മഞ്ചേരിയിലെ കലാലയങ്ങളില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു

Posted on: December 22, 2014 8:59 am | Last updated: December 22, 2014 at 8:59 am

മഞ്ചേരി: മഞ്ചേരിയിലെ കലാലയങ്ങളില്‍ ലഹരി മാഫിയ പിടിമുറുക്കി. പോലീസും എക്‌സൈസും ഷാഡോ സംഘം രൂപവത്കരിച്ചിട്ടും ഫലപ്രദമാക്കാനായിട്ടില്ല.
വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്താനായി ടൗണ്‍ കേന്ദ്രീകരിക്കുന്ന കഞ്ചാവ് വില്‍പ്പനക്കാര്‍ പിടിയിലായാലും പെട്ടെന്ന് ജാമ്യത്തിലിറങ്ങുകയാണ് പതിവ്. കഴിഞ്ഞ മാസം ഒരു കിലോ കഞ്ചാവ് എസ് ഐ പിടികൂടിയിരുന്നു. ഇതിലെ പ്രധാന കണ്ണികള്‍ ഉടന്‍ രാജ്യം വിട്ടു. രാഷ്ട്രീയക്കാരുടെ ഒത്താശയോടെ കഞ്ചാവു കച്ചവടക്കാര്‍ എസ് ഐ സി കെ നാസറിനെ സ്ഥലം മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ആദ്യം കൊളത്തൂരിലേക്കും ഇപ്പോള്‍ കുറ്റിപ്പുറത്തേക്കുമാണ് എസ് ഐ ക്ക് സ്ഥലം മാറ്റ ഉത്തരവ് വന്നത്.
ഒളിവില്‍ പോയ പ്രതികളെ പിടികൂടാതിരിക്കാനാണ് സ്ഥലംമാറ്റ നടപടികള്‍. മഞ്ചേരിയിലെ ബസ്സ്റ്റാന്‍ഡുകള്‍, ബൈപ്പാസ് റോഡുകള്‍ എന്നിവ കേന്ദ്രീകരിച്ചും ലഹരി വില്‍പ്പന തകൃതിയായി നടക്കുന്നു.
ഇന്നലെ മഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി രാജീവും സംഘവും 75 പൊതി കഞ്ചാവ് പിടികൂടി. എസ് ഐ സി കെ നാസറും സംഘവും ഇന്നലെ ബസ് സ്റ്റാന്‍ഡില്‍ നിന്നും മുള്ളമ്പാറ കുറുക്കന്‍ മൂച്ചിപ്പറമ്പ് അജിത്തി(25)നെ 200 ഗ്രാം കഞ്ചാവ് സഹിതം പിടികൂടി. ഇതെല്ലാം വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്താനായിരുന്നുവെന്നാണ് പോലീസും എക്‌സൈസും പറയുന്നത്. ലഹരി മാഫിയക്ക് സൗകര്യം ചെയ്യുന്നത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളാണെന്ന് അധികൃതര്‍ പറയുന്നത്.