‘ഒന്നുകില്‍ മടങ്ങിപ്പോകുക അല്ലെങ്കില്‍ ഹിന്ദുവാകുക’ ബംഗ്ലാദേശ് കുടിയേറ്റക്കാരോട് ബജ്‌റംഗ്ദള്‍

Posted on: December 25, 2014 4:33 am | Last updated: December 24, 2014 at 11:34 pm

vhpമീററ്റ്: ‘ഒന്നുകില്‍ രാജ്യം വിടുക അല്ലെങ്കില്‍ ഹിന്ദുവാകുക’ ബഗ്ലാദേശില്‍ നിന്ന് കുടിയേറിത്താമസിക്കുന്ന മുസ്‌ലിംകളോട് ബജ്‌റംഗ്ദളിന്റെ പ്രഖ്യാപനമാണിത്. മീററ്റിലെ ബജ്‌റംഗ്ദള്‍ കണ്‍വീനര്‍ ബാല്‍രാജ് ഡങ്കര്‍ ആണ് ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ ആദ്യ നിബന്ധന നിങ്ങള്‍ രാജ്യം വിടുക എന്നാണ്. ഇവിടെത്തന്നെ ജീവിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ ഹിന്ദുവാകല്‍ നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ നിരവധി പീഡനങ്ങളും പ്രതിഷേധങ്ങളും നിങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
ഉത്തര്‍ പ്രദേശില്‍ നടന്ന ഘര്‍ വാപ്പസിയോട് പിന്തുണ പ്രഖ്യാപിച്ച് പ്രതികരിക്കുന്നതിനിടെയാണ് ഡങ്കര്‍ ഇക്കാര്യം പറഞ്ഞത്. യു പി എ സര്‍ക്കാരിന്റെ ഭരണ കാലത്ത് തന്നെ ഘര്‍വാപ്പസി ക്യാമ്പയിന്‍ ഇവിടെ നിലവിലുണ്ട്. ഇനിയുള്ള കാലത്ത് അത് വ്യാപകമായി തുടരുമെന്നും ഡങ്കര്‍ പറഞ്ഞു.
ബംഗ്ലാദേശ് യുദ്ധത്തെ തുടര്‍ന്ന് 43 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറി താമസമാക്കിയവരാണ് ബംഗ്ലാദേശ് മുസ്‌ലിംകള്‍. അവര്‍ ഇനിയും ഇവിടെ തുടര്‍ന്ന് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മതപരിവര്‍ത്തനം നടത്തിയിരിക്കണം. തങ്ങളുടെ അംഗസംഖ്യ കൂട്ടുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും ഡങ്കര്‍ പറഞ്ഞു. അതേസമയം ഡങ്കറിന്റെ ഈ വാദത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് വി എച്ച് പി സംഘടനാകാര്യ സെക്രട്ടറി സുദര്‍ശന്‍ ചക്ര പറഞ്ഞു. വി എച്ച് പിയുടെ നിലപാട് അവര്‍ ഇന്ത്യ വിടണമെന്നാണ്. അതിനുള്ള ഇളവ് അനുവദിക്കും. ഇന്ത്യയില്‍ താമസമാക്കിയ മൂന്ന് കോടിയോളം വരുന്ന ബംഗ്ലാദേശി മുസ്‌ലിംകള്‍ സര്‍ക്കാറിന്റെ റേഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ പറ്റുന്നവരാണ്. ഇത് രാജ്യത്ത് നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. തൊഴിലില്ലായ്മക്കും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഇടവരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.