Connect with us

Editorial

കര്‍ണാടകയില്‍ അങ്ങനെ, കേരളത്തില്‍ ഇങ്ങനെ

Published

|

Last Updated

ഡീസല്‍ വിലയിടിവിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാറിന്റെ ആര്‍ ടി സി, ബി എം ടി സി ബസ് ചാര്‍ജ് നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിരക്ക് എത്രമാത്രം കുറയ്ക്കാനാകുമെന്ന കാര്യം ഗതാഗത വകുപ്പ് വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും താമസിയാതെ ഇളവ് പ്രഖ്യാപിക്കുമെന്നും ഗതാഗതമന്ത്രി രാമലിംഗറെഡ്ഢി അറിയിക്കുകയുണ്ടായി. ഡീസല്‍ വില കുറഞ്ഞതോടെ കോര്‍പറേഷന്റെ പ്രതിദിന ചെലവില്‍ ഒരു കോടിയോളം കുറവ് വന്നിട്ടുണ്ട്. ഇതടിസ്ഥാനത്തില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ കേരളത്തിലെ സ്ഥിതിയോ? ഡീസല്‍ വില കുറവ് പരിഗണിച്ച് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ടിക്കറ്റ് ചാര്‍ജ് കുറയ്ക്കണമെന്ന മുറവിളി ഉയര്‍ന്നപ്പോള്‍ നിഷേധാത്മക നിലപാടാണ് വകുപ്പ് മന്ത്രിയില്‍ നിന്നുണ്ടായത്. മാത്രമല്ല, ഇന്‍ഷ്വറന്‍സ് സെസിന്റെ രൂപത്തില്‍ പിന്നെയും ചാര്‍ജ് വര്‍ധന പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. 15 രൂപക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്കാണ് സെസ് ചുമത്തുന്നത്. 15 മുതല്‍ 24 രൂപ വരെയുള്ള ടിക്കറ്റിന് ഒരു രൂപ കൂടി അധികം നല്‍കേണ്ടി വരും. 25 മുതല്‍ 49 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്കു രണ്ട് രൂപയും 50 മുതല്‍ 74 വരെയുള്ളവക്ക് മൂന്ന് രൂപയും കൂടുതല്‍ നല്‍കണം. 75 മുതല്‍ 99 വരെയുള്ള ടിക്കറ്റുകള്‍ക്കു നാല് രൂപ സെസ് നല്‍കേണ്ടി വരുമ്പോള്‍ 100നു മുകളിലുള്ള വക്ക് 10 രൂപയാണ് വര്‍ധന. വര്‍ഷത്തില്‍ 160 കോടി രൂപയുടെ അധികവരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും മെച്ചപ്പെട്ട സൗകര്യങ്ങളും മുന്‍ ജീവനക്കാര്‍ക്ക് സാമൂഹിക സുരക്ഷാ നടപടികളും നല്‍കാനാണ് സെസ് ചുമത്തുന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍, കെ എസ് ആര്‍ ടി സിയുടെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാറിന്റെ തലയില്‍ വീഴാനുള്ള സാധ്യത മുന്‍കണ്ട് അതില്‍ നിന്ന് രക്ഷനേടാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നതാണ് വസ്തുത. കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ നീങ്ങുന്ന സര്‍ക്കാറിനും ഇതില്‍ ചെറിയൊരു മുതലെടുപ്പുണ്ട്. സെസ് വഴി പിരിച്ചെടുക്കുന്ന തുക ആദ്യം ട്രഷറിയില്‍ അടിക്കണമെന്നാണ് വ്യവസ്ഥ. മൂന്നുമാസം അത് ട്രഷറിയില്‍ത്തന്നെ കിടക്കും. അതിനുശേഷമേ കോര്‍പറേഷന് കൈമാറുകയുള്ളൂ. ജീവനക്കാരുടെ ശമ്പളത്തിന് നിരന്തരം കടമെടുക്കുന്ന സര്‍ക്കാരിന് ട്രഷറിയിലെത്തുന്ന സെസ് തുക താത്കാലികമെങ്കിലും നേരിയൊരു ആശ്വാസമാകും.
മോട്ടോര്‍വാഹന നിയമപ്രകാരം യാത്രക്കാരുടെ ഇന്‍ഷ്വറന്‍സ് തുക ഉള്‍പ്പടെ കണക്കാക്കിയാണ് ടിക്കറ്റ് ചാര്‍ജ് നിശ്ചയിക്കുന്നത്. വാഹനയുടമ എന്ന നിലയില്‍ സെസ് പിരിക്കാതെ തന്നെ ഇത് നല്‍കാന്‍ കോര്‍പറേഷന്‍ ബാധ്യസ്ഥമാണ്. ഇതടിസ്ഥാനത്തില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിന് സെസ് പിരിക്കുന്ന നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നതിലാണ് കോര്‍പറേഷന് സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടി വന്നതും ഓര്‍ഡിനന്‍സ് ഇറക്കേണ്ടി വന്നതും. നിയമപരമായ ഉടക്കിന്റെ പഴുത് കോര്‍പറേഷന്‍ അടച്ചെങ്കിലും ധാര്‍മികമായി ഇതു നീതീകരിക്കാനാകാത്തതാണ്. മറ്റെങ്ങുമില്ലാതെ നിരക്കാണ് കേരളത്തില്‍ കെ എസ് ആര്‍ ടി സി ഈടാക്കുന്നത്. ഇതിനൊപ്പം സെസ് കൂടി ചുമത്തുന്നത് യാത്രക്കാരെ കൊള്ളയടിക്കലാണ്.
ഊര്‍ധശ്വാസം വലിക്കുന്ന കെ എസ് ആര്‍ ടി സി ഇത്തരം ചൊട്ടുവിദ്യകള്‍ കൊണ്ട് രക്ഷപ്പെടുമോ? 2758 കോടി രൂപയുടെ കട ബാധ്യത യുള്ള കോര്‍പറേഷനെ സെസ് പിരിവിലൂടെയോ സര്‍ക്കാര്‍ ഇടക്കിടെ നല്‍കുന്ന ആശ്വാസ ധനത്തിലൂടെയോ രക്ഷിക്കാനാകില്ല. നടപ്പു സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന മൂലധനമായി 150 കോടി സര്‍ക്കാര്‍ കോര്‍പറേഷന് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാര്‍ നല്‍കിയ സഹായം 1263 കോടി വരും. കാര്യങ്ങള്‍ സ്വന്തം നിലയില്‍ നടത്തിക്കൊണ്ടു പോകാന്‍ ബാധ്യതപ്പെട്ട സ്ഥാപനമാണ് കെ എസ് ആര്‍ ടി സി. കാര്യപ്രാപ്തിയുള്ള മാനേജ്‌മെന്റിനും അര്‍പ്പണ ബോധമുള്ള തൊഴിലാളികള്‍ക്കും മാത്രമേ സ്ഥാപനത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാനാകുകയുള്ളൂ. ഭരണത്തില്‍ മാറി മാറി വരുന്ന രാഷ്ട്രീയക്കാര്‍ക്കും യൂനിയന്‍ നേതാക്കള്‍ക്കും വേണ്ടി ഭരണം നടത്തുന്ന രീതിയാണ് കോര്‍പേറഷനില്‍ നിലവിലുള്ളത്. സ്വന്തം കഴിവും പ്രാപ്തിയും ഉപയോഗിച്ച് സ്ഥാപനത്തെ ലാഭത്തിലാക്കാന്‍ ശ്രമിക്കുന്നതിനു പകരം ട്രേഡ് യൂനിയന്‍ വളര്‍ത്തുന്നതിലും ആശ്രിതര്‍ക്ക് ജോലി സമ്പാദിച്ചു കൊടുക്കുന്നതിലുമാണ് സ്ഥാപനത്തെ ഭരിക്കുന്നവര്‍ക്ക് ശ്രദ്ധ. ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം ജോലി ചെയ്യാതെ ശമ്പളം പറ്റുകയും ചെയ്യുന്നു. സ്ഥാപനം പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ യാത്രക്കാരേക്കാള്‍, അതിനെ ആശ്രയിച്ചു ജീവിക്കുന്ന തങ്ങളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന ബോധ്യത്തോടെ കാര്യക്ഷമമായ നടത്തിപ്പിന് തൊഴിലാളികളും ഉദ്യോഗസ്ഥരും ജാഗ്രതയും താത്പര്യവും കാണിക്കണം. എങ്കില്‍ സര്‍ക്കാറിന്റെ സഹായങ്ങള്‍ക്ക് കൈനീട്ടാതെയും യാത്രക്കാരെ പിഴിയാതെയും സ്ഥാപനത്തെ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാനാകും.

---- facebook comment plugin here -----

Latest