ഹിമാചലില്‍ ക്യാമ്പില്‍ പങ്കെടുത്ത അഞ്ച് പേര്‍ക്ക് കാഴ്ച നഷ്ടമായി

Posted on: December 23, 2014 12:41 am | Last updated: December 22, 2014 at 11:41 pm

ധര്‍മശാല: പഞ്ചാബിനു പിന്നാലെ ഹിമാചല്‍ പ്രദേശിലും സൗജന്യ നേത്ര ചികിത്സാ ക്യാമ്പില്‍ പങ്കെടുത്ത് ശസ്ത്രക്രിയക്ക് വിധേയരായ അഞ്ച് പേര്‍ക്ക് കാഴ്ച ശക്തി നഷ്ടമായി. കംഗ്ര ജില്ലയിലെ കന്ദ്‌വാള്‍ ഗ്രാമത്തില്‍ പത്താന്‍കോട്ടുകാരനായ സ്വകാര്യ ഡോക്ടറാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 22നും 29 നും ഇടക്കാണ് പഞ്ചാബില്‍ നിന്നും ഹിമാചല്‍ പ്രദേശില്‍ നിന്നുമുള്ള 60ഓളം രോഗികള്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായത്. നിതിന്‍ സലറിയ എന്ന ഡോക്ടറാണ് ക്യാമ്പില്‍ രോഗികളെ പരിശോധിച്ചത്. ശേഷം രോഗികളെ ശസ്ത്രക്രിയക്കായി പത്താന്‍ കോട്ടിലെ സലറിയ ഐ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയക്ക് വിധേയരായവര്‍ കഴിഞ്ഞ വെള്ളിയാഴ്ച കാഴ്ച പരിശോധനക്കായി കംഗ്ര ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ മാത്രമാണ് അധികൃതര്‍ വിവരമറിഞ്ഞത്. കാഴ്ച നഷ്ടപ്പെട്ട വിവരം അറിയിച്ചപ്പോള്‍ രോഗികളുടെ ബന്ധുക്കള്‍ ബഹളം കൂട്ടി.
ഒരാഴ്ചക്കകം സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കന്ദ്‌വാള്‍ ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി എം ഗുപ്തയോട് സംസ്ഥാന ആരോഗ്യ സെക്രട്ടറി വിനീത് ചൗധരി ഉത്തരവിട്ടിട്ടുണ്ട്. രോഗികളിലധികവും കന്ദ്‌വ ജില്ലയില്‍ നിന്നുള്ളവരാണ്. സംസ്ഥാന ആരോഗ്യ മന്ത്രാലയം ഇത്തരം ശസ്ത്രക്രിയകളോ ക്യാമ്പുകളോ സംഘടിപ്പിക്കാറില്ല എന്നും അധികൃതര്‍ പറഞ്ഞു.
ഈ മാസം ആദ്യത്തിലാണ് പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായ മുപ്പതോളം ആളുകള്‍ക്ക് കാഴ്ച ശക്തി നഷ്ടമായത്. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഈ ശസ്ത്രക്രിയ നടന്നതെന്ന് കണ്ടെത്തിയിരുന്നു.