ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് ജയം; യുനൈറ്റഡിന് സമനില

Posted on: December 22, 2014 12:40 am | Last updated: December 22, 2014 at 12:40 am

ENGLISH PREMIER LEAGUEലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു. ഡേവിഡ് സില്‍വയുടെ ഇരട്ട ഗോളാണ് സിറ്റിക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. യായ ടുറെയാണ് മൂന്നാം ഗോള്‍ നേടിയത്. രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും പിറന്നത്. 41, 61 മിനുട്ടുകളിലായിരുന്നു സില്‍വയുടെ ഗോള്‍. ടുറെയുടെ ഗോള്‍ 81ാം മിനുട്ടിലും. ഒക്‌ടോബര്‍ 25ന് ശേഷം സില്‍വ നേടുന്ന ആദ്യ ഗോളാണിത്. പതിനേഴ് മത്സരങ്ങള്‍ പിന്നിട്ട സിറ്റി ജയത്തോടെ 39 പോയന്റുമായി ഒന്നാം സ്ഥാനത്തുള്ള ചെല്‍സിക്കൊപ്പമെത്തി. 16 കളികളില്‍ നിന്നായി 39 പോയിന്റാണ് ചെല്‍സിക്ക്. അതിനിടെ തുടര്‍ച്ചയായ ഏഴാം വിജയം ലക്ഷ്യമിട്ടിറങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ആസ്റ്റണ്‍വില്ല 1-1ന് സമനിലയില്‍ തളച്ചു. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള യുനൈറ്റഡിനെ പത്ത് പേരുമായി കളിച്ച വില്ല സമനിലയില്‍ കുരുക്കുകയായിരുന്നു. 18ാം മിനുട്ടില്‍ ബെന്‍ടക് ആണ് വില്ലക്കായി ഗോള്‍ നേടിയത്. 53ാം മിനുട്ടില്‍ ഫാല്‍ക്കോ ആണ് യുനൈറ്റഡിനായി സമനില ഗോള്‍ നേടിയത്. ഗബ്രിയല്‍ അഗ്‌ബോള്‍ലഹര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്നാണ് വില്ല പത്ത് പേരായി ചുരുങ്ങിയത്.