കൊച്ചി വിമാനത്താവളത്തില്‍ മുപ്പത് കോടിയുടെ മയക്കുമരുന്ന് വേട്ട

Posted on: December 20, 2014 11:20 pm | Last updated: December 21, 2014 at 8:18 am

KOCHI_AIRPORTകൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ദോഹ വഴി ഹരാരെയിലേക്ക് പോകാന്‍ എത്തിയ വിദേശ യാത്രക്കാരിയില്‍ നിന്നാണ് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം മുപ്പത് കോടി രൂപ വില വരുന്ന ഇരുപത് കിലോഗ്രാം മയക്കുമരുന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. മയക്കുമരുന്ന് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച സിംബാബ്‌വെ സ്വദേശിനി സീലിയ ഡൊമിന്‍ഗോ (34)യെ കസ്റ്റംസ് എയര്‍ ഇന്റലിജിന്‍സ് വിഭാഗം കസ്റ്റഡിയില്‍ എടുത്തു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

മയക്കുമരുന്നായ മെറ്റാല്‍ ഫെറ്റമിന്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന എഫേഡ്രീന്‍ ആണ് ബാഗേജില്‍ നിന്ന് കണ്ടെടുത്തത്. ഇന്നലെ പുലര്‍ച്ചെ നാലിന് കൊച്ചിയില്‍ നിന്ന് ദോഹയിലേക്ക് പോകുന്ന യാത്രക്കാരന്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്താന്‍ കഴിഞ്ഞത്. കുട്ടികളുടെ ചെരിപ്പുകളും ഷൂകളും തുണികളും അടങ്ങിയ സ്യൂട്‌കെയ്‌സിന്റെ ഉള്ളില്‍ പ്രത്യേക അറയുണ്ടാക്കി അതില്‍ സ്‌കാനിംഗില്‍ കണ്ടെത്താത്ത വിധത്തില്‍ മയക്കുമരുന്ന് സൂക്ഷിച്ച് വെച്ചാണ് കടത്താന്‍ ശ്രമിച്ചത്. ഒറ്റയടിക്ക് പഞ്ചസാര തരികളെന്ന് തോന്നുന്ന വിധത്തില്‍ രണ്ട് സ്യൂട്‌കെയ്‌സിലായിട്ടാണ് മയക്കുമരുന്ന് ഒളിപ്പിച്ചത്.
പത്ത് ദിവസം മുമ്പാണ് ഇവര്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി എത്തിയ ഇവര്‍, വടക്കേ ഇന്ത്യയിലെ കുറെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ച് പോകുന്നതിനിടെയാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യമായി എത്തിയ ഇവര്‍ രാജ്യത്തെ മറ്റ് പല വിമാനത്താവളങ്ങള്‍ വഴി പല പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട്. വടക്കേ ഇന്ത്യന്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഇന്ത്യയില്‍ നിന്ന് ദോഹ വഴി സിംബാംബ്‌വെയിലേക്ക് കടക്കാന്‍ ശ്രമിച്ച ഇവര്‍ ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്നാണ് കസ്റ്റംസ് കരുതുന്നത്. ഇന്ത്യയില്‍ മയക്കുമരുന്ന് ഇവര്‍ക്ക് നല്‍കുന്ന സംഘങ്ങളെകുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവരുടെ മൊഴി അനുസരിച്ച് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ ഒരു കിലോ എഫേഡ്രീനിന് മൂന്ന് ലക്ഷം രൂപ മാത്രമാണ് ഏകദേശം വില വരുന്നത്. വിദേശ രാജ്യങ്ങളില്‍ ഇതിന് ഏകദേശം ഒരു കിലോക്ക് ഒന്നര കോടി രൂപ വില ലഭിക്കും. വടക്കേ ഇന്ത്യക്കാരനായ ഒരാള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്യൂട്‌കെയ്‌സുകളിലാക്കി മയക്കുമരുന്ന് എത്തിക്കുകയായിരുന്നുവെന്നും വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മയക്കുമരുന്നാണെന്നാണ് മനസ്സിലായതെന്നുമാണ് സീലിയ ഡൊമിന്‍ഗോ മൊഴി നല്‍കിയിട്ടുള്ളതെന്ന് കസ്റ്റംസ് കമ്മീഷണര്‍ രാഘവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ചയും വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടിയിരുന്നു.