സമ്മേളനത്തിന് എത്തുന്നവര്‍ ഗതാഗത കുരുക്ക് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം: കാന്തപുരം

Posted on: December 20, 2014 9:55 pm | Last updated: December 20, 2014 at 10:07 pm
SHARE

kanthapuramകോഴിക്കോട്: മര്‍കസ് മുപ്പത്തിയേഴാം സമാപന സമ്മേളനത്തിനെത്തുന്നവര്‍ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാര്‍. മാലിന്യം വഴിയില്‍ തള്ളരുതെന്നും അദ്ദേഹം അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

‘പ്രിയപ്പെട്ട പ്രവര്‍ത്തകരെ,
മര്‍കസ് മുപ്പത്തിയേഴാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അവസാനവട്ട ഒരുക്കത്തിലായിരിക്കും നിങ്ങളെല്ലാം. നാളെ വൈകുന്നേരം നാലു മണിക്കാണ് സമാപന സമ്മേളനം ആരംഭിക്കുന്നത്. നേരത്തെ സമ്മേളന നഗരിയില്‍ എത്തി ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതില്‍ പോലീസ് അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. സമ്മേളന നഗരിയില്‍ ഉച്ച ഭാഷിണി ഉപയോഗിക്കരുത്. അനാവശ്യമായ ശബ്ദ കോലാഹലങ്ങള്‍ ഒഴിവാക്കണം. ഓരോ വാഹനത്തിലും നിയമപരമായി കയറ്റാവുന്ന പരമാവധി ആളുകളെ കയറ്റി വാഹനങ്ങളുടെ എണ്ണം പരമാവധി കുറക്കാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ഭക്ഷണാവശിഷ്ടങ്ങളോ മറ്റോ റോഡിലോ സമീപ പ്രദേശങ്ങളിലോ വലിച്ചെറിയരുത്. അവയെല്ലാം സീറോ വെയ്സ്റ്റ് മാനേജ്‌മെന്റ് വളണ്ടിയര്‍മാര്‍ നഗരിയില്‍ ഒരുക്കിയ പ്രത്യേക സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുക. ഓരോ പ്രവര്‍ത്തകനും തന്നെ കൊണ്ട് മറ്റൊരാള്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ.’