Connect with us

Kerala

കരിപ്പൂരില്‍ ഈ വര്‍ഷം പിടികൂടിയത് 25.65 കോടിയുടെ സ്വര്‍ണം

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂരില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഇന്നലെ വരെയായി പിടികൂടിയത് 25.65 കോടിയുടെ സ്വര്‍ണം. കരിപ്പൂര്‍ കസ്റ്റംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വര്‍ഷം 25 കോടിയിലധികം രൂപക്കുള്ള സ്വര്‍ണം പിടികൂടുന്നത്.
കരിപ്പൂരില്‍ കള്ളക്കടത്ത് പിടികൂടുന്നതിന് നിതാന്ത ജാഗ്രതയേര്‍പ്പെടുത്തിയതാണ് ഇത്രയും രൂപക്കുള്ള 95 കിലോ സ്വര്‍ണം പിടികൂടുന്നതിന് സഹായകമായത്. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ മാത്രമായി 23 കിലോ സ്വര്‍ണമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തത്. വിമാനത്തിലോ വിമാനത്താവളത്തിനകത്തെ ടോയ്‌ലറ്റിലോ ഉപേക്ഷിക്കുന്ന സ്വര്‍ണം എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍, എയര്‍ ഹോസ്റ്റസുമാര്‍ എയര്‍പോര്‍ട്ടിലെ കരാര്‍ ഏജന്‍സിയിലെ ജീവനക്കാര്‍ അല്ലെങ്കില്‍ ക്ലീനിംഗ് തൊഴിലാളികള്‍ തുടങ്ങിയവര്‍ വഴി പുറത്തെത്തിക്കുകയായിരുന്നു കള്ളക്കടത്തുകാര്‍ സ്വീകരിച്ച തന്ത്രം. ഇക്കാര്യത്തില്‍ ഏറെക്കുറെ കള്ളക്കടത്തുകാര്‍ വിജയിച്ചെങ്കിലും പിന്നീട് കസ്റ്റംസ് ഉദ്യോഗസ്ഥരും റവന്യൂ ഇന്റലിജന്‍സ് വിഭാഗവും ഈ തന്ത്രം വേരറുക്കുകയായിരുന്നു. കള്ളക്കടത്ത് നടത്തുകയും കള്ളക്കടത്തിന് ഒത്താശ ചെയ്യുകയും ചെയ്ത കേസില്‍ എയര്‍ ഹോസ്റ്റസ്, എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥന്‍, തൊഴിലാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞ നാല് മാസത്തിനിടയില്‍ മാത്രം എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനടക്കം ആറു പേര്‍ അറസ്റ്റിലായി.
കഴിഞ്ഞ വര്‍ഷം നിയമാനുസൃതമായി കരിപ്പൂര്‍ വഴി ഇറക്കുമതി ചെയ്തത് 4,500 കിലോ സ്വര്‍ണമാണെങ്കില്‍ അനധികൃതമായി കടത്തിയത് 80 കിലോ സ്വര്‍ണമാണ് . തൊട്ടു മുന്‍ വര്‍ഷം പിടികൂടിയത് 73 കിലോ സ്വര്‍ണമായിരുന്നു. ഈ വര്‍ഷം 20 കിലോ സ്വര്‍ണം മാത്രമാണ് നികുതിയടച്ച് കരിപ്പൂര്‍ വഴി ഇറക്കുമതി ചെയ്തത് .ഈ വര്‍ഷം 18 ലക്ഷം യാത്രക്കാരാണ് കസ്റ്റംസ് കൗണ്ടര്‍ ഉപയോഗപ്പെടുത്തിയത്. നാല് പരാതികള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനിടെ നാല് മാസം മുമ്പ് കരിപ്പൂരിലെത്തിയ യാത്രക്കാരന്റെ സ്വര്‍ണ ചെയിന്‍ ഇന്നലെ തിരിച്ചുള്ള യാത്രാ സമയത്ത് തിരിച്ചേല്‍പ്പിക്കാന്‍ കസ്റ്റംസിന് സാധിച്ചു.

Latest