ആരോഗ്യ പരിരക്ഷാ പദ്ധതിയുമായി അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്

Posted on: December 21, 2014 10:23 am | Last updated: December 21, 2014 at 10:23 am

അമ്പലവയല്‍: ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കായി ആരോഗ്യ ആയുര്‍വ്വേദ പരിരക്ഷാ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. പ്രായമായവരുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ഉദ്ഘാടനം നാളെ (ഡിസംബര്‍ 22) രാവിലെ 10.30 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പട്ടികവര്‍ഗ്ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി. കെ ജയലക്ഷ്മി നിര്‍വ്വഹിക്കും. ഐ.സി ബാലകൃഷ്ണന്‍ എം. എല്‍.എ അദ്ധ്യക്ഷത വഹിക്കും.
വാര്‍ഡ് തലത്തില്‍ നടക്കുന്ന ഗ്രാമസഭകളിലൂടെയാണ് ആരോഗ്യ പരിരക്ഷാ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ നിന്ന് 60 വയസ്സ് കഴിഞ്ഞ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനറല്‍, എസ്.സി-എസ്.ടി.വിഭാഗങ്ങളിലെ 1400 പേരാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വര്‍ഷത്തില്‍ നാല് തവണ സൗജന്യ മെഡിക്കല്‍ പരിശോധനയും ആയുര്‍വ്വേദ മരുന്നുകളുടെ വിതരണവുമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.യൂ.ജോര്‍ജ്ജ് അിറയിച്ചു. പഞ്ചായത്ത് ജനറല്‍ ഫണ്ടില്‍ നിന്ന് 10 ലക്ഷവും, എസ്. ടി ഫണ്‍ണ്ടില്‍ നിന്ന് 3 ലക്ഷം രൂപയുമാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. ഡിസംബര്‍ 22, 23, 27, 29 തിയ്യതികളില്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ക്യാമ്പുകളില്‍ പങ്കെടുക്കുന്നവര്‍ വയസ്സ് തെളിയിക്കുന്ന രേഖ ഹാജരാക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. വിജയ തുടങ്ങിയവര്‍ പങ്കെടുക്കും.