കടല്‍ഭിത്തിയില്‍ ചിത്രങ്ങളായ് സുനാമിയിപെട്ടവരുടെ സ്മരണ

Posted on: December 25, 2014 4:36 am | Last updated: December 24, 2014 at 11:38 pm

T sunami photoകായംകുളം: സുനാമിയില്‍ പൊലിഞ്ഞവര്‍ പത്താം വാര്‍ഷികത്തില്‍ ജനഹൃദയങ്ങളില്‍ തിരിച്ചെത്തി. സുനാമി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ സ്മരണ പുതുക്കാന്‍ കടല്‍ഭിത്തികളില്‍ കലാകാരന്മാര്‍ വരച്ച ചിത്രങ്ങളിലൂടെയാണ് മണ്‍മറഞ്ഞ ബന്ധുക്കളുടെയും സ്വന്തക്കാരുടെയും ഓര്‍മകള്‍ ജനഹൃദയങ്ങളിലെത്തിച്ചത്.
2004 ഡിസംബര്‍ 26ന് ഉച്ചയോടെ നാടിനെ നടുക്കിയ സംഭവം തീരദേശ വാസികള്‍ ഞെട്ടലോടെയാണ് ഇന്നും ഓര്‍ക്കുന്നത്. അന്ന് വലിയഴീക്കലില്‍ ചങ്ങാടവും കടത്തുവള്ളവും മാത്രമാണ് ഉണ്ടായിരുന്നത്. അന്നുവരെ തീരദേശവാസികള്‍ കണ്ടിട്ടില്ലാത്ത അത്ര ഉയരത്തില്‍ കടല്‍ത്തിര ഉണ്ടായി. വീടിനും മരങ്ങള്‍ക്കും മുകളിലൂടെ തിരകള്‍ ആര്‍ത്തലച്ച് വീടിനുള്ളില്‍ ഉറങ്ങിക്കിടന്നവരും കുട്ടികളും പ്രായമായവരും അസുഖം മൂലം കിടപ്പായവരുമടക്കം ഇരുപത്തിയൊമ്പത് മനുഷ്യജീവനാണ് രാക്ഷസത്തിര കവര്‍ന്നത്.ചങ്ങാടത്തിലും വള്ളങ്ങളിലുമായി കുറേപ്പേരെ ഇക്കരെ എത്തിച്ചതിനാല്‍ മരണ നിരക്കു കുറക്കാന്‍ സാധിച്ചു.
മാസങ്ങളോളം ക്യാമ്പുകളില്‍ കഴിഞ്ഞ തീരദേശവാസികള്‍ ജീവിതത്തിലേക്ക് വീണ്ടും നടന്നുകയറി.
ദുരന്ത സ്മരണകളുയര്‍ത്തുന്ന ഈ പത്താംവാര്‍ഷികത്തില്‍ മണ്‍മറഞ്ഞവരുടെ ചിത്രങ്ങള്‍ കടല്‍ഭിത്തികളില്‍ വരച്ചിടണമെന്ന് കൊല്‍ക്കത്ത ശാന്തി നികേതന്‍ വിദ്യാര്‍ഥിയായി പഠിച്ചിറങ്ങിയ രഞ്ജി വിശ്വനാഥന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ‘തിരകളെ പ്രതീക്ഷിച്ചുകൊണ്ട്’ എന്ന പുലിമുട്ടിലെ പാറകളില്‍ സുനാമി ദുരന്തത്തിനിരയായവരുടെ ചിത്രങ്ങള്‍ വരക്കുന്ന പരിപാടിക്ക് ഇന്ത്യയിലെ പ്രശസ്തരായ കലാകാരന്മാര്‍ നേതൃത്വം നല്‍കി.