വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കണം

    Posted on: December 20, 2014 7:21 pm | Last updated: December 20, 2014 at 10:22 pm

    sys logoകോഴിക്കോട്: സര്‍ക്കാര്‍ നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് ന്യൂന പക്ഷ വിഭാഗങ്ങള്‍ നടത്തുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെയും പരിഗണിക്കണമെന്ന് മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സംവാദം ആവശ്യപ്പെട്ടു. നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഒരു ആനുകൂല്യവും ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നില്ലന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

    ന്യൂന പക്ഷ വിഭാഗങ്ങളിലെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന മൗലാനാ അബ്ദുല്‍ കലാം ആസാദ് ഫെലോഷിപ്പ് തുകയും ഫെലോഷിപ്പിന്റെ തുകയും വര്‍ദ്ധിപ്പിക്കണമെന്നും, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഈ ഫെലോഷിപ്പ് ലഭ്യമാക്കണമെന്നും മറ്റൊരു പ്രമേയത്തില്‍ അഭ്യര്‍ത്ഥിച്ചു.
    ടാക്‌സി ഓടിക്കാനുള്ള ബാഡ്ജ് ലഭിക്കാന്‍ സ്‌കൂള്‍ എട്ടാം ക്ലാസ് പാസ്സാകണമെന്ന നിബന്ധനയില്‍ നിന്ന് നിതാഖാത്ത് മൂലം തൊഴില്‍ നഷ്ട്ടപ്പെട്ട് തിരിച്ചെത്തിയവരെയും, ഗള്‍ഫില്‍ നിലവില്‍ ഡ്രൈവറായി ജോലിചെയ്യുന്നവരെയും ഒഴിവാക്കണമെന്ന് സമ്മേളനം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.