Connect with us

Kozhikode

ബേപ്പൂര്‍ ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം

Published

|

Last Updated

ഫറോക്ക്: ബേപ്പൂര്‍ ഡവലപ്‌മെന്റ് മിഷനും കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനും സംയുക്തമായാണ് ആറ് ദിവസം നീണ്ടു നില്‍ക്കുന്ന വ്യവസായ, വാണിജ്യ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. നല്ലൂര്‍ മിനിസ്റ്റേഡിയത്തിലാണ് ഏഴാമത് ബേപ്പൂര്‍ ഫെസ്റ്റ് നടക്കുന്നത്. ഇന്നലെ വൈകീട്ട് ചെറുവണ്ണൂരില്‍ നിന്ന് വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ച സാസ്‌കാരിക ഘോഷയാത്രയോടെയാണ് ഫെസ്റ്റിന് തുടക്കമായത്. ഘോഷയാത്ര നല്ലൂര്‍ മിനിസ്റ്റേഡിയത്തില്‍ സമാപിച്ചു. എളമരം കരീം എം എല്‍ എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഫറോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളക്കട സരസു അധ്യക്ഷത വഹിച്ചു.
ചെറുകിട വ്യവസായ സംരംഭകര്‍, കുടുംബശ്രീ, സഹകരണ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെതുള്‍പ്പെടെ അറുപതോളം സ്റ്റാളുകള്‍, കാല, സാംസ്‌കാരിക, വിനോദ പരിപാടികള്‍ എന്നിവയാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 8.30 വരെ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടാകും. ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും. പ്രവേശനം സൗജന്യമായിരിക്കും. 24ന് താരോത്സവം, 25ന് അമൃത ടി വി സൂപ്പര്‍ സ്റ്റാര്‍ ഗ്രാന്‍ഡ് ഫിനാലെ, 26ന് മുദ്ര ആര്‍ട്‌സിന്റെ നൃത്തോത്സവം, 27ന് ഗാനമേള, 28ന് സംഗീത നൃത്ത പരിപാടികള്‍ എന്നിവയുണ്ടാകും. സാംസ്‌കാരിക ഘോഷയത്രക്ക് എളമരം കരീം എം എല്‍ എ, റീന മുണ്ടേങ്ങാട്ട്, വാളക്കട സരസു, ടി കെ ഷൈലജ, എന്‍ സി ഹംസക്കോയ, പി ആസിഫ്, എന്‍ സി അബ്ദുര്‍റസാഖ്, ബഷീര്‍ കുണ്ടായിത്തോട്, എയര്‍ലൈന്‍സ് അസീസ്, വാളക്കട ബാബു, കെ കെ ആലിക്കുട്ടി, എം ഖാലിദ് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.