സര്‍ക്കാര്‍ അലംഭാവത്താല്‍ അന്വേഷണം നീണ്ടുപോകുന്നുവെന്ന് പിതാവ്‌

Posted on: December 23, 2014 12:50 am | Last updated: December 22, 2014 at 11:50 pm

കൊച്ചി: സത്‌നാംസിംഗിന്റെ ദുരൂഹമരണത്തില്‍ അന്വേഷണം സര്‍ക്കാറിന്റെ അലംഭാവത്താല്‍ നീണ്ടുപോകുന്നതായി പിതാവ് ഹരീന്ദ്രകുമാര്‍ സിംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മകന്റെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ നല്‍കിയ വാഗ്ദാനം രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലായിട്ടില്ലെന്നും സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് സര്‍ക്കാറിന്റെ മറുപടി കിട്ടാത്തത് കൊണ്ടു മാത്രം നീണ്ടു പോകുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സത്‌നാംസിംഗിന്റെ മരണം സംഭവിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല എന്നഭിപ്രായപ്പെട്ട ഗവണ്‍മെന്റ് പ്ലീഡറെ തത്സ്ഥാനത്ത് നിന്ന് നീക്കി കേസന്വേഷണം പരമാവധി വൈകിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. തുടക്കം മുതല്‍ കേസ് എല്ലാ ഘട്ടങ്ങളിലും അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. നിലവില്‍ ആറ് പേരെ പ്രതികളാക്കിയാണ് ക്രൈം ബ്രാഞ്ച് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളിലെ തെളിവുകള്‍ പോലും അവഗണിച്ച് പേരൂര്‍ക്കട മാനസികാരോഗ്യാശുപത്രിയെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. അതു കുറ്റവാളികളെ കണ്ടെത്താന്‍ പര്യാപ്തമല്ലെന്നും കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമൃതാനന്ദമയി ആശ്രമത്തിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് കസ്റ്റഡിയിലായ സത്‌നാംസിംഗ് 2012 ആഗസ്റ്റ് നാലിന് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ വെച്ചാണ് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്. സത്‌നാംസിംഗിന്റെ മാതാവ് സുമന്‍ സിംഗ് സഹോദരന്‍ കരണ്‍ദീപ് സിംഗ്്, സത്‌നാംസിംഗ് ഡിഫന്‍സ് കമ്മിറ്റി ഭാരവാഹികളായ ടി കെ വിജയന്‍, പ്രൊഫ. കെ അജിത എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സത്‌നാംസിംഗിന്റെ ദുരൂഹമരണം: