വാജ്‌പേയിക്കും മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്‌ന

Posted on: December 24, 2014 11:29 pm | Last updated: December 25, 2014 at 10:37 am

vajpai and madan mohan

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ അടല്‍ ബിഹാരി വാജ്പയിക്കും സ്വാതന്ത്ര്യ സമര സേനാനിയും ബനാറസ് ഹിന്ദു സര്‍വകലാശാല സ്ഥാപകനുമായ മദന്‍മോഹന്‍ മാളവ്യക്കും പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇരുവര്‍ക്കും ഭാരതരത്‌ന നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്. മന്ത്രിസഭയുടെ ശിപാര്‍ശ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അംഗീകരിച്ചു. മദന്‍മോഹന്‍ മാളവ്യക്ക് മരണാനന്തര ബഹുമതിയായാണ് ഭാരതരത്‌ന നല്‍കുന്നത്. വാജ്പയിയുടെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷങ്ങള്‍ ഇന്ന് നടക്കാനിരിക്കെയും പണ്ഡിറ്റ് മാളവ്യയുടെ 153-ാമത് ജന്മവാര്‍ഷിക ആഘോഷങ്ങള്‍ക്കിടെയുമാണ് ഇരുവരെയും ഭാരതരത്‌ന നല്‍കി രാജ്യം ആദരിക്കുന്നത്. വാജ്പയിയുടെ ജന്മദിനം സദ്ഭരണ ദിനമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്.
ഭാരതരത്‌ന ലഭിക്കുന്ന ആറാമത്തെ പ്രധാനമന്ത്രിയും ആദ്യ ബി ജെ പി നേതാവുമാണ് എ ബി വാജ്പയി. വിദ്യാഭ്യാസ വിചക്ഷണനായ പണ്ഡിറ്റ് മാളവ്യക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കുന്നത് പരിഗണിക്കുമെന്ന് നരേന്ദ്ര മോദി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യക്തമാക്കിയതാണ്. 1924 ഡിസംബര്‍ 25 ന് ജനിച്ച വാജ്പയി ഇന്ത്യയുടെ 11-ാമത് പ്രധാനമന്ത്രിയാണ്. കാലാവധി പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസുകാരനല്ലാത്ത ആദ്യത്തെ പ്രധാനമന്ത്രിയെന്ന ബഹുമതിയും വാജ്പയിയുടെ പേരിലാണ്. പതിറ്റാണ്ടുകളോളം ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച വാജ്പയി, ഒമ്പത് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ട് തവണ രാജ്യസഭാംഗവുമായി. 2009ല്‍ ആരോഗ്യകാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നതുവരെ ഉത്തര്‍ പ്രദേശിലെ ലക്‌നോവില്‍ നിന്നുള്ള എം പിയായിരുന്നു. രാഷ്ട്രീയത്തിനു പുറമെ സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
‘മഹാമന’ എന്നറിയപ്പെട്ട മദന്‍മോഹന്‍ മാളവ്യ 1861 ഡിസംബര്‍ 25നാണ് ജനിച്ചത്. സ്വാതന്ത്ര്യ സമര സേനാനി എന്നതിനപ്പുറം സാമൂഹിക പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു മദന്‍മോഹന്‍ മാളവ്യ. അരനൂറ്റാണ്ടിലേറെക്കാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച മാളവ്യ, നാല് തവണ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. 1886ല്‍ കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം കോണ്‍ഗ്രസ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തോടെയാണ് മാളവ്യ ശ്രദ്ധിക്കപ്പെടുന്നത്. സ്വാതന്ത്ര്യസമര കാലത്ത് കോണ്‍ഗ്രസിലെ മിതവാദികള്‍ക്കും തീവ്രവാദികള്‍ക്കും ഇടയിലായിരുന്നു മാളവ്യയുടെ പ്രവര്‍ത്തനം. ഗോഖലെയുടെയും ബാലഗംഗാധര തിലകന്റെയും അനുയായി എന്നും മാളവ്യ അറിയപ്പെട്ടിരുന്നു.
എ ബി വാജ്പയിക്ക് ഭാരതരത്‌ന നല്‍കണമെന്ന് ബി ജെ പി ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരുന്നതാണ്. തൊണ്ണൂറാം ജന്മദിനത്തിന് വാജ്പയിക്ക് ഭാരതരത്‌ന നല്‍കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. വാജ്പയിക്ക് ഭാരതരത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി കഴിഞ്ഞ യു പി എ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. ഇക്കാര്യം യു പി എ സര്‍ക്കാര്‍ പരിഗണിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
മദന്‍മോഹന്‍ മാളവ്യക്കും വാജ്പയിക്കും ഭാരതരത്‌ന നല്‍കാനുള്ള തീരുമാനത്തെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്. ജനതാദള്‍ യുനൈറ്റഡ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തു. 2013ല്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും ശാസ്ത്രജ്ഞന്‍ സി എന്‍ റാവുവിനും ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.