Connect with us

Kerala

തടവുകാരുടെ വിചാരണ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തണമെന്ന് സഭാസമിതി

Published

|

Last Updated

തിരുവനന്തപുരം: തടവുകാരെ വിചാരണക്കായി കോടതിയിലേക്ക് കൊണ്ടുപോകുന്ന ചിലവൊഴിവാക്കാനും കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റേയും ഭാഗമായി ജയിലുകളിലും കോടതികളിലും വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നിയമസഭാ സമിതി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. കേസിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി തടവുകാരെ കോടതികളിലേക്ക് കൊണ്ടുപോകുന്നതിന് ദിവസേന മൂവായിരത്തോളം പോലീസുകാരുടെ സേവനം ആവശ്യമായി വരുന്നുവെന്നും ഇതിന് വലിയ തുക ചെലവാകുന്നുവെന്നും നിയമസഭയില്‍ സമര്‍പ്പിച്ച വി ഡി സതീശന്‍ അധ്യക്ഷനായ എസ്റ്റിമേറ്റ്‌സ് കമ്മിറ്റി കണ്ടെത്തി. നിലവില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനമുള്ള ജയിലുകളില്‍ അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. തടവുകാരെ ആശുപത്രികളിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും കൊണ്ടുപോകാനായി കൂടുതല്‍ വാഹനങ്ങള്‍ അനുവദിക്കണം. ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ജയില്‍ നിയമനങ്ങള്‍ നടത്തണം. ജയില്‍ ജീവനക്കാരുടെ തസ്തികകള്‍ ധാരാളമായി ഒഴിഞ്ഞുകിടക്കുന്നത് ജയിലുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്നു. അതിനാല്‍, ജയില്‍ ജീവനക്കാരെയും മിനിസ്റ്റീരിയില്‍ ജീവനക്കാരെയും പി എസ് സി വഴി നിയമിക്കുന്നതിന് സത്വരനടപടികള്‍ സ്വീകരിക്കണം. പോലീസ് വകുപ്പിന്റെ മാതൃകയില്‍ റേഷ്യോ പ്രൊമോഷന്‍, സമാന തസ്തികകള്‍, ആനൂകൂല്യങ്ങള്‍ എന്നിവ ജയില്‍വകുപ്പിന് നല്‍കണമെന്നും സമിതി ശിപാര്‍ശ ചെയ്തു. മതിയായ വെളിച്ചം ലഭിക്കുന്ന തരത്തിലുള്ള സ്ഥല സൗകര്യങ്ങളോട് കൂടിയ ജയില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കണം. ശുചിയായ അന്തരീക്ഷത്തില്‍ പാചകം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനൊപ്പം അടുക്കളകള്‍ നവീകരിക്കുകയും കോമണ്‍ ഡൈനിംഗ് ഹാളുകള്‍ നിര്‍മിക്കണമെന്നും സമിതി നിര്‍ദേശിച്ചു.
ബയോഗ്യാസ് പ്ലാന്റ്, മാലിന്യസംസ്‌കരണ യൂനിറ്റ് എന്നിവ സ്ഥാപിക്കണം. സോളാര്‍ സംവിധാനം വ്യാപകമാക്കണം. ജയില്‍ ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു നിശ്ചിതശതമാനം ജയിലുകളുടെ സമഗ്രവികസനത്തിനും തടവുകാരുടെ ക്ഷേമത്തിനുമായി വിനിയോഗിക്കണം. ജയില്‍ ചാട്ടവും നിരോധിത വസ്തുക്കള്‍ ജയിലുകളില്‍ വരുന്നത് തടയുന്നതിനും മതിയായ സ്‌കാനറുകളും മെറ്റല്‍ ഡിറ്റക്ടറുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കണം. ജീവനക്കാരുടെ സഹായത്തോടെ ജയില്‍ ചാടുന്നതും മൊബൈല്‍ ഫോണ്‍, മയക്കുമരുന്നുകള്‍ പോലുള്ള വസ്തുക്കള്‍ ജയിലില്‍ എത്തുന്നതും തടയുന്നതിന് ജീവനക്കാരെ ഇടക്കിടെ മാറ്റി നിയമിക്കണം. സുപ്രധാന തസ്തികകളില്‍ താല്‍ക്കാലിക ജീവനക്കാരെ നിയോഗിക്കരുത്. തടവുകാര്‍ക്ക് അനധികൃതമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തു. സുരക്ഷ ശക്തമാക്കാന്‍ മതിലിനോട് ചേര്‍ന്നുള്ള കെട്ടിടങ്ങള്‍, മരങ്ങള്‍ എന്നിവ നീക്കം ചെയ്യണം. ജയില്‍ ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിന് റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിംഗ് വിഭാഗം ആരംഭിക്കണം. ജയില്‍ ഉപദേശകസമിതികള്‍ കൃത്യമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തേണ്ടതുണ്ട്. ശിക്ഷാകാലാവധി കഴിഞ്ഞ അശരണരായ ആളുകളെ പുനരധിവസിപ്പിക്കുന്നതിന് സാമൂഹിക നീതി വകുപ്പുമായി കൂടിയാലോചിച്ച് നടപടിയെടുക്കണം. വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ക്കായി കണ്ണൂര്‍ ആസ്ഥാനമായി ഒരു സോണല്‍ ഓഫീസ് ആരംഭിക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.

Latest