Connect with us

Malappuram

വരുന്നു; മലബാര്‍ പ്രീമിയര്‍ ലീഗ്

Published

|

Last Updated

മലപ്പുറം: കേരളാ ഫുട്‌ബോള്‍ അസോസിയേഷന്റെ അംഗീകാരത്തോടെ ഐ പി എല്‍ മോഡല്‍ മലബാര്‍ ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് തുടങ്ങുന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് മത്സരം നടത്തുന്നത്. മലബാര്‍ മേഖലയിലെ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ജില്ലയിലെ ഫുട്‌ബോളിന്റെ സമഗ്ര വികസനവുമാണ് മേളയുടെ ലക്ഷ്യം.
ജില്ലയില്‍ ഫുട്‌ബോളിന് പ്രധാന്യമുള്ള എട്ട് മേഖലകളില്‍ നിന്നും അംഗീകൃത ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ദേശീയ, അന്തര്‍ദേശീയ ഫുട്‌ബോള്‍ താരങ്ങളെയും മുന്‍ അന്താരാഷ്ട്ര താരങ്ങളെയും മത്സരത്തില്‍ ഉള്‍പ്പെടുത്തും. മഞ്ചേരി ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയം, കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടത്തുക. ഇതില്‍ നിന്നുള്ള വരുമാനം മഞ്ചേരിയിലെ ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെയും കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെയും വികസനത്തിന് വിനിയോഗിക്കും. കൂടാതെ മറ്റ് കായിക വികസന പദ്ധികള്‍ക്കും മത്സരത്തിന് പങ്കെടുക്കുന്ന പ്രാദേശിക ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ അക്കാദമികളും ഫുട്‌ബോള്‍ നഴ്‌സറികളും തുടങ്ങുന്നതിനും തുക വിനിയോഗിക്കും.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ അക്കാദമി തുടങ്ങാനും ഉദ്ദേശിക്കുന്നുണ്ട്. പ്രീമിയര്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍ കണ്‍വീനറുമായി ഒരു കമ്മിറ്റിയെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനറല്‍ ബോഡി യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. മറ്റു മത്സരങ്ങളുടെ സമയക്രമം പരിശോധിച്ച് 2015 ഏപ്രിലില്‍ മത്സരങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.