Connect with us

National

കാശ്മീരില്‍ കൂട്ടിയും കിഴിച്ചും പാര്‍ട്ടികള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ വിവിധ പാര്‍ട്ടികള്‍ സഖ്യ സാധ്യതകള്‍ ആരാഞ്ഞ് തുടങ്ങി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പി ഡി പിയിലേക്കാണ് എല്ലാ ശ്രദ്ധയും. തിരക്കിട്ട് തീരുമാനമെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ബി ജെ പി. എന്നാല്‍ ഏത് സാധ്യതയും ആരായുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസാണെങ്കില്‍ പി ഡി പിക്ക് പിന്തുണ നല്‍കുന്ന കാര്യം പരിഗണിക്കാവുന്ന സ്ഥിതിയിലാണ്. ഇതുസംബന്ധിച്ച് ഗുലാം നബി ആസാദ് വ്യക്തമായ സൂചന നല്‍കിക്കഴിഞ്ഞു. ബി ജെ പിയേക്കാള്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതാണ് നല്ലെതെന്ന് പി ഡി പിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. എന്നാല്‍ അന്തിമ തീരുമാനത്തിലേക്ക് പി ഡി പി എത്തിച്ചേരാന്‍ പാടുപെടുമെന്ന് സാധ്യതകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.
ബി ജെ പിയുമായും സജ്ജാദ് ലോണിന്റെ പീപ്പിള്‍സ് കോണ്‍ഫറന്‍സുമായും ചേര്‍ന്ന് പി ഡി പി സര്‍ക്കാറുണ്ടാക്കുകയാണ് ഒരു സാധ്യത. ഇങ്ങനെ വന്നാല്‍ പി ഡി പി നേതാവ് മുഫ്തി മുഹമ്മദ് സഈദ് ഒന്നൊകില്‍ പൂര്‍ണ ഊഴ മുഖ്യമന്ത്രിയാകും. ജമ്മുവില്‍ നിന്നുള്ള ബി ജെ പി അംഗം ഉപമുഖ്യമന്ത്രിയാകും. അതല്ലെങ്കില്‍ ആകെ ഊഴത്തെ രണ്ടായി പകുത്ത് ഒരു പകുതിയില്‍ പി ഡി പി നേതാവും മറുപകുതിയില്‍ ബി ജെ പി നേതാവും മുഖ്യമന്ത്രിയാകും. സജ്ജാദ് ലോണിനെ ഉപമുഖ്യന്ത്രിയാക്കുന്നതും പരിഗണിച്ചേക്കാം.
എന്നാല്‍ ബി ജെ പിയും പി ഡി പിയും തമ്മില്‍ ആശയപരമായി ഇരുധ്രുവങ്ങളിലാണ് ഉള്ളത്. അത് ഈ സാധ്യതയെ ഏച്ചു കെട്ടലാക്കി മാറ്റുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
കോണ്‍ഗ്രസിന്റെ പുറത്ത് നിന്നുള്ള പിന്തുണ സ്വീകരിച്ച് മുഫ്തി മുഹമ്മദ് സഈദ് മുഖ്യമന്ത്രിയാകുക എന്നതാണ് മറ്റൊരു സാധ്യത. ഇത് നടക്കണമെങ്കില്‍ ഏതാനും സ്വതന്ത്രരുടെ പിന്തുണ വേണ്ടി വരും. നേരത്തേ ഈ രണ്ട് കക്ഷികള്‍ കൈകോര്‍ത്തപ്പോള്‍ കാര്യങ്ങള്‍ അത്ര ശുഭകരമായിരുന്നില്ല. എന്നാല്‍ ബി ജെ പിയെ അകറ്റി നിര്‍ത്തുന്നതിന് ഇത്തവണ പി ഡി പിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തയ്യാറായേക്കും. പി ഡി പിയും കോണ്‍ഗ്രസുമായുള്ള ബന്ധം തീര്‍ത്തും സ്വാഭാവികമാണെന്ന പ്രത്യേകതയുമുണ്ട്. പ്രദേശിക പാര്‍ട്ടി ഉണ്ടാക്കുന്നതിന് മുമ്പ് മുഫ്തി കോണ്‍ഗ്രസ് നേതാവായിരുന്നു. മാത്രമല്ല, പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് ഈ പുതിയ ബാന്ധവം ഗുണം ചെയ്യുമെന്ന് തന്നെയാണ് പാര്‍ട്ടിയിലെ പ്രബല പക്ഷത്തിന്റെ വിലയിരുത്തല്‍.
ബി ജെ പിയും പീപ്പിള്‍സ് കോണ്‍ഫറന്‍സും ചേര്‍ന്ന് നാഷനല്‍ കോണ്‍ഫറന്‍സിന്റെയും സ്വതന്ത്രന്‍മാരുടെയും പിന്തുണയോടെ സര്‍ക്കാറുണ്ടാക്കുകയാണ് മറ്റൊരു സാധ്യത. നാഷനല്‍ കോണ്‍ഫറന്‍സിനെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് ജനവിധിയെന്ന് തങ്ങള്‍ മനസ്സിലാക്കുന്നുവെന്നും അതിനാല്‍ സര്‍ക്കാറില്‍ ചേരില്ലെന്നും എന്‍ സിയിലെ നേതാക്കള്‍ പറയുന്നു.

Latest