ആരോഗ്യക്ഷേമ പ്രവര്‍ത്തനം താളം തെറ്റുന്നു

Posted on: December 22, 2014 8:40 am | Last updated: December 22, 2014 at 8:40 am

healthപാലക്കാട്: ജില്ലയിലെ ഗ്രാമപഞ്ചായത്തു വാര്‍ഡുകളില്‍ ആ രോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആശാ പ്രവര്‍ ത്തകര്‍ക്ക് വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നതായി പരാതി. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകര്‍ യാതൊരുവിധ വേതനമൊ മറ്റ് ആനുകൂല്യങ്ങളൊ ലഭിക്കാതെ സേവനം മനുഷ്ടിക്കുവാന്‍ തുടങ്ങിയിട്ട് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി. ദേശീയ-ഗ്രാമീണ ആരോഗ്യമിഷന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളിലും നിയോഗിച്ചിട്ടുളളവര്‍ക്കാണ് വേതനം ലഭിക്കാത്തത്. പഞ്ചായത്തിലെ ഓരോവാര്‍ഡിലും രണ്ടുപേരെ വീതമാണ് ഇത്തരത്തില്‍ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്ക് പ്രതിമാസം 700 രൂപയായിരുന്നു സര്‍ക്കാര്‍ വേതനമായി നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ മറ്റ് വിവിധ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഇവര്‍ക്കു നല്‍കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. വാര്‍ഡുകളിലെ ഗര്‍ഭിണികളുടെയും ശിശുക്കളുടെയും ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയാണിവര്‍ക്കുളളത്. ആരോഗ്യ വകുപ്പിന്റെ കീഴിലുളള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
മാസാന്തരങ്ങളില്‍ മീറ്റിംങ്ങുകളും പരിശീലനങ്ങളും നടക്കാറുണ്ട്. എന്നാല്‍ ഇതില്‍ പങ്കെടുക്കുന്നതിനുളള അലവന്‍സ് പോലും ഇതുവരെ ലഭിച്ചില്ലെന്ന പരാതിയുമുണ്ട്.—ഗര്‍ഭിണികള്‍ക്ക് പ്രസവത്തിന്റെ മുന്നോടിയായി നല്‍കാറുളള കുത്തിവെപ്പിന് ആശാ പ്രവര്‍ത്തകര്‍ക്ക് ല’ിക്കുന്ന പ്രത്യേക ആനുകൂല്യങ്ങളും വെട്ടികുറച്ചതും പ്രതിഷേധത്തിനിടയാക്കിട്ടുണ്ട്. ഗര്‍ഭിണികള്‍ക്കു കുട്ടികള്‍ക്കും വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ജനനി സുരക്ഷ യോജന, പള്‍സ് പോളിയൊ നിര്‍മ്മാര്‍ജ്ജന യജ്ഞം, നവജാത ശിശുക്കളുടെ പ്രായത്തിനനുസരിച്ചുളള പ്രതിരോധ കുത്തിവെപ്പുകള്‍, സാംക്രമിക രോഗങ്ങള്‍ക്കെതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും ആശാ പ്രവര്‍ത്തകര്‍ നടത്തുന്നത്. ആശാ പ്രവര്‍ത്തകരുടെ വേതനം ഉടന്‍ വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും നിലവിലുളള വേതനവും കുടിശ്ശികയും ലഭിക്കാത്തത് ഇവരുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ആരോഗ്യ മേഖലയില്‍ ഏറെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കി കൊണ്ടിരിക്കുമ്പോഴും ഈ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലെത്തിക്കേണ്ട ആശാ പ്രവര്‍ത്തകരെ അവഗണിക്കുന്ന നടപടികളില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
സര്‍ക്കാര്‍ തങ്ങളുടെ കാര്യത്തില്‍ അനുകൂലമായ തീരുമാനമെടുക്കുമെന്ന തികഞ്ഞ പ്രതീക്ഷയിലായിരുന്നു കഴിഞ്ഞ നാളുകളിലെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍.