ഉപജീവനം വഴിമുട്ടിയ കുഞ്ഞിമൊയ്തീന് ഫേസ് ബുക്ക് കൂട്ടായ്മ തുണയായി

Posted on: December 23, 2014 9:04 am | Last updated: December 23, 2014 at 9:04 am

തിരൂരങ്ങാടി: ഉപജീവനം വഴിമുട്ടിയ കച്ചവടക്കാരന് ഫേസ് ബുക്ക് കൂട്ടായ്മ തുണയായി. വെറുതെ ലൈക്കടിക്കാനും കമന്റ് ചെയ്യാനും മാത്രമുളളതല്ല, ജീവിതം വഴി മുട്ടിയ സഹജീവികളെ സഹായിക്കാനും ഉപകരിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കൊടിഞ്ഞിയിലെ വിശേഷങ്ങള്‍ എന്ന ഫേസ് ബുക്ക് കൂട്ടായ്മ.
കൊടിഞ്ഞി അല്‍അമീന്‍ നഗര്‍ സ്വദേശിയായ കുന്നത്തേരി കുഞ്ഞിമൊയ്തീനാണ് ഫേസ് ബുക്ക് കൂട്ടായ്മയില്‍ പുതിയ കട ലഭിച്ചത്. പതിറ്റാണ്ടുകളായി കൊടിഞ്ഞി ഫാറൂഖ് നഗറില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് താത്കാലിക പെട്ടി കടയില്‍ കച്ചവടവുമായി കഴിയുകയായിരുന്നു ഇദ്ദേഹം.
കഴിഞ്ഞ മാസം ഈ പറമ്പില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി കട പൊളിച്ചു മാറ്റേണ്ടി വന്നതോടെ ഇദ്ദേഹം പെരുവഴിയിലാകുകയായിരുന്നു. വാടകക്ക് മുറിയെടുത്ത് കച്ചവടം ചെയ്യാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത ഇദ്ദേഹത്തിന് തുടര്‍ന്നുള്ള കച്ചവട ജീവിതം ചോദ്യ ചിഹ്നമായി. വരുമാനം നിലക്കുന്നതോടൊപ്പം കാലങ്ങളായി ശീലിച്ച് വന്നിരുന്ന അങ്ങാടിയിലെ കച്ചവടം ഇല്ലാതാകുകയും ചെയ്യുന്നത് ഇദ്ദേഹത്തെ സങ്കടത്തിലാക്കി. കട പൊളിച്ചു മാറ്റുന്നത് കൊടിഞ്ഞിയിലെ വിശേഷങ്ങള്‍ എന്ന ഗ്രൂപ്പിലെ അംഗം പോസ്റ്റ് ചെയ്തതോടെയാണ് കുഞ്ഞിമൊയ്തീന്റെ സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചിറക് മുളക്കാന്‍ തുടങ്ങിയത്. ഇത് ഗ്രൂപ്പില്‍ ചര്‍ച്ചയാകുകയും ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഇദ്ദേഹത്തിന് കട നിര്‍മിച്ച് നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. പ്രവാസികളുള്‍പ്പെടെ മൂവ്വായിരത്തിലേറെ അംഗങ്ങളാണ് ഗ്രൂപ്പിലുളളത്. ഒരു മാസം കൊണ്ട് അംഗങ്ങള്‍ നാല്‍പതിനായിരത്തോളം രൂപ സമാഹരിച്ച് പുതിയ പെട്ടിക്കട നിര്‍മിച്ച് നല്‍കുകയായിരുന്നു. നാട്ടിലുള്ള ഗ്രൂപ്പിന്റെ അഡ്മിനുകളായ കുഞ്ഞറമു തടത്തില്‍, അശ്ഫാഖ് മച്ചിങ്ങല്‍, രജസ്ഖാന്‍ മാളിയാട്ട് എന്നിവര്‍ ചേര്‍ന്ന് നാട്ടുകാരുടെ സാന്നിധ്യത്തില്‍ ഇന്നലെ താക്കോല്‍ കൈമാറി.
താക്കോല്‍ദാന ചടങ്ങില്‍ വി കെ രായിന്‍കുട്ടി ഹാജി, ആലംഗീര്‍, ഫഹദ് പൊറ്റാണിക്കല്‍, മുസ്തഫ ഊര്‍പ്പായി, പുല്ലാണി ഭാസ്‌കരന്‍, ബാപ്പു, മജീദ്, പങ്കെടുത്തു. ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കൊടിഞ്ഞി കുറൂല്‍ സ്വദേശിയായ പാവപ്പെട്ട വ്യക്തിക്ക് കിണറിന് ആള്‍മറ കെട്ടി നല്‍കുന്ന പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്. നാട്ടുകാരുടെ കലാ സാംസ്‌കാരിക പരിപാടിക്കുള്ള തയ്യാറെടുപ്പിലാണ് ഗ്രൂപ്പ്.