ചുഴലി മൈതാനം പുഴയെടുക്കുന്നു; അധികൃതര്‍ക്ക് അനക്കമില്ല

Posted on: December 22, 2014 8:50 am | Last updated: December 22, 2014 at 8:50 am

നാദാപുരം: വാണിമേല്‍ പുഴയോട് ചേര്‍ന്ന നരിപ്പറ്റ പഞ്ചായത്തിലെ ചുഴലി മൈതാനം പുഴയെടുക്കുന്നു. മൈതാനം സംരക്ഷിക്കാന്‍ അധികൃതര്‍ യാതെരു നടപടിയും സ്വീകരിക്കുന്നില്ല. ഇരുപഞ്ചായത്തിലേയും കായികപ്രേമികള്‍ക്ക് പ്രകൃതി അനുഗ്രഹിച്ച് നല്‍കിയ കളിസ്ഥലമാണ് ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥമൂലം നശിക്കുന്നത്. കാലവര്‍ഷത്തില്‍ മൈതാനത്തിന്റെ 50 ഓളം മീറ്റര്‍ ദൂരത്തോളം മണ്ണൊലിച്ച് പോയിട്ടുണ്ട്. മണ്ണൊലിച്ച് പോയ ഭാഗം അപകടാവസ്ഥയിലാണ്. നരിപ്പറ്റ പഞ്ചായത്തിലെ നാല് വാര്‍ഡുകളിലുള്ളവരും സ്‌കൂളുകളിലെ കുട്ടികളും പരിശീലനത്തിന് ചുഴലിമൈതാനത്തെയാണ് ആശ്രയിക്കുന്നത്. പൊതുപരിപാടികള്‍ക്കടക്കം ഉപയോഗിക്കുന്ന മൈതാനമാണ് കെട്ടി സംരക്ഷിക്കാത്തതിനാല്‍ നശിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കിയാണ് പലയിടങ്ങളിലും പുല്‍മേടുകളോടെ മൈതാനം നിര്‍മിക്കുന്നത്. എന്നാല്‍ പ്രകൃതി കനിഞ്ഞ് നല്‍കിയ പുല്‍മേടുകളോട് കൂടിയ മൈതാനം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.