അവ്യക്തതയില്ലെന്ന് എക്‌സൈസ് മന്ത്രി

Posted on: December 24, 2014 12:16 am | Last updated: December 23, 2014 at 11:16 pm

തിരുവനന്തപുരം: സംസ്ഥാനത്തെ അടച്ചുപൂട്ടിയ 418 ബാറുകള്‍ക്ക് ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു അവ്യക്തതയുമില്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. ഇതിനായി പ്രത്യേക നിയമഭേദഗതിയുടെ ആവശ്യമില്ല.
ഡ്രൈഡേ ഒഴിവാക്കുന്നതും ബാറുകള്‍ക്ക് ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുന്നതും സംബന്ധിച്ച് മന്ത്രിസഭാ യോഗ തീരുമാന പ്രകാരമുള്ള ഉത്തരവിറങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവിറങ്ങിയാല്‍ അതിന് അനുസൃതമായി ചട്ടങ്ങളില്‍ മാറ്റം വരുത്തുകയാണ് കീഴ്‌വഴക്കം. ഇതനുസരിച്ച് ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള വിജ്ഞാപനം ഇറങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ നല്‍കുന്നതിന്റെ ഭാഗമായി അടച്ചിട്ടിരിക്കുന്ന ബാറുകളുടെ ശുചിത്വനിലവാരം പരിശോധിക്കും. സാധാരണഗതിയില്‍ പരിശോധന നടത്തി ലൈസന്‍സ് പുതുക്കി നല്‍കേണ്ടത് ഡെപ്യൂട്ടി കമ്മീഷണര്‍മാരാണ്. അവരത് പരിശോധിച്ച ശേഷമേ ലൈസന്‍സ് നല്‍കൂ. പരിശോധന നടത്തി ലൈസന്‍സ് നല്‍കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല.
പരിശോധന പൂര്‍ത്തിയാക്കി ഫീസ് അടക്കുന്ന മുറക്ക് ലൈസന്‍സ് അനുവദിക്കും. 418 ബാറുകളില്‍ പലഹോട്ടലുകളും അടച്ചുപൂട്ടി പോയിട്ടുണ്ട്. വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍, വാടക കൊടുക്കാനാകാതെ പൂട്ടിപ്പോയിട്ടുണ്ട്. അങ്ങനെയുള്ള ബാറുകളൊന്നും ചിലപ്പോള്‍ തുറന്നെന്ന് വരില്ല.
ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കുള്ള വ്യവസ്ഥകളും ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സിനുള്ള വ്യവസ്ഥകളും വ്യത്യസ്തമാണ്. ബാറുകള്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കേ അനുവദിക്കൂവെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ബാറുകള്‍ക്ക് നല്‍കുന്നത് എഫ് എല്‍ 3 ലൈസന്‍സാണ്. ബിയര്‍ വൈന്‍ പാര്‍ലറുകള്‍ എഫ് എല്‍ 11 ലൈസന്‍സ് വിഭാഗത്തില്‍ വരുന്നതാണ്. ഇവ രണ്ടും അബ്കാരി നിയമത്തിന്റെ പരിധിയില്‍ വരും. നിയമം ലംഘിച്ച് ആര്‍ക്കും ലൈസന്‍സ് അനുവദിക്കില്ല. നിയമം ലംഘിച്ച് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കണമെന്ന് സര്‍ക്കാറിന് ഒരു വാശിയും ഇല്ലെന്നും മന്ത്രി പറഞ്ഞു.
പുതുതായി ബിയര്‍, വൈന്‍ ലൈസന്‍സുകള്‍ അനുവദിക്കുന്നത് ത്രീ സ്റ്റാറിന് മുകളിലോട്ടുള്ള ഹോട്ടലുകള്‍ക്ക് മാത്രമാണെന്ന വ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതേസമയം മാര്‍ച്ച് 31 വരെ തുറന്നുപ്രവര്‍ത്തിച്ചതും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ബാര്‍ ഹോട്ടലുകള്‍ക്കാണ് ബിയര്‍, വൈന്‍ ലൈസന്‍സ് കൊടുക്കാന്‍ തീരുമാനിച്ചത്. 418 ഹോട്ടലുകളിലെല്ലാം നിലവാര പരിശോധന നടന്നിട്ടില്ല. ലൈസന്‍സ് പുതുക്കാതെ അടഞ്ഞുകിടക്കുന്നവയാണവ. അടച്ചു പൂട്ടിയതില്‍ നിലവാരമുള്ളതും തുറന്നു പ്രവര്‍ത്തിക്കുന്നവയില്‍ നിലവാരമില്ലാത്തവയും ഉണ്ടെന്നും മന്ത്രി പറഞ്ഞു.
അടച്ചുപൂട്ടിയ ബാറുകളിലെ അവശേഷിക്കുന്ന മദ്യം തിരിച്ചെടുക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അവ തിരിച്ചെടുത്തിട്ടില്ല. മദ്യം തിരിച്ചെടുക്കുന്നതിനെതിരെ പോലീസിന്റെ നിര്‍ദേശം ലഭിച്ചു. അവശേഷിക്കുന്ന മദ്യം അവിടങ്ങളില്‍ സീല്‍ ചെയ്ത് സൂക്ഷിക്കുകയാണെന്നും മന്ത്രി ബാബു പറഞ്ഞു.