Connect with us

Gulf

ഷാര്‍ജ ഷട്ടില്‍ ബസ് സര്‍വീസ് പുനരാരംഭിക്കും

Published

|

Last Updated

ഷാര്‍ജ: ഈസ്റ്റ് കോസ്റ്റ് ഷട്ടില്‍ ബസ് സര്‍വീസ് പുനരാരംഭിക്കുമെന്ന് ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്് അതോറിറ്റി വ്യക്തമാക്കി. 2015 വികസന പദ്ധതിയുടെ ഭാഗമായാണ് ബസ് സര്‍വീസ് പുനരാരംഭിക്കുകയെന്ന് ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഡയറക്ടര്‍ അബ്ദുല്‍അസീസ് അല്‍ ജര്‍വാന്‍ വ്യക്തമാക്കി.
2008 മുതല്‍ 2013 വരെയായിരുന്നു ഷട്ടില്‍ ബസ് സര്‍വീസ് ഉണ്ടായിരുന്നത്. ചെലവ് താങ്ങാന്‍ സാധിക്കാത്തതും യാത്രക്കാരില്‍ നിന്നുള്ള ഉത്സാഹക്കുറവുമായിരുന്നു കഴിഞ്ഞ വര്‍ഷം ഇത് നിര്‍ത്താന്‍ കാരണമായത്. ഷട്ടില്‍ സര്‍വീസ് നിര്‍ത്തിയ ശേഷം കിഴക്കന്‍ തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി 15 ബസുകള്‍ സര്‍വീസിനായി അതോറിറ്റി ലഭ്യമാക്കിയിരുന്നു. തുടക്കത്തില്‍ മൂന്നു മാസത്തെ പരീക്ഷണ ഓട്ടമായിരുന്നു നടത്തിയത്. ഇത് വിജയമായതോടെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു. ഇന്ന് 75 ബസുകളുണ്ട് ഈ മേഖലയിലേക്ക്. 25 എണ്ണം കല്‍ബക്കും 35 എണ്ണം ഖോര്‍ഫുക്കാനിലേക്കും ഏഴെണ്ണം ദിബ്ബ അല്‍ ഹിസനിലേക്കുമാണ് പതിവായി സര്‍വീസ് നടത്തുന്നത്. ഈ റൂട്ടില്‍ ആളുകള്‍ കുറവായതിനാല്‍ ബസുകള്‍ക്ക് പകരം ടാക്‌സിക്ക് നിശ്ചിത തുക ഈടാക്കുന്ന രീതിയാണ് ദിബ്ബ അല്‍ ഹിസനിലേക്കുള്ളത്. ബസില്‍ സിറ്റിയില്‍ സഞ്ചരിക്കാന്‍ അഞ്ചു ദിര്‍ഹമാണ് ഈടാക്കുന്നത്. ദിബ്ബ അല്‍ ഫുജൈറയിലേക്ക് ടാക്‌സിക്ക് 10ഉം അല്‍ അഖയിലേക്ക് 15ഉം ഖോര്‍ഫുക്കാനിലേക്ക് 50 മാണ് നിരക്കുകള്‍. ആവശ്യക്കാര്‍ക്ക് ടാക്‌സികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. 15,000 യാത്രക്കാരാണ് ഷാര്‍ജ ട്രാന്‍സ്‌പോര്‍ട്ടിന്റെ പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
അര്‍ബണ്‍ പ്ലാനിംഗ് കൗണ്‍സില്‍ ഫോര്‍ എക്‌സിക്യൂഷന്റെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയിരുന്നു. ഷാര്‍ജ സിറ്റിയില്‍ പുതിയ പാര്‍ക്കിംഗ് മേഖലകള്‍ ആരംഭിക്കും. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് ഷാര്‍ജ വ്യവസായ മേഖലയിലേക്ക് രണ്ട് ബസുകള്‍ കൂടി സര്‍വീസിനായി നല്‍കും. റോള നഹ്ദ റൂട്ടില്‍ എട്ടു ബസുകള്‍ കൂടി ഇറക്കും. സഹാറ സെന്ററിന് പിന്‍ഭാഗത്തോളമാവും ഓടുക. ഇത് യാത്രക്കാര്‍ക്ക് പ്രത്യേകിച്ചും ദുബൈ ഭാഗത്തേക്ക് ദിനേന സഞ്ചരിക്കുന്നവര്‍ക്ക് അനുഗ്രഹമാവും. ഈ മേഖലയില്‍ അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്കിന് അയവ്‌വരുത്തുന്നതിനും ഇതിലൂടെ സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാനും അതോറിറ്റി ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. നഗര വികസനത്തിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വകുപ്പിന് കീഴിലാണ് ഇത്തരം നടപടികള്‍ കൈക്കൊളളുക. ജനസംഖ്യയുടെ പെരുപ്പും കൂടി കണക്കിലെടുത്താവും ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക.
യാത്രക്കാര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍, ആവലാതികള്‍, അന്വേഷണങ്ങള്‍ എന്നിവക്കായി 24 മണിക്കൂറും ടോള്‍ ഫ്രീ നമ്പറായ 600 525252 വില്‍ ബന്ധപ്പെടാന്‍ സാധിക്കുമെന്നും അല്‍ ജര്‍വാന്‍ ഓര്‍മിപ്പിച്ചു.