യോഗ്യതാ മാനദണ്ഡം ക്ഷീരസംഘം ജീവനക്കാര്‍ക്ക് തിരിച്ചടിയാകുന്നു

Posted on: December 21, 2014 10:27 am | Last updated: December 21, 2014 at 10:27 am

പാലക്കാട്: മലബാര്‍ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്‍ ജൂനിയര്‍ അസിസ്റ്റന്റ് യോഗ്യതാമാനദണ്ഡം ക്ഷീരസംഘം ജീവനക്കാര്‍ക്ക് തിരിച്ചടിയാകുന്നു. നിയമനത്തില്‍ 50 ശതമാനം പ്രാഥമിക സഹകരണസംഘം ജീവനക്കാര്‍ക്കായി നീക്കിവെച്ചിട്ടുള്ള തസ്തികയില്‍ നിന്നാണ് പുറത്താകുന്നത്.—
ഡിസംബര്‍ 14ന് മില്‍മ പുറത്തിറക്കിയ വിജ്ഞാപനപ്രകാരം ജൂനിയര്‍ അസിസ്റ്റന്റിന് സഹകരണവും ബാങ്കിങ്ങിലോ സയന്‍സിലോ കൊമേഴ്‌സിലോ ആര്‍ട്‌സ് വിഷയങ്ങളിലോ ബിരുദവും കൂടാതെ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷനോ (ജെ ഡി സി) ഹയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷനോ (എച്ച് ഡി സി) വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ക്ഷീരസംഘങ്ങളില്‍ സേവനം ചെയ്യുന്നവരില്‍ മിക്കവരും സഹകരണവും ബേങ്കിങ്ങിലും ബിരുദമോ ജെ ഡി സി യോ എച്ച ഡി സിയോ യോഗ്യതയുള്ളവരാണ്.—
കോഓപ്പറേറ്റീവ് വകുപ്പിലേക്കും സഹകരണബേങ്കുകളിലെ നിയമനങ്ങള്‍ക്കും ഇതില്‍ ഏതെങ്കിലുമൊരു യോഗ്യത മാത്രമേ സമാനതസ്തികയിലേക്ക് നിഷ്‌കര്‍ഷിക്കുന്നുള്ളൂ. എന്നിട്ടും മില്‍മ ഇത്തരത്തില്‍ യോഗ്യത ഏര്‍പ്പെടുത്തിയതാണ് ക്ഷീരസംഘം ജീവനക്കാര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. മലബാര്‍ മേഖല യൂണിയനില്‍ 1040524245 എന്ന ശമ്പളസ്‌കെയിലില്‍ 23 ഒഴിവുകളിലേക്കാണ് ആറ് ജില്ലകളിലായി നിയമനം നടത്തുന്നത്.