സുധീരനും വി എസും തോല്‍ക്കുന്നുവോ?

Posted on: December 25, 2014 4:35 am | Last updated: December 24, 2014 at 7:42 pm

group copy‘മദ്യനയത്തില്‍ ഇനി പുനര്‍ചിന്തയില്ല’ എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണല്ലോ നാം കേട്ടത്. ഇതോടെ സുധീരന്‍ ദയനീയമായി പരാജയപ്പെട്ടു എന്നു പ്രസംഗിക്കാനാണ് ഇരു മുന്നണികളിലുള്ളവര്‍ക്കും താത്പര്യം എന്നതാണ് രസകരമായ വസ്തുത. മദ്യമൊഴുക്കി വന്‍ തോതില്‍ സാമൂഹിക നാശം വന്നിരിക്കുന്ന ഒരു കേരളമാണിതെന്നാര്‍ക്കാണറിയാത്തത്? ‘മദ്യവര്‍ജന’ത്തെക്കുറിച്ച് പതിറ്റാണ്ടുകളായി നമ്മളൊക്കെ കേള്‍ക്കുന്നു. പക്ഷേ, മദ്യ ഉപയോഗം കൂടിക്കൊണ്ടേയിരിക്കുന്നു. അതുണ്ടാക്കുന്ന ആരോഗ്യ സാമൂഹിക പ്രത്യാഘാതങ്ങളും കൂടുന്നു. ഫലപ്രദമായ ഒരിടപെടലും ഈ മേഖലയില്‍ നടക്കാന്‍ മാറിമാറിവന്ന സര്‍ക്കാറുകള്‍ക്കായില്ല. ഈ വിഷയത്തില്‍ കേരളീയ സമൂഹത്തില്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. സമ്പൂര്‍ണ മദ്യനിരോധം ലക്ഷ്യമാക്കുന്നവര്‍ മുതല്‍ യാതൊരു സര്‍ക്കാര്‍ നിയന്ത്രണങ്ങളും മദ്യവിഷയത്തില്‍ ആവശ്യമില്ലെന്ന് വരെ (പാശ്ചാത്യരാജ്യങ്ങളെ പോലെ) വാദിക്കുന്നവരുമുണ്ട്. തന്നെയുമല്ല, മറ്റൊരു വിഷയത്തിലുമില്ലാത്ത വിധത്തില്‍ സമൂഹത്തിന്റെ ഏതാണ്ടെല്ലാ വിഭാഗത്തില്‍ പെട്ട മനുഷ്യരും സമ്പത്ത്, സദാചാരം, നികുതി, വരുമാനം, തൊഴില്‍, ആരോഗ്യം, കുടുംബം, സംസ്‌കാരം, ആഘോഷങ്ങള്‍ തുടങ്ങിയ രീതികളില്‍ ഇതിനെ സമീപിക്കുന്നു. നിലവിലുള്ള ലഘു നിയമങ്ങള്‍ പോലും പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിയാത്ത വിധം അഴിമതിയില്‍ മുങ്ങിയതാണ് നമ്മുടെ സര്‍ക്കാറുകളെന്ന് ഭരണത്തിലെത്തുന്ന എല്ലാ കക്ഷികളും സമ്മതിക്കുന്നു. ഫലത്തില്‍ മര്‍മം തടഞ്ഞിട്ട് അടിക്കാന്‍ കഴിയുന്നില്ലെന്ന് പണ്ടൊരു കളരി ഗുരുക്കള്‍ പറഞ്ഞതു പോലെയാണ് മദ്യരംഗം. മതത്തിനും ഇക്കാര്യത്തില്‍ ചില നിലപാടുകളുണ്ട്. എന്നാല്‍, മദ്യത്തിനെതിരെ ജീവിതം കൊണ്ട് പൊരുതിയ ശ്രീനാരായണ ഗുരുവിന്റെ പ്രതിനിധികള്‍ വരെ ഇന്ന് മദ്യവ്യാപാരികളാണ്.
ഇത്ര സങ്കീര്‍ണമായൊരു സാഹചര്യത്തില്‍ വി എം സുധീരന്‍ നടത്തിയ ഇടപെടലുകളെ ആത്മാര്‍ഥമായി വിലയിരുത്തിയാല്‍ ഒരു കാര്യം ബോധ്യമാകും. കേരളത്തില്‍ സുധീരന്‍ തോറ്റുവെന്ന് പറയുന്നത് തെറ്റാണ്. പൂട്ടിയ 418 ബാറുകള്‍ തുറക്കരുതെന്നായിരുന്നല്ലോ സുധീരന്റെ നിലപാട്. (സമ്പൂര്‍ണ മദ്യനിരോധം സാധ്യമല്ല എന്ന് സുധീരനെതിരെ നിരന്തരം ആഞ്ഞടിക്കുന്നവര്‍ പറയുന്നതിന്റെ ലക്ഷ്യം സുധീരന്‍ പ്രായോഗികവാദി അല്ലെന്ന് കാണിക്കല്‍ മാത്രം). സുധീരന്റെ ഈ ലക്ഷ്യം തകര്‍ക്കണമെന്ന പരിപാടിയുമായാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും പ്രവര്‍ത്തിച്ചത്. സുധീരന്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലാത്ത കാര്യങ്ങള്‍- പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ അടപ്പിക്കാനും ഞായറാഴ്ച ‘ഡ്രൈഡേ’ ആക്കാനും ബിവറേജ് ഔട്ട്‌ലെറ്റ് കുറയ്ക്കാനും മറ്റും- തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടി തന്നെ. ഇതുവഴി മദ്യത്തിനു മേല്‍ എന്തു നിയന്ത്രണം കൊണ്ടുവരുന്നതും അനുവദിക്കില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിക്കാന്‍ ശ്രമിച്ചത്. അത് ‘പ്രായോഗികമല്ല’ എന്ന് ചിന്തിപ്പിക്കുകയാണല്ലോ ലക്ഷ്യം.
തത്കാലം ആ ലക്ഷ്യത്തിലെത്താന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞിരിക്കാം. കോടതിയും കുറച്ച് സഹായിച്ചു. മാണി മാത്രമല്ല, ഒട്ടനവധി നേതാക്കള്‍ പണം വാങ്ങിയെന്നതില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. ഇനി അതുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ മാറിയിരിക്കും. സുധീരന്റെ പദ്ധതി പൊളിക്കാനാണ് ഈ പണം വാങ്ങിയതെന്നും വ്യക്തം.
ഇതൊക്കെയാണെങ്കിലും ‘സുധീരന്‍ തോറ്റു’ എന്ന് പറയുന്ന ഭരണപക്ഷ- പ്രതിപക്ഷ നേതാക്കള്‍ ചരിത്രം മറന്നവരാണ്. സാമൂഹിക രാഷ്ട്രീയ മണ്ഡളങ്ങളിലെ ഒരു പോരാട്ടവും അന്നന്ന് വിജയം കാണാവുന്ന ക്രിക്കറ്റ് ഫുട്‌ബോള്‍ കളിയല്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നടന്ന പല സമരങ്ങളും നടത്തിയ കാലത്ത് പരാജയപ്പെട്ടിരുന്നു. ക്വിറ്റ് ഇന്ത്യ സമരമടക്കം. ഒപ്പം പുന്നപ്ര വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍ സമരങ്ങളും പൊളിഞ്ഞ സമരങ്ങളാണ്, അന്നത്തെ കാലത്ത്. മഹത്തുക്കളുടെ ഇടപെടലുകളുടെ അവസ്ഥയും മറ്റൊന്നല്ല. ചരിത്രത്തെ അവര്‍ മുന്നോട്ട് നയിക്കുന്നുണ്ട്. പലപ്പോഴും ഏറെ നാളുകള്‍ കഴിഞ്ഞാകും അതിന്റെ ഫലമുണ്ടാകുക. ഇതേ വിഷയം വി എസ് അച്യുതാനന്ദനെക്കുറിച്ചും ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സ്വന്തം പാര്‍ട്ടി പച്ചയായിത്തന്നെ വി എസ് എന്ന മുഖ്യമന്ത്രിയുടെ ചിറകരിഞ്ഞപ്പോഴും ചരിത്രത്തെ മുന്നോട്ട് നയിക്കുന്ന പലതും ചെയ്യാന്‍ വി എസിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് സമൂഹത്തിന് മുന്നില്‍ ചില സുപ്രധാന ചോദ്യങ്ങള്‍ ഇരുവരും ഉയര്‍ത്തിയിട്ടുണ്ട്. എം എന്‍ വിജയന്‍ മാഷ് പറഞ്ഞതുപോലെ, ‘ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസില്‍ നിന്ന് പുറത്താക്കാമെങ്കിലും അയാളുടെ ചോദ്യം ക്ലാസില്‍ തന്നെ നില്‍ക്കുമല്ലോ’. ഇവര്‍ മറന്നാലും സമൂഹത്തില്‍ ഇവര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ നിലനില്‍ക്കും. ഉമ്മന്‍ ചാണ്ടി എത്ര കിണഞ്ഞുപരിശ്രമിച്ചാലും പഴയ 418 ബാറുകള്‍ വീണ്ടും തുറന്ന് ‘പഴയതുപോലെ’ മദ്യം വില്‍ക്കാനാകില്ല. ബിയര്‍, വൈന്‍ പാര്‍ലര്‍ ആയി പ്രവര്‍ത്തിക്കാമെങ്കിലും. ഇതൊരു ചെറിയ കാര്യമല്ല. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കും ബാറുകള്‍ക്കുമെതിരായി ജനങ്ങള്‍ പലയിടത്തും നടത്തുന്ന സമരങ്ങള്‍ക്ക് ഈ ചര്‍ച്ചകള്‍ ശക്തിപകരുമെന്ന് തീര്‍ച്ച.
ഈ സാഹചര്യത്തില്‍ വി എസ് അച്യുതാനന്ദന്റെയും വി എം സുധീരന്റെയും നിലപാടുകള്‍ തമ്മില്‍ ഒരു താരതമ്യം നടത്തിയാല്‍ എന്തായിരിക്കും ഫലം? തീര്‍ത്തും വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത കക്ഷികളുടെ നേതാക്കളെ താരതമ്യം ചെയ്യുന്നതു ശരിയോ എന്ന ചോദ്യമുണ്ട്. എങ്കിലും ഏറെക്കാലമായി വേരുറച്ച മുന്നണി രാഷ്ട്രീയത്തിന്റെ വ്യാകരണ നിയമങ്ങളെ വെല്ലുവിളിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച രണ്ട് പേരാണിവര്‍ എന്നത് തന്നെ താരതമ്യം പ്രസക്തമാക്കുന്നു. മുന്നണികള്‍ തമ്മിലുള്ള ‘ഒത്തുതീര്‍പ്പ്’ (അഡ്ജസ്റ്റുമെന്റ്) ബന്ധങ്ങളാണ് ഉള്ളതെന്ന് ഇന്നറിയാത്തവരില്ല. പക്ഷേ, വേറെന്തു വഴി എന്ന ചിന്തക്ക് അല്‍പ്പം വെളിച്ചം പകരാന്‍ വി എസ് അച്യുതാനന്ദനും സുധീരനും കേരളത്തില്‍ നടത്തിയ ഇടപെടലുകള്‍ സഹായകമാണ്. അവയോട് പൊതുസമൂഹം പ്രതികരിച്ച രീതിയും പ്രധാനം തന്നെ.
സുധീരന്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലും വി എസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുമാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസില്‍ എക്കാലത്തും ‘അധികാരം’ (ഭരണത്തില്‍) കൈയാളുന്നവര്‍ക്കാണ് മേല്‍ക്കൈ. അണികളില്‍ പ്രധാന പങ്കും ഭരണത്തിലിരിക്കുന്നവര്‍ക്കൊപ്പമായിരിക്കും. 1969ല്‍ ദേശീയ പ്രസിഡന്റിനേയും വര്‍ക്കിംഗ് കമ്മിറ്റിയേയും പൂര്‍ണമായും ഒഴിവാക്കി ജഗജീവന്റാമിനെ അധ്യക്ഷനാക്കി സ്വന്തം ‘കോണ്‍ഗ്രസ്’ ഉണ്ടാക്കി മുന്നോട്ട് പോകാന്‍ ഇന്ദിരാ ഗാന്ധിക്ക് കഴിഞ്ഞത് പ്രധാനമന്ത്രിയായിരുന്നത് കൊണ്ട് മാത്രം. ഇവിടെയും ഉമ്മന്‍ ചാണ്ടിയാണ് മുഖ്യമന്ത്രിയെന്നതിനാല്‍ എം എല്‍ എമാരടക്കം നേതാക്കളെല്ലാം അധികാര കേന്ദ്രത്തോടൊപ്പമേ നില്‍ക്കൂ.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരെ മറിച്ചാണ്. അവിടെ അധികാരം ‘പാര്‍ട്ടി’ക്കാണ്. അഥവാ പാര്‍ട്ടി നേതൃത്വത്തിലിരിക്കുന്നവര്‍ക്കാണ്. വി എസ് കേവലം മുഖ്യമന്ത്രി മാത്രം. എ കെ ജി സെന്ററില്‍ നിന്ന് പറയുന്നത് കേള്‍ക്കാന്‍ മാത്രം അധികാരമുള്ള അച്ചടക്കമുള്ള, ‘പാര്‍ട്ടി അംഗം'(!) മാത്രം. രണ്ടിടത്തും അധികാരം കുറഞ്ഞവരാണ് പോരാട്ടത്തിനിറങ്ങിയത്. (അധികാരത്തിലിരിക്കുന്നവര്‍ക്കിതിന്റെ ആവശ്യമില്ലല്ലോ) രണ്ടിടത്തും പൊതു സമൂഹത്തിന്റെ പിന്തുണ പോരാളികള്‍ക്കായിരുന്നു. കാരണം വ്യക്തം. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയും വി എസിന്റെ കാലത്ത് പിണറായി വിജയനും പൊതുസമൂഹത്തോട് പറഞ്ഞത് ഒരേ കാര്യം. ഞങ്ങള്‍ അധികാരമുള്ളവര്‍ തീരുമാനിക്കുന്നതനുസരിക്കല്‍ മാത്രമാണ് ജനങ്ങള്‍ക്കുള്ള അധികാരം. അതാണ് ജനാധിപത്യം. പരസ്യമായി ജനവിരുദ്ധ നിലപാടുകള്‍ അവര്‍ എടുത്തത് ഒരു വെല്ലുവിളി തന്നെയായി ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നു.
ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനം തന്നെ നോക്കുക. ‘ഇനി മദ്യനയത്തില്‍ ചര്‍ച്ചയില്ല…’ എന്തൊരു ജനാധിപത്യം! എങ്ങനെയാണ് അന്തിമ മദ്യനയം തീരുമാനിക്കപ്പെട്ടത്? കോണ്‍ഗ്രസിലോ യു ഡി എഫിലോ അത് ചര്‍ച്ച ചെയ്‌തോ? കേവലം എം എല്‍ എമാരെ അനൗപചാരികമായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തു. അവിടെ തീരുമാനിച്ചു. അതും കോണ്‍ഗ്രസ് എം എല്‍ എമാരെ മാത്രം. കെ പി സി സിയുണ്ട്, നിര്‍വാഹക സമിതിയുണ്ട്, സര്‍ക്കാറും പാര്‍ട്ടിയും തമ്മില്‍ സഹകരണം ഉറപ്പ് വരുത്താനുള്ള സമിതിയുണ്ട്, യു ഡി എഫ് ഏകോപന സമിതിയുണ്ട്, പാര്‍ട്ടികള്‍ക്കെല്ലാം സ്വന്തം സമിതികളുണ്ട്, ഇതിനെല്ലാം പുറമെ സംയുക്ത പാര്‍ലിമെന്ററി പാര്‍ട്ടിയുമുണ്ട്.(മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് അവരാണ്). ഇതൊന്നും ഉമ്മന്‍ ചാണ്ടി വിളിച്ചില്ല. അതൊന്നും ആവശ്യമില്ലെന്ന് അദ്ദേഹത്തിന് അറിയാം. നേതാക്കള്‍, വിശേഷിച്ച് എം എല്‍ എമാര്‍ (ആ പദവിയിലെത്താന്‍ ശ്രമിക്കുന്നവരും) ഒരു കാലത്തും അഴിമതിക്കെതിരെ ഉറച്ച നിലപാടെടുക്കില്ലായെന്ന് അദ്ദേഹത്തിനറിയാം. വീണ്ടും തിരഞ്ഞെടുപ്പ വന്നാല്‍ പണം വേണം. അത് തരാന്‍ സഹായിക്കുന്നവരെ പിണക്കിയാല്‍ ‘പ്രായോഗിക നയം’ തകരും.
ഇത് തന്നെയായിരുന്നു പിണറായി വിജയനും ചെയ്തത്. മുഖ്യമന്ത്രി വി എസ് മുന്നോട്ട് വെച്ച വിഷയങ്ങള്‍ക്ക് എത്ര ജനപിന്തുണയുണ്ടായാലും വിരോധമില്ല. തങ്ങള്‍ക്ക് പാര്‍ട്ടി മതി. കാരണം അധികാരവും സമ്പത്തും നിലനിര്‍ത്തണമെന്നാഗ്രഹിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്തിന് പാര്‍ട്ടി തന്നെ മതി. പാര്‍ട്ടികള്‍ ജനങ്ങളെ (നേതാക്കളെ) കൂടെ നിര്‍ത്തുന്നത് ഏതെങ്കിലും പ്രത്യയശാസ്ത്ര പശ കൊണ്ട് ഒട്ടിച്ചല്ല. (മുമ്പ് അങ്ങനെയായിയിരുന്നു എന്നത് എല്ലാവരും തിരിച്ചറിഞ്ഞ സത്യം മാത്രം) മാണിക്കെതിരെയെന്നല്ല എല്ലാ മന്ത്രിമാര്‍ക്കെതിരെയും അഴിമതിയാരോപണം വന്നാലും ജനങ്ങള്‍ മുഴുവന്‍ എതിര്‍ത്താലും തങ്ങള്‍ അഴിമതിക്കൊപ്പമാണെന്ന് ഇരു മുന്നണികളുടെയും അധികാര കേന്ദ്രങ്ങള്‍ ഒരുമിച്ചു തീരുമാനിച്ചിരിക്കുന്നു. ഇവര്‍ തമ്മിലാണോ തിരഞ്ഞെടുപ്പ് പോരാട്ടം! പിന്നെ ജനങ്ങള്‍ക്കെന്ത് ചെയ്യാനാകും?
വി എം സുധീരന്‍ രാജിവെക്കണമെന്ന വി എസ് അച്യുതാനന്ദന്റെ ആവശ്യം ഒരു ഫലിതം പോലുമാകുന്നില്ല. ഇതിനേക്കാള്‍ നാണക്കേടുണ്ടായിട്ടും ഭരണത്തില്‍ തുടര്‍ന്ന വി എസിനെതിരെ പലരും ഉന്നയിച്ച വിമര്‍ശം തന്നെയല്ലേ ഇത്? സാമൂഹിക ജീവിതത്തില്‍ ഇത്തരം വ്യക്തി ഈഗോ ഒന്നും പ്രസക്തമല്ല. സ്വന്തം നിലപാടിനനുസരിച്ച് പോരാട്ടം തുടരുകതന്നെ വേണം. സുഗത കുമാരി ടീച്ചര്‍ പറഞ്ഞിട്ടുണ്ട്; ‘തോല്‍ക്കുന്ന യുദ്ധത്തിനും വേണമല്ലോ പടയാളികള്‍’ എന്ന്. പൊരുതി തോല്‍ക്കുന്നതും കളിക്കാര്‍ തന്നെ. അതുകൊണ്ട് തന്നെ സുധീരനും വി എസും തോല്‍ക്കുന്നില്ല.