സിഡ്‌നി ആക്രമണം: ഗൂഢാലോചന നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍

Posted on: December 25, 2014 5:29 am | Last updated: December 24, 2014 at 11:30 pm

സിഡ്‌നി: ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍ ബന്ദിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സംഘത്തില്‍ പെട്ട രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉന്നയിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിക്കപ്പെട്ടവര്‍ ഏതെങ്കിലും പ്രത്യേക തീവ്രവാദ വിഭാഗത്തില്‍ പെട്ടവരല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന് സൗകര്യമൊരുക്കുന്നതിനുള്ള രൂപരേഖ കൈവശം വെച്ച കുറ്റമാണ് സുലൈമാന്‍ ഖാലിദ് (20)എന്നയാളുടെ പേരില്‍ ചുമത്തിയ കുറ്റം.
കേസന്വേഷിക്കുന്ന വിഭാഗം ശക്തമായ അന്വേഷണമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി ടോണി അബോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഭീകര വാദികളുടെ ഭാഗത്തുനിന്ന് നിലവില്‍ ഭീഷണിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവ്രവാദ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുളള അറസ്റ്റ് മാത്രമാണിതെന്ന് ആസ്‌ത്രേലിയന്‍ ഫെഡറല്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. അമേരിക്കയുമായി ഇസില്‍ തീവ്രവാദികള്‍ക്കെതിരെയുള്ള ആക്രമണത്തില്‍ ആസ്‌ത്രേലിയ പങ്ക് ചേര്‍ന്നതോടെയാണ് രാജ്യത്ത് തീവ്രവാദ ആക്രമണ സാധ്യത വര്‍ധിച്ചത്. സിഡ്‌നിയില്‍ നടന്ന റെയ്ഡില്‍ ഇതോടെ അറസ്റ്റിലായവര്‍ 11 പേരായി. കഴിഞ്ഞ ദിവസം സിഡ്‌നിയിലെ ചോക്ലേറ്റ് കഫേയില്‍ തീവ്രവാദികള്‍ ബന്ധികളാക്കിയതിന് ശേഷം നടന്ന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവം രാജ്യത്ത് തീവ്രവാദ ആക്രമണ പരമ്പരക്ക് സാധ്യതയുണ്ടെന്ന ഭീതി പരത്തിയിരുന്നു. സംഭവത്തിന് പിന്നില്‍ ഇറാന്‍ പൗരനായ ഹറൂണ്‍ മോനിസ് ആണെന്നാണ് പോലീസ് വാദം.