മദ്യനയം തിരുത്തിയതില്‍ തനിക്കും അതൃപ്തിയെന്ന് ഉമ്മന്‍ചാണ്ടി

Posted on: December 20, 2014 5:31 pm | Last updated: December 21, 2014 at 12:34 am

oommen chandyകോഴിക്കോട്: മദ്യനയം തിരുത്തിയതില്‍ തനിക്കുപോലും തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
മദ്യനയത്തില്‍ ചെറിയ തിരുത്തല്‍ വരുത്തിയത് ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുന്നതിനാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക താത്പര്യമനുസരിച്ചും എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോകുന്നതിനുമാണിത്- കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച ഡ്രൈഡേ ആക്കിയത് തന്റെ ആശയമായിരുന്നു. എന്നാല്‍ പതിവിലും കവിഞ്ഞ് ശനിയാഴ്ചകളില്‍ വില്‍പ്പന കൂടി.
അതുകൊണ്ടാണ് ഡ്രൈഡേയില്‍ നിന്ന് പിന്മാറേണ്ടിവന്നത്. മുസ്‌ലിം ലീഗ് മന്ത്രിസഭാ യോഗത്തില്‍ തന്നെ എതിര്‍പ്പ് അറിയിച്ചിരുന്നു. മന്ത്രിസഭാ യോഗത്തില്‍ ഇല്ലാത്തതിനാലാണ് വി എം സുധീരന് എതിര്‍പ്പ് പുറത്തുപറയേണ്ടി വന്നത്. സുധീരന്‍ പറയുന്നതും താന്‍ പറയുന്നതും ഒരേകാര്യം തന്നെയാണ്. ഘട്ടംഘട്ടമായി സംസ്ഥാനത്ത് മദ്യനിരോധം ഏര്‍പ്പെടുത്തുമെന്ന നിലപാടില്‍ മാറ്റമില്ല. പ്രായോഗികത കണക്കിലെടുത്താണ് നിലവിലെ മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.