റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കുന്ദമംഗലത്ത് ശനിയാഴ്ച തുടക്കം

Posted on: December 25, 2014 10:19 am | Last updated: December 25, 2014 at 10:19 am

കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ശനിയാഴ്ച കുന്ദമംഗലത്ത് തുടക്കമാകും. പ്രധാന വേദിയായ കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അടക്കം 17 വേദികളിലായി 27, 29, 30, 31, ജനുവരി ഒന്ന് തീയതികളിലായാണ് കലോത്സവം. പ്രധാന വേദിക്ക് പുറമെ കുന്ദമംഗലം എ യു പി എസ്, കുന്ദമംഗലം എ എം എല്‍ പി, മര്‍കസ് ഹയര്‍ സെക്കന്‍ഡറി ബോയ്‌സ്, മര്‍കസ് ഹയര്‍ സെക്കന്‍ഡറി ഗേള്‍സ്, കാരന്തൂര്‍ എ എം എല്‍ പി, കുന്ദമംഗലം ഓക്‌സിലിയം നവജ്യോതി സ്‌കൂള്‍, ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, വ്യാപാര ഭവന്‍ ഹാള്‍, സിന്ധു തിയേറ്ററിന് സമീപം സജ്ജമാക്കിയ വേദി എന്നിവിടങ്ങളിലായി നടക്കുന്ന മേളയില്‍ 9000 കുട്ടികള്‍ പങ്കെടുക്കും. ഡിജിറ്റല്‍ സ്‌കോര്‍ ബോര്‍ഡ് മേളയുടെ പ്രത്യേകതയാണെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
27ന് രാവിലെ ഒമ്പതിന് കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡി ഡി ഇ. ഡോ. ഗിരീഷ് ചോല പതാക ഉയര്‍ത്തും. പ്രധാന വേദിയിലെ 17 കൗണ്ടറുകളിലായി രജിസ്‌ട്രേഷന്‍ ആരംഭിക്കും. ആദ്യ ദിനം സ്റ്റേജിതര മത്സരങ്ങളും അഞ്ച് വേദികളിലായി വൈവിധ്യമാര്‍ന്ന പരിപാടികളും നടക്കും. 29ന് വൈകീട്ട് മൂന്നിന് മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര വൈകുന്നേരം നാലിന് കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിക്കും. വൈകീട്ട് അഞ്ചിന് വേദി ഒന്നില്‍ മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും.
ജനുവരി ഒന്നിന് വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്യും. എം ഐ ഷാനവാസ് എം പി സമ്മാന വിതരണം നടത്തും. ഓര്‍ഗനൈസിംഗ് കമ്മിറ്റി ഓഫീസ്, പ്രോഗ്രാം കമ്മിറ്റി ഓഫീസ്, മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി ഓഫീസ്, ട്രോഫി കമ്മിറ്റി ഓഫീസ് തുടങ്ങി എല്ലാ കമ്മിറ്റി ഓഫീസുകളും ഭക്ഷണശാലയും കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കലോത്സവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ www. kalolsavamkkdblogspot.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സ്വാഗതസംഘം ചെയര്‍പേഴ്‌സണുമായ കാനത്തില്‍ ജമീല, ജനറല്‍ കണ്‍വീനര്‍ ഡി ഡി ഇ. ഡോ ഗിരീഷ് ചോലയില്‍, പബ്ലിസിറ്റി ചെയര്‍മാന്‍ കെ ഗണേശ് കുമാര്‍, നാരായണന്‍, ദേവദാസന്‍ പങ്കെടുത്തു.