രാഷ്ട്രീയ നേതാക്കളുടെ മക്കളെയും കൊല്ലുമെന്ന് താലിബാന്‍ ഭീഷണി

Posted on: December 21, 2014 12:22 am | Last updated: December 21, 2014 at 12:22 am

terroristഇസ്‌ലാമാബാദ്: പെഷാവര്‍ സൈനിക സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തിന് പിറകെ കൂടുതല്‍ ആക്രമണ ഭീഷണികളുമായി പാക് താലിബാന്‍ നേതാവ് ഉമര്‍ മന്‍സൂര്‍. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ മക്കളെയും കൊല്ലുമെന്നാണ് താലിബാന്റെ പുതിയ ഭീഷണി. ഇവര്‍ പുറത്തുവിട്ട ഒരു വീഡിയോയിലാണ് ഭീഷണിയുള്ളതെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കി. ഇതിനിടെ പ്രധാനമന്ത്രി നവാസ് ശരീഫിന് താക്കീത് നല്‍കി കൊണ്ട് തഹ്‌രികെ താലിബാന്‍ ഭീഷണി കത്ത് അയച്ചു. തടവില്‍ കഴിഞ്ഞിരുന്ന താലിബാന്‍ ഭീകരര്‍ക്ക് സര്‍ക്കാര്‍ വധശിക്ഷ നടപ്പിലാക്കിയ സാഹചര്യത്തിലാണ് ഭീഷണി കത്ത്.
ശരീഫിന്റെ കുടുംബം ഉള്‍പ്പെടെ, രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും സൈനിക ഉദ്യോഗസ്ഥരുടെയും മക്കളെ കൊലപ്പെടുത്തുമെന്ന് കത്തില്‍ ഭീഷണിപ്പെടുത്തുന്നു. തഹ്‌രികെ താലിബാന്‍ നേതാവ് മുല്ല ഫസലുല്ലയുടെ വിശ്വസ്തനെന്ന് കരുതപ്പെടുന്ന മുഹമ്മദ് ഖരാസാനിയാണ് കത്ത് എഴുതിയിരിക്കുന്നത്. എന്നാല്‍ കത്തിന്റെ വിശ്വാസ്യത പരിശോധിക്കുമെന്ന് പാക് സര്‍ക്കാര്‍ അറിയിച്ചു.
സൈനിക സ്‌കൂളിലെ വിദ്യാര്‍ഥികളെ കൂട്ടക്കൊല ചെയ്ത സംഭവത്തെ കത്തില്‍ ന്യായീകരിക്കുന്നുണ്ട്. തടവില്‍ കഴിയുന്ന ഭീകരരെ വധിച്ചാല്‍ പ്രമുഖരുടെ കുട്ടികളെ കൊന്ന് പ്രതികാരം നിര്‍വഹിക്കുമെന്നും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഏതെങ്കിലും തരത്തില്‍ തങ്ങളുടെ സംഘടനയെ ലക്ഷ്യം വെച്ച് ആക്രമിക്കുകയാണെങ്കില്‍ പ്രതികാരമായി നിങ്ങളുടെ കുട്ടികളെ കൊലപ്പെടുത്തുമെന്നും കത്തില്‍ പറയുന്നു. സൈനിക മേധാവിമാരുടെയും രാഷ്ട്രീയ നേതാക്കുടെയും വീടുകള്‍ ശവപ്പറമ്പാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഡിസംബര്‍ 16ന് പെഷാവറിലെ സൈനിക സ്‌കൂളില്‍ താലിബാന്‍ നടത്തിയ കൂട്ടക്കുരുതിയില്‍ 132 കുട്ടികള്‍ ഉള്‍പ്പെടെ 145 പേര്‍ കൊല്ലപ്പെട്ടിരുന്നു.