജ്യത്തെ വ്യാവസായിക ഉത്പാദന മേഖല, വളര്‍ച്ചയുടെ പാതയിലേക്ക് അടുത്തകാലത്തൊന്നും തിരിച്ചെത്താനിടയില്ല. വ്യാപാരക്കമ്മി വര്‍ധിക്കുകയും ചെയ്യും. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ കൂടുതല്‍ ദുര്‍ബലമാകുന്ന കാഴ്ചക്കാകും 2015 സാക്ഷ്യം വഹിക്കുക എന്ന പ്രവചനം കൂടി ഫലം കണ്ടാല്‍ സ്ഥിതി കൂടുതല്‍ വഷളാകും.
ആഭ്യന്തര വരുമാനവും കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനവും ഒരേ സമയം കുറയുന്നത്, സാമ്പത്തിക ആരോഗ്യത്തെ കൂടുതല്‍ ബാധിക്കും. അതൊക്കെ നേരിടാന്‍ പാകത്തിലുള്ള നയ രൂപവത്കരണമോ അച്ചടക്കം പാലിക്കലോ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. വിഭവങ്ങള്‍ തിട്ടപ്പെടുത്താതെയുള്ള പദ്ധതി പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നത്. വികസനത്തിന്റെ വലിയ സ്വപ്‌നങ്ങള്‍ വാഗ്ദാനം ചെയ്യുകയും അതിന്റെ അനുഭവസാക്ഷ്യമായി ഗുജറാത്തിനെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തവര്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് ചുരുക്കം. “മേക്ക് ഇന്‍ ഇന്ത്യ” പ്രഖ്യാപനവും ജപ്പാനും അമേരിക്കയുമൊക്കെ സന്ദര്‍ശിച്ച ശേഷം അഞ്ച് വര്‍ഷം കൊണ്ട് ഒഴുകിയെത്താനിടയുള്ള സഹസ്ര കോടികളെക്കുറിച്ചുള്ള അവകാശവാദവും മാത്രമാണ് ബാക്കിയാകുന്നത്. ആഗോളവത്കരണത്തെയും കമ്പോളാധിഷ്ഠിത സമ്പദ് വ്യവസ്ഥയെയും ആവോളം പിന്തുണക്കുന്ന വന്‍കിടക്കാരും കമ്പനികളും ധനസ്ഥിതി മെച്ചമായ ഇടങ്ങളിലാണ് നിക്ഷേപത്തിന് താത്പര്യം കാട്ടുക. അവരുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ത്രാണിയുള്ള കമ്പോളമുണ്ടെങ്കിലേ നിക്ഷേപത്തിന് അത്തരക്കാര്‍ തയ്യാറാകാറുള്ളൂ. ആ നിലക്ക് സഹസ്ര കോടികള്‍ ഒഴുകിയെത്തുമെന്ന പ്രഖ്യാപനത്തെ അത്രത്തോളം വിശ്വാസത്തിലെടുക്കാനും സാധിക്കില്ല.
പദ്ധതിപ്രവര്‍ത്തനത്തിന് പണമില്ലാതെ വന്നാല്‍, എന്തിളവും നല്‍കി സ്വകാര്യ മേഖലയെ ക്ഷണിക്കാന്‍ മടിക്കില്ല ഈ സര്‍ക്കാര്‍. ഏക്കറിന് പത്തോ നൂറോ രൂപ ഈടാക്കി, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഭൂമി കൈമാറി, വികസനത്തിന്റെ “വലിയ നേട്ട”ങ്ങള്‍ നിരത്തിയ ഗുജറാത്ത് തന്നെ ഉദാഹരണം. ഗതാഗത ഇടനാഴികള്‍, നൂറ് സ്മാര്‍ട്ട് നഗരങ്ങള്‍ തുടങ്ങി നീളുന്ന പ്രഖ്യാപനങ്ങളുടെ നടപ്പാക്കലിലേക്ക് ഇത്തരത്തില്‍ സ്വകാര്യ മേഖലയെ ക്ഷണിച്ചാല്‍ പ്രകൃതി വിഭവങ്ങളുടെയും മനുഷ്യ വിഭവങ്ങളുടെയും അതിരറ്റ ചൂഷണത്തിനാകും വഴിതുറക്കുക. നിലവില്‍ ഇടത്തരക്കാരായി മാറിയ വലിയൊരു സമൂഹത്തിന്റെ പുറംതള്ളലും.
വര്‍ഗീയ ധ്രുവീകരണം ശക്തമാക്കും വിധത്തിലുള്ള പ്രവൃത്തികളും അതിന്റെയും ഭരണവിരുദ്ധവികാരത്തിന്റെയും ഫലമായുണ്ടാകുന്ന തെരഞ്ഞെടുപ്പ് വിജയങ്ങളും കുറച്ചുകാലത്തേക്ക് മികച്ച പ്രതിച്ഛായയെന്ന ബലൂണിനെ വീര്‍പ്പിച്ച് നിര്‍ത്താനിടയുണ്ട്. അത് ചുരുങ്ങാന്‍ തുടങ്ങുമ്പോഴാകും സാമ്പത്തിക പ്രതിസന്ധിയുടെ ആഴം പുറത്തറിയാന്‍ തുടങ്ങുക. രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ മാത്രമല്ല, സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ശേഷം ശതമാനക്കണക്കുകളില്‍ രാജ്യമാര്‍ജിച്ച നേട്ടങ്ങളെക്കൂടി ഇല്ലാതാക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാറെന്ന് ചുരുക്കം. ഡീസലിന്റെ സബ്‌സിഡി അവസാനിപ്പിച്ച് കഴിഞ്ഞു. പാചകവാതകത്തിന്റെ സബ്‌സിഡി പരിമിതപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം വൈകാതെയുണ്ടാകും. ജനങ്ങള്‍ക്കാകെ, ബേങ്ക് അക്കൗണ്ട് ഉണ്ടാക്കലും സബ്‌സിഡികള്‍ നേരിട്ട് വിതരണം ചെയ്യാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കലും അതിന്റെ മുന്നോടിയാണ്. ഭക്ഷ്യോത്പന്നങ്ങള്‍ക്കുള്ള സബ്‌സിഡിയും വൈകാതെ പരിമിതപ്പെടുത്തുമെന്ന് ഉറപ്പ്. ഊര്‍ജ വിതരണ രംഗം സ്വകാര്യ മേഖലക്ക് പൂര്‍ണമായും കൈമാറുന്നതോടെ അവിടെ നിലവിലുള്ള പരിമിതമായ ഇളവുകള്‍ കൂടി ഇല്ലാതാകും. ഈ നടപടികള്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തെ ഏത് വിധത്തിലാണ് ബാധിക്കുക എന്ന് കണ്ടറിയേണ്ടതാണ്. നിത്യനിദാനച്ചെലവിന് കൂടുതല്‍ പണം നീക്കിവെക്കേണ്ടിവരുന്ന ജനത്തിന് പ്രത്യുത്പാദനപരമായ പ്രവൃത്തിക്കായി കൂടുതല്‍ തുക വിനിയോഗിക്കാന്‍ സാധിക്കില്ലെന്നത് ലളിത ഗണിതമാണ്.
സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് വേഗം വര്‍ധിച്ച 1991 മുതലുള്ള രണ്ട് പതിറ്റാണ്ട് ഏതളവിലാണോ സാമ്പത്തിക അസമത്വം വര്‍ധിപ്പിച്ചത്, അതിന്റെ ഇരട്ടിവേഗത്തിലാകും വരും വര്‍ഷങ്ങളില്‍ അസന്തുലിതാവസ്ഥ വളരുക. അതുയര്‍ത്താനിടയുള്ള സാമൂഹിക അസ്വസ്ഥതകളെ വര്‍ഗീയ ആയുധങ്ങളുപയോഗിച്ചാകും സംഘ് പരിവാര്‍ നേരിടാന്‍ ശ്രമിക്കുക. കുറയുന്ന നികുതിവരുമാനവും നേരിടാനിടയുള്ള സാമ്പത്തിക പ്രതിസന്ധിയും ഇതേ അവസ്ഥ നേരിടുന്ന മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് പ്രധാനമാകുന്നത് അതുകൊണ്ട് കൂടിയാണ്.

---- facebook comment plugin here -----

Latest