പൊന്മള പഞ്ചായത്തിലെ പള്ളിയാലി വാര്‍ഡ് ഇ-വാര്‍ഡാകുന്നു

Posted on: December 24, 2014 10:37 am | Last updated: December 24, 2014 at 10:37 am

മലപ്പുറം: പൊന്മള പഞ്ചായത്തിലെ പള്ളിയാലി മൂന്നാം വാര്‍ഡ് ഇന്ന് ജില്ലാ കലക്ടര്‍ കെ ബിജു ഇ-വാര്‍ഡായി പ്രഖ്യാപിക്കും. ഒതുക്കുങ്ങല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂനിറ്റും അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസും സംയുക്തമായി നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിനെ ഇ-വാര്‍ഡായി മാറ്റുവാന്‍ സാധിച്ചത്.
ഇന്ന് വൈകുന്നേരം നാല് മണിക്കാണ് പ്രഖ്യാപന ചടങ്ങ്. എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ പലഗ്രൂപ്പുകളായി തിരിഞ്ഞ് വാര്‍ഡിലെ ഒരോ വീടും സന്ദര്‍ശിച്ച് ബോധവത്കരണം നടത്തിയിരുന്നു. വാര്‍ഡിലെ അഞ്ച് വയസിന് മുകളിലുള്ള എല്ലാവരെയും ഇ-ഡിസ്ട്രിക്റ്റിന് കീഴിലെത്തിക്കാന്‍ സാധിച്ചതായി ഇവര്‍ അവകാശപ്പെടുന്നു. അക്ഷയാകേന്ദ്രങ്ങള്‍ വഴി ലഭിക്കുന്ന 23 ഓളം സര്‍ട്ടിഫിക്കറ്റുകള്‍ എങ്ങനെ നേടാം അതിനായി എന്തെല്ലാം ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് ഇ- നിധി എന്ന പേരില്‍ കൈ പുസ്തകവും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി അബൂബക്കര്‍ സിദ്ദിഖ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉഷ ടീച്ചര്‍, സ്വാഗതസംഘം കണ്‍വീനര്‍ മണി പൊന്മള, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഇബ്‌റാഹിം മേനാട്ടില്‍, വിദ്യാര്‍ഥി പ്രതിനിധികളായ സാബിദ, ഹരി ദൂഷന്‍ പങ്കെടുത്തു.