ആണവ ബാധ്യതാ നിയമം മറികടക്കാന്‍ അണിയറയില്‍ തന്ത്രമൊരുങ്ങുന്നു

Posted on: December 22, 2014 12:16 am | Last updated: December 22, 2014 at 12:16 am

us nuclear plantന്യൂഡല്‍ഹി: ശതകോടി ഡോളറുകള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ആണവ കരാറിലെ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യ ശ്രമം ഊര്‍ജിതമാക്കി. ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയിലെത്തുന്നതിന് മുമ്പായി മുഴുവന്‍ തര്‍ക്കങ്ങളും പരിഹരിച്ച് സിവില്‍ ആണവ സഹകരണ കരാര്‍ പൂര്‍ണാര്‍ഥത്തില്‍ പ്രാബല്യത്തിലാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമം ശക്തമാക്കുന്നത്. ആണവ അപകടമുണ്ടായാല്‍ ബാധ്യത ആര് ഏറ്റെടുക്കുമെന്നതിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇത് മറികടക്കാന്‍ ആണവ ഇന്‍ഷ്വറന്‍സ് നിധി രൂപവത്കരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവിലെ ആണവ ബാധ്യത ബില്‍ പ്രകാരം അപകടത്തിന്റെ ബാധ്യത ഉപകരണങ്ങള്‍ നല്‍കിയ കമ്പനികള്‍ ഏറ്റെടുക്കേണ്ടതുണ്ട്. ഇതില്‍ അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക് അടക്കമുള്ളവക്ക് വന്‍ പ്രതിഷേധം ഉണ്ട്. ആണവ ബാധ്യതയില്‍ നിന്ന് ഒഴിവാക്കിക്കിട്ടാന്‍ ഇവര്‍ സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര കരാറുകളില്‍ നിന്നുള്ള വ്യതിചലനമാണ് യു പി എ കൊണ്ടു വന്ന നിയമമെന്ന് കമ്പനികള്‍ വാദിക്കുന്നു.
2008ല്‍ അമേരിക്കയുമായി സിവില്‍ ആണവ സഹകരണ കരാര്‍ നിലവില്‍ വന്നെങ്കിലും 2010ലെ ബാധ്യതാ നിയമത്തിന്റെ സാന്നിധ്യം ഒന്നു കൊണ്ട് മാത്രം പാശ്ചാത്യ കമ്പനികള്‍ ഇന്ത്യയിലേക്ക് വരാന്‍ മടിക്കുകയാണ്. അതേസമയം, ഊര്‍ജ പ്രതിസന്ധി അനുഭവിക്കുന്ന ഇന്ത്യയില്‍ ആണവ സാമഗ്രികള്‍ക്കും ഇന്ധനത്തിനും വന്‍ കമ്പോളം ഉണ്ടെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. യു എസ്- ജപ്പാന്‍ സംയുക്ത സംരംഭമായ ജി ഇ- ഹിറ്റാച്ചി, തോഷിബയുടെ വെസ്റ്റിംഗ്ഹൗസ് ഇലക്ട്രിക് കമ്പനി, ഫ്രാന്‍സിന്റെ അരീവാ എന്നിവ രണ്ട് വീതം റിയാക്ടറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. വിതരണക്കാരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇന്ത്യ അതിവേഗം ശ്രമിച്ചു വരികയാണെന്നും ആണവ ബാധ്യതക്ക് ഇന്‍ഷ്വറന്‍സ് കമ്പനികളെ ആശ്രയിക്കാമോയെന്നാണ് നോക്കുന്നതെന്നും ആണവ കമ്മീഷന്‍ അധ്യക്ഷന്‍ ആര്‍ കെ സിന്‍ഹ പറഞ്ഞു.
ന്യൂക്ലിയര്‍ ഇന്‍ഷ്വറന്‍സ് പൂള്‍ രൂപവത്കരിക്കുന്നതിന് പൊതു മേഖലാ ഇന്‍ഷ്വറന്‍സ് സ്ഥാപനമായ ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയാണ് രൂപരേഖ തയ്യാറാക്കുന്നത്. ഇതുവഴി മൂന്നാം കക്ഷി വിദേശ കമ്പനികളെ നേരിട്ടുള്ള ബാധ്യതയില്‍ നിന്ന് രക്ഷിക്കാമെന്നാണ് കണക്ക് കൂട്ടല്‍. ആണവ റിയാക്ടര്‍ സ്ഥാപിക്കാന്‍ കരാറെടുക്കുന്ന കമ്പനികള്‍ തന്നെയാകും ആദ്യം ഇന്‍ഷ്വറന്‍സ് തുകയടക്കുക. പിന്നീട് സര്‍വീസ് ചാര്‍ജായി ഇത് ഈടാക്കും.
ഫലത്തില്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍ പി സി ഐ എല്‍)ന്റെ മേല്‍ ബാധ്യത പതിക്കും. രണ്ട് മാസത്തിനകം അന്തിമ രൂപമാകുന്ന നിര്‍ദേശം പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തെ മറികടക്കാനുള്ള കുറുക്കു വഴിയാണ് ഇന്‍ഷ്വറന്‍സ് പൂളെന്ന് വ്യക്തമാണ്. എന്നാല്‍ ഈ നിര്‍ദേശം പ്രാവര്‍ത്തികമായാല്‍ എന്‍ സി പി ഐ എല്ലിന് നഷ്ടം വരാതെ നോക്കുമെന്നാണ് സിന്‍ഹ പറയുന്നത്.
രണ്ട് ദശകത്തിനകം ആണവ മേഖലയില്‍ നിന്ന് 62,000 മേഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇപ്പോള്‍ അത് 4,780 മെഗാവാട്ട് മാത്രമാണ്. അതേസമയം, ജപ്പാനിലെ ഫുക്കുഷിമയിലെ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങളെല്ലാം ആണവ ഊര്‍ജത്തില്‍ നിന്ന് പിന്‍വാങ്ങുകയാണ്. ഈ സാഹചര്യത്തില്‍ റിയാക്ടറുകളുടെ കമ്പോളം കുത്തനെ ഇടിയും. ഇതാണ് ജി ഇ അടക്കമുള്ളവര്‍ ഇന്ത്യയില്‍ കണ്ണും നട്ടിരിക്കുന്നതിന്റെ പശ്ചാത്തലം.
ഇന്‍ഷ്വറന്‍സ് പൂള്‍ നിര്‍ദേശത്തോട് ജി ഇ പ്രതികരിച്ചിട്ടില്ല. പ്രോത്സാഹനജനകം എന്നാണ് അരീവാ പ്രതികരിച്ചത്.