Connect with us

Malappuram

എടവണ്ണപ്പാറ സബ്‌സ്റ്റേഷന്‍ നിര്‍മാണം: തീരുമാനം കടലാസില്‍

Published

|

Last Updated

എടവണ്ണപ്പാറ: ഒട്ടേറെ ഉപഭോക്താക്കളുള്ള എടവണ്ണപ്പാറ ഇലക്ട്രിസിറ്റി ഓഫീസിന് കീഴില്‍ ഒരു സബ്‌സ്റ്റേഷന്‍ നിര്‍മിക്കണമെന്ന ആവശ്യം ഇപ്പോഴും തുടങ്ങിയേടത്തു തന്നെ.
സബ്‌സ്റ്റേഷന്‍ നിര്‍മാണത്തിന് അനുയോജ്യ സ്ഥലം ലഭിക്കാന്‍ വാഴക്കാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങള്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു. അരീക്കോട് സബ്‌സ്റ്റേഷനിലെ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആയിരുന്നു സബ്‌സറ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം പരിശോധിക്കാനെത്തിയത്. എളമരം, മപ്രം, പീടിക്കുഴി തടയി എന്നിവിടങ്ങളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. എടവണ്ണപ്പാറ ഇലക്ട്രിസിറ്റി ഓഫീസ് എല്ലാവിധ സഹായങ്ങളും നല്‍കിയിരുന്നു. എളമരത്തിനടുത്ത് കോലോത്തുംകടവിലെ തരിശായി കിടന്നിരുന്ന സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ സ്ഥലം പരിശോധനയുടെ ഫലം ഇതുവരെ അറിഞ്ഞിട്ടില്ല. നിരവധി പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം നല്‍കാന്‍ ഉദ്ദേശിക്കുന്ന ചീക്കോട് കുടിവെള്ള പദ്ധതി സുഗമമായി പ്രവര്‍ത്തിക്കണമെങ്കില്‍ എടവണ്ണപ്പാറയില്‍ സബ്‌സ്റ്റേഷന്‍ വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 23000 ഉപഭോക്താക്കളുള്ള വലിയ ഇലക്ട്രിസിറ്റി ഓഫീസാണ് എടവണ്ണപ്പാറയിലേത്. ഈ ഓഫീസിന് കീഴില്‍ 99 ട്രാന്‍സ്‌ഫോര്‍മറുകള്‍ നിലവിലുണ്ട്. മൈലാമ്പ്ര, പൂങ്കുടി തൊട്ട് ആക്കോട് കൊടിയമ്മല്‍ ഒരു ഭാഗത്തും മറ്റൊരു ഭാഗം എളമരവും ഉള്‍പ്പെടുന്നതാണ് എടവണ്ണപ്പാറ ഇലക്ട്രിസിറ്റി ഓഫീസിന്റെ പരിധി.
നൂറോളം സര്‍വീസ് കണക്ഷനുകള്‍ പുതുതായി ഈ ഓഫീസില്‍നിന്ന് നല്‍കി വരുന്നുണ്ട്. ഇപ്പോള്‍ മൂന്ന് സബ് സ്റ്റേഷനുകളില്‍ നിന്നാണ് വൈദ്യുതി ലഭിക്കുന്നത്. അരീക്കോട് സബ് സ്റ്റേഷന്‍, കിഴിശ്ശേരി സബ് സ്റ്റേഷന്‍, അമ്പലപ്പറമ്പ് സബ് സ്റ്റേഷന്‍ എന്നിവയാണിവ. ഏതെങ്കിലും സബ് സ്റ്റേഷനുകളിലെ തകരാറുകള്‍ എടവണ്ണപ്പാറയിലെ വൈദ്യുതി പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.
ഇത്തരമൊരു പശ്ചാത്തലത്തിലാണ് എടവണ്ണപ്പാറയിലെ ഒരു സബ് സ്റ്റേഷന്‍ വേണമെന്ന ആവശ്യത്തിന് ശക്തി ലഭിച്ചത്. എന്നാല്‍ രണ്ട് വര്‍ഷത്തോളമായിട്ടും സബ് സ്റ്റേഷന്‍ നിര്‍മാണത്തിന്റെ വിവരങ്ങള്‍ ലഭിക്കാത്തതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.